കോവിഡ് അടിയന്തിര ജാഗ്രത വേണം

0

കോവിഡ് 19 – രാഷ്ട്രീയപാര്‍ടികളും മാധ്യമങ്ങളും കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുക- ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുകയും സർക്കാർ ഇടപെടൽ ശക്തമാക്കുകയും ചെയ്യുക.
നമ്മുടെ സംസ്ഥാനത്ത് പ്രതിദിനം ഏഴായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ അത് 10000‍ല്‍ അധികം കേസുകളായി വർധിക്കാനുള്ള സാധ്യതയുണ്ട്. നമ്മുടെ കണ്ണൂർ ജില്ലയില്‍ ഇപ്പോള്‍ പ്രതിദിനം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ രീതിയിൽ കേസുകൾ കൂടിയാൽ ഒക്ടോബർ മാസം ആദ്യവാരത്തില്‍തന്നെ ജില്ലയിൽ പ്രതിദിനം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 20 മുതൽ 30 ശതമാനം വരെ പേർക്ക് ആശുപത്രി സേവനം ആവശ്യമായി വരുന്നുണ്ട്. ജില്ലയിലെ ആക്ടീവ് കേസുകളുടെ എണ്ണം സപ്തംബര്‍ ആദ്യവാരം 1000ല്‍ താഴെ ഉണ്ടായിരുന്നത് ഇപ്പോള്‍ സപ്തംബര്‍ 28 ആകുമ്പോഴേക്ക് 3800 ന് മുകളിലെത്തിയിരിക്കുകയാണ്. ജില്ലയിലെ കോവിഡ് ചികില്‍സ നല്‍കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെകൂടി 800 ഓളം ബെഡുകളും 100 ല്‍‍ താഴെ ഐസിയു ബെഡുകളും 30 ഓളം വെന്‍റിലേറ്ററുകളും മാത്രമാണ് ഉളളത്. ഇപ്പോള്‍ തന്നെ ഈ സംവിധാനങ്ങളില്‍ 80 ശതമാനത്തിലധികവും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്.
നമ്മുടെ സംസ്ഥാനത്തെ വൃദ്ധജനങ്ങളുടെയും ജീവിതശൈലീരോഗ ങ്ങളുളളവരുടെയും എണ്ണം മറ്റിടങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 20-30% ശതമാനം രോഗികള്‍ക്കും ആശുപത്രി സേവനവും അതില്‍തന്നെ നല്ലൊരു വിഭാഗത്തിന് ജീവന്‍നിലനിര്‍ത്താനുളള വെന്‍റിലേര്‍, ഓക്സിജന്‍ സംവിധാനങ്ങളും വേണ്ടിവരും. അത്കൊണ്ട്തന്നെ നിലവില്‍ ജില്ലയിലുളള സര്‍ക്കാര്‍-സ്വകാര്യആശുപത്രികളിലെ സൗകര്യങ്ങള്‍ അപര്യാപ്തമായി വരും. കിടക്കകള്‍, ഐസിയു, വെന്‍റിലേറ്റര്‍, ഓക്സിജന്‍ സംവിധാനങ്ങള്‍ ആവശ്യമുളള എല്ലാവർക്കും നല്‍കാന്‍ സാധിക്കാത്ത അവസ്ഥവരും. സ്വകാര്യആശുപത്രികളില്‍ ഇത് കൂടുതല്‍ ചൂഷണങ്ങള്‍ക്കും പണമില്ലാത്തവര്‍ക്ക് ചികില്‍സ നിഷേധിക്കപ്പെടാനും വഴിവെക്കും. ഇത്തരമൊരു സാഹചര്യത്തില്‍ മരണസംഖ്യയും മരണനിരക്കും വര്‍ദ്ധിക്കാനുളള സാധ്യത കൂടുതലാണ്. 
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഉണര്‍‌ന്ന് പ്രവര്‍ത്തിക്കുക.കാറ്റഗറി ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന രോഗികള്‍ക്കാവശ്യമായ കൂടുതല്‍ ചികില്‍സാസംവിധാനങ്ങള്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളൊരുക്കിയും വേണ്ടത്ര ജീവനക്കാരെ നിയമിച്ചും അടിയന്തിരമായി വിപുലപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന എഫ് എല്‍ ടി സി കളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്യുക. സ്വകാര്യആശുപത്രികളുടെ സംവീധാനങ്ങള്‍ക്കൂടി ഉപയോഗപ്പെടുത്തുകയും അവിടങ്ങളിലെ അഡ്മിഷന്‍, ചികില്‍സ, ഫീസ് എന്നിവയില്‍ കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ടാവുകയും വേണം.
കോവിഡ് ബാധിതരായ കാറ്റഗറി എ യില്‍പ്പെട്ട ലക്ഷണമില്ലാത്ത ആളുകള്‍ നിലവില്‍ ഹോംഐസൊലേഷനില്‍ കഴിയുന്നുണ്ട്. അവര്‍ക്കാവശ്യമായ സൌകര്യങ്ങളൊരുക്കുന്നതിനും സാമൂഹ്യപിന്തുണ ഉറപ്പാക്കുന്നതിനും പ്രാദേശികഭരണസംവിധാനങ്ങളും ജാഗ്രതാസമിതികളും കൂടുതല്‍ കാര്യക്ഷമമായി ഇടപെടുക.
ഇനിയുളള ദിനങ്ങളില്‍ ജനങ്ങളുടെ നിതാന്തജാഗ്രത അത്യാവശ്യം.നിലവിലെ രോഗപ്പകർച്ച നിരക്ക് കുറച്ചു കൊണ്ടുവരിക എന്നുളളത് വളരെ പ്രാധാന്യം കൊടുക്കേണ്ട കാര്യമാണ്. മാസ്ക് ഉപയോഗം, ശാരീരികഅകലം പാലിക്കല്‍, കൈകഴുകൽ, സാനിട്ടൈസര്‍ഉപയോഗം, അനാവശ്യയാത്രകള്‍ ഒഴിവാക്കല്‍ തുടങ്ങിയ പ്രതിരോധകാര്യങ്ങള്‍ വളരെപ്രാധാന്യത്തോടെ ജനങ്ങള്‍ കാണേണ്ടതുണ്ട്. വിവാഹം, മരണാനന്തരചടങ്ങ് തുടങ്ങിയ ചടങ്ങുകളിള്‍ പങ്കാളിത്തം വര്‍ദ്ധിച്ച് വരുന്നത് ആശങ്കപ്പെടുത്തുന്നു. ജലദോഷം, പനി, ചുമ, മണം അറിയാത്ത അവസ്ഥ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡിന്റേതുമാകാം. അത്തരം ലക്ഷണങ്ങളുളളവര്‍ പുറത്തിറങ്ങാതിരിക്കുകയും വീട്ടുകാരുമായി അകലം പാലിക്കുകയും, വീട്ടിനുളളില്‍ മാസ്ക് ഉപയോഗിക്കുകയും വേണം.
ജോലിക്കും മറ്റും പുറത്ത് പോകേണ്ടിവരുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വീട്ടുകാരുമായി (പ്രത്യേകിച്ച് വീട്ടിലെ മുതിര്‍ന്നവരും മറ്റ് രോഗങ്ങളുളളവരുമായും) അകലം പാലിക്കാന്‍ ശ്രദ്ധിക്കുകയും വേണം. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുക
ജനാധിപത്യത്തില്‍ രാഷ്ട്രീയപ്രവർത്തനം അനിവാര്യമായ കാര്യമാണ്. എങ്കിൽ കൂടി നിലവിലെ സാഹചര്യം പരിഗണിക്കാതെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുളള കൂട്ടംകൂടിയുളള സമരങ്ങളും മറ്റും ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്.  കോവിഡ്കാലം കഴിയും വരെ ഇത്തരം സമരരീതികള്‍ ഒഴിവാക്കി, ഇന്ന് സജീവമായ സാമൂഹ്യമാധ്യമങ്ങളിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ പാർട്ടികൾ തയ്യാറാവണം 
മാധ്യമങ്ങള്‍ ജനകീയപ്രശ്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. നമ്മുടെ മാധ്യമങ്ങൾ കോവിഡിന്റെ ആദ്യഘട്ടങ്ങളില്‍ രോഗപ്രതിരോധത്തിലും ബോധവല്‍ക്കരണത്തിലും നല്ല പങ്ക് വഹിച്ചവയാണ്. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കോവിഡുമായും ലോക്ഡൗണുമായി ബന്ധപ്പെട്ട ജനകീയപ്രശ്നങ്ങളുടെ വാർത്തകൾ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുകയാണ്.  ഇനി വരുന്ന ദിവസങ്ങളിൽ നമ്മുടെ നാട് നേരിടേണ്ടിവരുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളെ അവഗണിച്ച് സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നില്‍ പോകുന്നത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്.

Leave a Reply

Your email address will not be published. Required fields are marked *