‘മാറ്റാം നമുക്ക് ശീലങ്ങളെ ‘: പരിഷത്ത് ഹരിത ഭവന പദ്ധതിക്ക് കുന്നമംഗലം മേഖലയിൽ തുടക്കമായി

‘മാറ്റാം നമുക്ക് ശീലങ്ങളെ ‘: പരിഷത്ത് ഹരിത ഭവന പദ്ധതിക്ക് കുന്നമംഗലം മേഖലയിൽ തുടക്കമായി
വെള്ളിപറമ്പ്
സുസ്ഥിര ശുചിത്വ പരിപാലന ത്തിന്റെ ഭാഗമായി പരിഷത്ത് അംഗങ്ങളുടെ 100 വീടുകൾ ഹരിതഭവനങ്ങളാക്കുന്ന പദ്ധതിക്ക് കുന്നമംഗലം മേഖലയിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മേഖല ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തുന്നത്. ഹരിത ഭവന പദ്ധതി ‘ മാറ്റാം ശീലങ്ങളെ ‘ യുടെ ഉദ്ഘാടനം വെള്ളിപറമ്പ് ജി എൽ പി സ്കൂളിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഫസീല നിർവ്വഹിച്ചു. മേഖലാ പ്രസിഡൻ്റ് ടി വി അബുജാക്ഷി അധ്യക്ഷയായി. ജില്ലാ പ്രസിഡൻ്റ് വി കെ ചന്ദ്രൻ ലോഗോ പ്രകാശനം ചെയ്തു . ലോഗോ ജില്ലാ പരിസര വിഷയ സമിതി ചെയർമാൻ ഇ അബ്ദുൾ ഹമീദ് ഏറ്റുവാങ്ങി. ജില്ലാ അംഗങ്ങൾക്കുള്ള കളർകോഡ് ബിന്നുകളുടെ വിതരണം ജില്ലാ പരിസര വിഷയ സമിതി കൺവീനർ ടി സുരേഷ് നിർവ്വഹിച്ചു . കെ ടി വിനു ഏറ്റുവാങ്ങി. ‘ഹരിത ഭവനം : നാം എന്തു ചെയ്യണം’ എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ക്ലാസെടുത്തു. വെള്ളിപറമ്പ് ജിഎൽപി സ്കൂളിന് പരിഷത്ത് സ്പോൺസർ ചെയ്ത ബിന്നുകൾ ജില്ലാ കമ്മിറ്റി അംഗം എ പി പ്രേമാനന്ദ് പ്രധാന അധ്യാപിക ഇൻ ചാർജ് ബിന്ദുവിന് കൈമാറി . പഞ്ചായത്തംഗങ്ങളായ ബിജു ശിവദാസ്, കെ ടി മിനി, എൻ പുഷ്പലത എന്നിവർ സംസാരിച്ചു. പദ്ധതിയിൽ അംഗങ്ങളായവരുടെ വീടുകൾ ഉൾപ്പെടുത്തി വാട്‌സ് അപ് ഗ്രൂപ്പ് രൂപീകരിച്ചാണ് പ്രവർത്തനം മോണിറ്റർ ചെയ്യുക. വീടും പറമ്പും പ്ലാസ്റ്റിക് വിമുക്തമാ യാൽ രണ്ടാം ഘട്ടമായി വീടുക ളിൽ ജലസംരക്ഷണ പ്രവർത്ത നങ്ങൾ ഒരുക്കും. മുന്നാംഘട്ടം
ഊർജ സംരക്ഷണവും നാലാം ഘട്ടം പുരയിട കൃഷിയുമാണ്. അഞ്ചാംഘട്ടത്തോടെ ഹരിതഭവനങ്ങളെല്ലാം കാർബൺ ന്യൂട്രൽ ഭവനങ്ങളാക്കുകയാണ് ലക്ഷ്യം.
പരിഷത്ത് പ്രവർത്തകനും നിറവ് വേങ്ങേരി ഡയറക്ടറുമായ ബാബു പറമ്പത്ത് ആണ് പദ്ധതിയുടെ മാർഗനിർദേശകൻ. കിണർ റീചാർജിംങ്ങ്, സോളാർ എനർജിയുടെ ഉപയോഗം, ഹരിതഗ്രഹ വാതകങ്ങളുടെ ഉൽസർജനം കുറക്കൽ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടക്കും . പദ്ധതി കോ ഓർഡിനേറ്റർ ശ്രീനിവാസൻ ചെറുകുളത്തൂർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സി സദാശിവൻ നന്ദിയും പറഞ്ഞു.
