ജനോത്സവ സന്ദേശങ്ങള്‍

0

പ്രൊഫ. സി. രവീന്ദ്രനാഥ്

(കേരളവിദ്യാഭ്യാസ മന്ത്രി)

”തിന്മകള്‍ നഖം മൂര്‍ച്ചകൂട്ടുമിക്കാലത്ത്, നിങ്ങളുടെ മൗനം മഹാപാതകം” എന്ന് സമൂഹത്തെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത്, ചോദ്യംചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ എന്ന ആഹ്വാനവുമായി ബൃഹത്തായ ഒരു ബഹുജനക്യാമ്പയിന്‍ ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ട്. കേരളം ശാസ്ത്രത്തോടൊപ്പം എന്ന് പ്രഖ്യാപിച്ച് നടത്തിയ ശാസ്‌ത്രോത്സവത്തിന്റെ അര്‍ത്ഥപൂര്‍ണമായ തുടര്‍ച്ചയായാണ് ഞാനിതിനെ കാണുന്നത്. സമൂഹത്തിന്റെ സമസ്തമേഖലകളിലും അശാസ്ത്രീയ പ്രവണതകളുടെ ഇരുട്ടു പരക്കുമ്പോള്‍ അവിടെയെല്ലാം ശാസ്ത്രീയതയുടെ ഇത്തിരിവെട്ടം പ്രസരിപ്പിക്കാന്‍ ശ്രമിച്ച, ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് പരിഷത്ത്. ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യത്തിലൂടെ അധികാരത്തിലേറുകയും അതിവേഗം ഏകാധിപത്യത്തിലേക്ക് ചുവടുമാറ്റം നടത്തുകയും ചെയ്ത ലോകചരിത്ര സന്ദര്‍ഭങ്ങള്‍ നമ്മുടെ ഓര്‍മയിലെത്തുകയാണ്. ശാസ്ത്രമെന്ന വ്യാജേന കപടശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക്, ദേശസ്‌നേഹത്തിന്റെ പേരില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിക്കല്ലുകളായ ബഹുസ്വരതയെയും മതനിരപേക്ഷതയെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂടിയിരിക്കുകയാണ്. അധികാരികളുടെ കല്പനകളെ ചോദ്യംചെയ്യാതെ അനുസരിച്ചാല്‍ മതി എന്ന ഭീതിദവും അപകടകരവുമായ അവസ്ഥയിലേക്ക് സമൂഹം പതുക്കെ പ്പതുക്കെ എത്തിപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ചോദ്യംചെയ്യാന്‍ ഭയക്കാതിരിക്കുക എന്ന സന്ദേശത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഏറെ വലുതാണ്. പരിഷത്തിന്റെ ഈ ആഹ്വാനം കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഏറ്റെടുക്കട്ടെ എന്നും ജനോത്സവങ്ങള്‍ മര്‍ത്യമഹത്വം ഉദ്‌ഘോഷണം ചെയ്യുന്ന മാനവമഹോത്സവങ്ങളായി മാറട്ടെ എന്നും ആശംസിക്കുന്നു.

 

കെ.സച്ചിദാനന്ദന്‍

ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ജനോത്സവപരമ്പരയ്ക്ക് സ്നേഹപൂര്‍ണമായ ആശംസകള്‍. സമൂഹത്തെ മുഴുവന്‍ കണ്ണു കെട്ടി മരണത്തിലേക്കു നടത്തുന്ന ശക്തികള്‍ ഇന്ത്യയില്‍ ആധിപത്യം നേടുകയാണ്‌. കേരളത്തിലും നവോത്ഥാനത്തിന്റെ വിമോചക ചരിത്രത്തെ വെല്ലുവിളിച്ചു കൊണ്ട് വര്‍ഗ്ഗീയത ഭീഷണമായി വളരാന്‍ ആരംഭിച്ചിരിക്കുന്നു. സംവാദങ്ങള്‍ ഭീഷണികള്‍ക്ക് വഴി മാറുന്നു. മിത്തുകള്‍ ശാസ്ത്രസത്യമായി പ്രചരിപ്പിക്കപ്പെടുന്നു..വിജ്ഞാനത്തിന്റെയും അന്വേഷണത്തിന്റെയും നിര്‍ഭയമായ ചോദ്യം ചെയ്യലിന്റെയും സംസ്കാരത്തെ ഇരുട്ടിന്റെയും അവിവേകത്തിന്റെയും പ്രതിലോമകാരിതയുടെയും പ്രതിനിധികള്‍ വെല്ലുവിളിക്കുന്നു. പ്രതിഷേധിക്കുകയും തങ്ങളെ സ്വതന്ത്രരാക്കുന്ന അറിവു തേടുകയും ചെയ്യുന്ന ജനങ്ങളുടെ സംസ്കാരം മാത്രമാണ് അതിനുള്ള മറുപടി. ഈ ജനോത്സവപരമ്പര നമ്മുടെ
” വലിയ മനിച്ചരെ പറഞ്ഞു വിടപ്പാ…
ചെറിയ മനിച്ചരെ പറഞ്ഞിരുത്തപ്പാ ‘ എന്നും
‘അരമുറി കരിക്കും തന്നു കൊല്ലാക്കൊല കൊല്ലളിയാ ” എന്നും മറ്റുമുള്ള നാടോടിപ്പാട്ടുകള്‍ മുതല്‍ തന്നെ ആരംഭിക്കുന്നതും നമ്മുടെ കവിതയിലും കലാരൂപങ്ങളിലും അനുസ്യൂത ചൈതന്യമായി നിലനില്‍ക്കുന്നതുമായ ആ പ്രതിസംസ്കാരത്തിന്റെ അഗ്നിയെ ആളിക്കത്തിച്ചു സര്‍ഗോര്‍ജ്ജമായി മാറ്റട്ടെ!

 

 

 

എം.പി.പരമേശ്വരന്‍

വിപ്ലവം
ജനങ്ങളുടെ
ഉത്സവമാണ്

വിപ്ലവം ജനങ്ങളുടെ ഉത്സവമാണ്. ഇങ്ങനെ പറഞ്ഞത് മാവോ സെതുങ്ങ് ആണ്. പൂരങ്ങള്‍ക്ക് കൊടിയേറ്റവും കൊടിയിറക്കവുമുണ്ട്. എന്നാല്‍ നമ്മുടെ പൂരത്തിന് , ജനോത്സവത്തിന് കൊടിയിറക്കമില്ല. ജനോത്സവത്തിന്റെ അവസാനം കൂടുതല്‍ വലിയ പൂരത്തിന്റെ കൊടിയേറ്റമാണ്. മാനവജാതിയെയാകെ കൊടുംവിപത്തിലേക്ക് നയിക്കുന്ന ആഗോള മുതലാളിത്തത്തിന് , ചൂതാട്ട മൂലധനത്തിന് എതിരായ സമരത്തിന്റെ ഉത്സവം. അതിലേക്ക് ഒട്ടേറെ ദൂരം പോവേണ്ടതുണ്ട്. ജനോത്സവത്തിന്റെ തയ്യാറെടുപ്പിന്റെയും നടത്തിപ്പിന്റെയും ഫലമായി ഓരോ കേന്ദ്രത്തിലും ഇന്നത്തെ അവസ്ഥയെപ്പറ്റി വേവലാതിപ്പെടുന്ന 40-50 പേര്‍ വരുന്ന ഒരു സംഘം രൂപീകരിക്കാന്‍ കഴിയണം. ഈ സംഘം തുടര്‍ച്ചയായ പഠനത്തിലൂടെ മുതലാളിത്തത്തിനെതിരായ സമരത്തിനു വേണ്ട മാതൃകകള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കും. അതിന്റെ ഭാഗമായി അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍.
ഗൃഹസന്ദര്‍ശനം – വീട്ടുകാരുമായി സംവാദത്തിലേര്‍പ്പെടല്‍, ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള വീട്ടുമുറ്റ-ക്ലാസ്‌മുറി- ലൈബ്രറി തല സംവാദങ്ങള്‍. സ്ലൈഡുകളും മള്‍ട്ടിമീഡിയ സാധ്യതകളും പ്രയോജനപ്പെടുത്തണം.
തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പ്രത്യേക മേഖലകളില്‍ നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങളുടെ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുക. അതിനാവശ്യമായ പഠനങ്ങള്‍ നടത്തുക. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ എന്നിവ മുന്‍ഗണന കൊടുക്കേണ്ട മേഖലകളാണ്. ചൂടാറാപ്പെട്ടിയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ തോതില്‍ ജനബോധനം നടത്തുക. പതുക്കെ പ്പതുക്കെ കാര്യങ്ങള്‍ സമഗ്രമായും ഗൗരവത്തോടെയും പഠിക്കുന്ന ഒരുസംഘമായി വളരുക.

 

 

സി.പി.നാരായണന്‍

നാലു പതിറ്റാണ്ടായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജനവിദ്യാഭ്യാസത്തിന് ആദ്യം പ്രസംഗജാഥയും പിന്നീട് കലാജാഥയും ഉപാധിയാക്കാന്‍ തുടങ്ങിയിട്ട്. അതിന്റെ ഭാഗമായാണ് തെരുവുനാടകങ്ങള്‍ കേരളത്തില്‍ ആശയപ്രചാരണത്തിന് ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയത്. ഇത്തവണ അത് ജനോത്സവം എന്ന പുതിയൊരു രൂപം കൈവരിക്കുന്നു. പരിഷത്തുകാരും പരിഷത്‌സുഹൃത്തുക്കളുമായ നിരവധിപേരുടെ കൂട്ടിരുപ്പുകളില്‍നിന്നും വിവിധ തലങ്ങളിലെ ചര്‍ച്ചകളില്‍നിന്നുമാണ് ഈ രൂപം ഉരുത്തിരിഞ്ഞുവന്നത് എന്ന് അറിയുന്നതില്‍ സന്തോഷം.  നാലു പതിറ്റാണ്ടായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജനവിദ്യാഭ്യാസത്തിന് ആദ്യം പ്രസംഗജാഥയും പിന്നീട് കലാജാഥയും ഉപാധിയാക്കാന്‍ തുടങ്ങിയിട്ട്. അതിന്റെ ഭാഗമായാണ് തെരുവുനാടകങ്ങള്‍ കേരളത്തില്‍ ആശയപ്രചാരണത്തിന് ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയത്. ഇത്തവണ അത് ജനോത്സവം എന്ന പുതിയൊരു രൂപം കൈവരിക്കുന്നു. പരിഷത്തുകാരും പരിഷത്‌സുഹൃത്തുക്കളുമായ നിരവധിപേരുടെ കൂട്ടിരുപ്പുകളില്‍നിന്നും വിവിധ തലങ്ങളിലെ ചര്‍ച്ചകളില്‍നിന്നുമാണ് ഈ രൂപം ഉരുത്തിരിഞ്ഞുവന്നത് എന്ന് അറിയുന്നതില്‍ സന്തോഷം.  ഇരുപതാംനൂറ്റാണ്ടാണ് ശരിക്കും ജനാധിപത്യത്തിന്റെയും സമഭാവനയുടെയും സാമൂഹികനീതിയുടെയും നൂറ്റാണ്ട്. ഈ ആശയങ്ങള്‍ മുമ്പ് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും എല്ലാ വന്‍കരകളിലെയും നാടുകളില്‍ ജനങ്ങള്‍ ഔപചാരികമായി ഇത് അംഗീകരിച്ചത് അക്കാലത്തായിരുന്നു. എന്നാല്‍, അവ ഇന്നും ഏട്ടിലെ പശുക്കളാണ്. അവ എല്ലാവര്‍ക്കും അനുഭവേദ്യമാക്കാനാക്കാനാണ് പുതിയ തലമുറ പല കൂട്ടായ്മകളിലൂടെ നിരന്തരം യത്‌നിച്ചുവരുന്നത്. അതിന്റെ ഭാഗമായി ജനോത്സവത്തെ കണക്കാക്കാം. അങ്ങനെ ഉപയോഗിക്കയും വേണം.   അതിന് സമൂഹജീവിതത്തിന്റെ പല പല മേഖലകളില്‍ ഇടപെടണം. സാമൂഹ്യചിന്തയെ അതിന്നായി പരുവപ്പെടുത്തണം. നവലിബറല്‍ പരിഷ്‌കാരങ്ങള്‍ ചെയ്യുന്നത് പൊതുമണ്ഡലത്തെയും പൊതുസമ്പത്തിനെയും കയ്യടക്കുന്നതിനു ഒരുപിടി കോര്‍പറേറ്റുകളെ സഹായിക്കുകയാണ്. ഇതിനു കഴിയണമെങ്കില്‍ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സാമൂഹ്യനീതിയെയും തുല്യതയെയും നിഷേധിക്കണം. അസഹിഷ്ണുത വളര്‍ത്തണം. സാമൂഹ്യ-ലിംഗ-മതഭേദങ്ങള്‍ രൂക്ഷമാക്കണം. അതാണ് ഇപ്പോള്‍  ഇന്ത്യയിലാകെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കുന്നത്. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും മത, ജാതി, ഗോത്രചിന്തകളുടെ സ്വാധീനം ഇപ്പോഴും ശക്തമാണ്. ഇത് ജനാധിപത്യം, മതനിരപേക്ഷത, തുല്യത എന്നിവയ്‌ക്കെല്ലാം പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. ശാസ്ത്രബോധം വളര്‍ത്തിക്കൊണ്ടു മാത്രമേ ഇതിനെ തടയാനും പുതുസമൂഹം സൃഷ്ടിക്കാനും കഴിയൂ.  ശാസ്ത്രം പഠിക്കുന്നതുകൊണ്ടു മാത്രം ശാസ്ത്രചിന്ത ഉണ്ടാകണമെന്നില്ല. അത് ഒരു ചിന്താരീതിയാണ്, ചിന്താപദ്ധതിയാണ്. ശ്രീനാരായണഗുരുവും വിവേകാനന്ദനുമൊക്കെ, അതിലേറെ സഹോദരന്‍ അയ്യപ്പനെയും വാഗ്ഭടാനന്ദനെയും  പോലുള്ളവര്‍, നമ്മെ പഠിപ്പിച്ചത് അതാണ്. അവരുടെ ഉദ്‌ബോധനങ്ങളെ കാലോചിതമാക്കി പ്രചരിപ്പിക്കേണ്ടത് അസഹിഷ്ണുതയുടേതായ ഇന്നത്തെ അന്തരീക്ഷത്തില്‍ പ്രധാനമാണ്. ജനോത്സവത്തെ നമുക്ക് അത്തരത്തില്‍ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും പ്രവര്‍ത്തിക്കാനും ആശയപ്രചാരണം നടത്താനുമുള്ള വേദിയും അവസരവുമാക്കി മാറ്റാം.

 

ഡോ.ബി.ഇക്ബാല്‍

ഇന്ത്യന്‍ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതരത്വം, ജനാധിപത്യം, സോഷ്യലിസം, അവസരസമത്വം, ശാസ്ത്രബോധം തുടങ്ങിയ ആശയങ്ങള്‍ പൊതുസമൂഹത്തില്‍ വളര്‍ത്തിയെടുക്കുന്നതിനായാണ് ജനോത്സവം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയുടെ നിയാമകതത്വങ്ങള്‍ അട്ടിമറിക്കുന്നതിനും അപ്രസക്തമാക്കുന്നതിനുമുള്ള നീക്കങ്ങള്‍ സമകാലീന ഇന്ത്യയില്‍ ഭരണകൂട പിന്തുണയോടെ നടന്നുവരുന്ന സാഹചര്യത്തില്‍ ജനോത്സവം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ക്ക് അഖിലേന്ത്യാ പ്രസക്തിതന്നെയുണ്ട്. കേരളത്തിലാവട്ടെ സമീപകാലത്തായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശാസ്ത്ര വിരുദ്ധ ചിന്താഗതികളും ആശങ്കാജനകമായ രീതിയില്‍ വളര്‍ന്ന് വരികയാണ്. നമ്മുടെ നവോത്ഥാന പാരമ്പര്യങ്ങളുടെ ഭാഗമായ ശാസ്ത്രബോധത്തിനും യുക്തിചിന്തക്കുമെതിരായി വിവിധ കേന്ദ്രങ്ങളില്‍ നിന്നും സംഘടിതമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. സമൂഹത്തില്‍ ചില വിഭാഗങ്ങളിലെങ്കിലും സ്വാധീനം ചെലുത്തിവരുന്ന ശാസ്ത്രവിരുദ്ധ മനോഭാവത്തെ പ്രതിരോധിക്കാന്‍ ശാസ്ത്രസംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്തിനുള്ള മുഖ്യ ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ജനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
നവോത്ഥാന നായകരില്‍ പ്രമുഖനായ സഹോദരനയ്യപ്പന്‍ രചിച്ച സയന്‍സ് ദശകത്തില്‍ ‘സയന്‍സാല്‍ ദീപ്തമീ ലോകം/സയന്‍സാലഭിവൃദ്ധികള്‍/സയന്‍സെന്യേ തമസെല്ലാം/സയന്‍സിന് തൊഴുന്നു ഞാന്‍’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഗണിത വൈദ്യശാസ്ത്ര ശാഖകളില്‍ സമ്പന്നമായ പാരമ്പര്യം നമുക്കുണ്ട്. ആധുനിക കാലത്ത് ജി എന്‍ രാമചന്ദ്രന്‍, ഗോപിനാഥ് കര്‍ത്ത, ഇ കെ ജാനകിയമ്മാള്‍, അന്നാമാണി തുടങ്ങി നിരവധി ശാസ്ത്രഗവേഷകര്‍ക്ക് ജന്മം നല്‍കിയ നാടാണ് നമ്മുടേത്. ആധുനിക ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണ് നമ്മുടെ സ്ഥാനം. ഈ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി സാമൂഹ്യനീതിയിലധിഷ്ഠിതമായ കേരളത്തിന്റെ സുസ്ഥിര വികസനം ത്വരിതപ്പെടുത്താനും ശാസ്ത്രബോധം കേരളസമൂഹത്തിലാകെ വ്യാപിപ്പിക്കാനുമാണ് ജനോത്സവത്തിലൂടെ പരിഷത്ത് ലക്ഷ്യമിടുന്നത്. ജനാധിപത്യത്തിലും മാനവിക മൂല്യങ്ങളിലൂം വിശ്വസിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ജനോത്സവത്തിനുണ്ടാവുമെന്ന് ഉറപ്പായി പറയാന്‍ കഴിയും.

 

ജെ.ദേവിക

വന്നുവന്ന് സമൂഹം എന്ന ആശയം തന്നെ വെല്ലുവിളിയെ നേരിടുന്ന ഈ കാലത്ത് ജനോത്സവം എന്ന ഈ മുന്‍കൈ ശ്ലാഘനീയം തന്നെ. കേരളത്തിലിന്ന് സാമൂഹ്യനവീകരണശ്രമങ്ങള്‍ നേരിടുന്നത് രണ്ടു മുഖ്യപ്രശ്‌നങ്ങളെയാണ്. അവയില്‍ ആദ്യത്തേത് അസഹിഷ്ണുത സാര്‍വ്വത്രികമായിരിക്കുന്നു എന്നതാണ്. അതായത്, ഇന്ന് അസഹിഷ്ണുത വലതുപക്ഷത്തു മാത്രമല്ല, എല്ലാത്തരം രാഷ്ട്രീയങ്ങളുടെയും സഹജഭാവമായിരിക്കുന്നു. മതാന്ധത പതിന്മടങ്ങു വളര്‍ന്നിരിക്കുന്നുവെന്നു മാത്രമല്ല, മതേതരത്വത്തെ മറ്റുതരത്തിലുള്ള മതവിശ്വാസമായി പ്രയോഗിക്കുന്ന രീതി വ്യാപകമായിരിക്കുന്നു. ഇത് അപകടകരമാണ്, പ്രത്യേകിച്ച് ന്യൂനപക്ഷമതങ്ങളോടുള്ള ഇഷ്ടക്കേടുമായി അതു കൂടിക്കലരുന്ന അവസരങ്ങളില്‍. ഇന്ത്യന്‍ ഭരണകൂടം അനുശാസിക്കുന്ന മതേതരത്വം പച്ചയായ മതവിരുദ്ധതയല്ല. ന്യൂനപക്ഷമര്‍ദ്ദനത്തിലൂടെ ഭൂരിപക്ഷവാദം തഴയ്ക്കുന്ന സാഹചര്യത്തില്‍ മതവിരുദ്ധസെക്യുലറിസം സൃഷ്ടിക്കുന്ന ഫലങ്ങള്‍ സമൂഹനിര്‍മ്മിതിയ്ക്കു ഉതകുന്നവയല്ല. നാം നേരിടുന്ന രണ്ടാമത്തെ പ്രശ്‌നം, യുക്തിസഹമായ വിമര്‍ശനത്തിലൂടെ കൂട്ടായ ജീവിതത്തെയും സ്ഥാപനങ്ങളെയും ശുദ്ധീകരിക്കാന്‍ നമുക്കു കഴിയുന്നില്ല എന്നതാണ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍, മതിയായ തെളിവുകളുടെയും ബലവത്തായ വാദങ്ങളുടെയും അടിസ്ഥാനത്തില്‍, സാമൂഹ്യരാഷ്ടീയവിമര്‍ശനത്തില്‍ ഏര്‍പ്പെടാനുള്ള ക്ഷമയും ധാര്‍മ്മികബോധവും ബൌദ്ധികതയ്യാറെടുപ്പും വളര്‍ത്താതെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല. ഇപ്പറഞ്ഞ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന നാട്യങ്ങളില്‍ നിന്നു നമ്മെ വിമുക്തരാക്കാനുള്ള സുപ്രധാന ചുവടാകട്ടെ ഈ ഉത്സവം.

 

വൈശാഖന്‍

ഐക്യകേരളത്തിന്റെ നിര്‍മ്മിതിയില്‍ സക്രിയമായ ഇടപെടല്‍ നടത്തിവരുന്ന ജനകീയശാസ്ത്രസംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. അഞ്ചരദശകത്തെ ചരിത്രം മലയാള വൈജ്ഞാനികസമ്പത്തിന്റെയും ജനകീയ വിദ്യാഭ്യാസവ്യാപനത്തിന്റെയും ഉജ്ജ്വലമായ ചരിത്രം കൂടിയാണ്. പരിഷത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ തുടക്കംകുറിച്ച ജനോത്സവം പുതിയൊരു ചുവടുവെപ്പാണെന്ന് മനസ്സിലാക്കുന്നു. ജനാധിപത്യവും, മാനവികതയും, ശാസ്ത്രബോധവും ഓരോ പൗരനിലും ഉദാത്തമായി വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നാട്ടുത്സവമാണിത്.
ജനോത്സവം എന്നത് നാട് ആവശ്യപ്പെടുന്ന ഒന്നാണ്. നിരവധി കപടോത്സവങ്ങള്‍ മനുഷ്യമനസ്സുകളെ സങ്കുചിതമായി തീര്‍ക്കുന്നവ നാട്ടിലെ നാഗരികജീവിതത്തില്‍ അരങ്ങേറുന്നുണ്ട്. മനുഷ്യമനസ്സുകളെ മലീമസമാക്കുന്ന ആഘോഷങ്ങള്‍. അവ പ്രകൃതിവിഭവങ്ങളെ നശിപ്പിക്കുന്നതുകൂടിയായി പരിണമിക്കാറുണ്ട്. പലപ്പോഴും മറ്റുള്ളവരോട് കണക്കുതീര്‍ക്കാനുള്ളതോ പൊങ്ങച്ചം പ്രദര്‍ശിപ്പിക്കാനുള്ളതോ ആയി എഴുന്നള്ളത്തുകള്‍ മാറിത്തീരുന്നു. മനുഷ്യമനസ്സുകളെ ഇരുണ്ട വര്‍ണ്ണങ്ങളുടെ ആഘോഷത്തില്‍നിന്ന് രക്ഷിക്കാനുള്ള ഒരാഘോഷംകൂടിയാണ് ജനോത്സവം. വെറുമൊരു സാംസ്‌കാരികപ്രവര്‍ത്തനമല്ലിത്. തികച്ചും സാംസ്‌കാരത്തിലുള്ള ഇടപെടല്‍. ആണ്‍പൂരവുമല്ല. സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും പങ്കെടുക്കുന്ന അറിവിന്റെയും ആത്മബോധങ്ങളുടെയും ഉത്സവമാണിത്. നാളത്തെ നാടിനെ നിര്‍മ്മിക്കാനും, വരവേല്ക്കാനുമുള്ള ഉത്സവമാണിത്. എല്ലാവരും പങ്കുചേര്‍ന്ന് പുതിയ നാട്ടുസംസ്‌കാരത്തെ നിര്‍മ്മിക്കാനുള്ള ഈ ജനോത്സവത്തിന് എല്ലാവിധ പിന്തുണയും നേരുന്നു.

 

 

കുരീപ്പുഴ ശ്രീകുമാര്‍

ഹൃദയത്തില്‍ വസന്തം വരുന്ന കാലം.
എല്ലാ മനുഷ്യരും ഒരുപോലെ സ്‌നേഹിക്കുകയും
അന്യരുടെ ദുഃഖങ്ങളില്‍ ചേര്‍ന്നു നില്‍ക്കുകയും
ചെയ്യുമ്പോള്‍,
ഭൂമിയിലെ കണികൊന്നകളെല്ലാം പുഷ്പിക്കും.
എല്ലാ നദികളും കിന്നാരംപറഞ്ഞ് ഒഴുകും.
മഴ വൈശാലി സിനിമ കളിക്കും.
കറുകകള്‍ മഞ്ഞുമുത്തുകളെ നെറുകയില്‍ വച്ച്
കണ്ണടച്ചു നില്‍ക്കും.
വസന്തം വരുന്നത് അന്നാണ്.

കേരളത്തിലേക്ക് വസന്തത്തെ വരവേല്‍ക്കുവാനുള്ള
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരുക്കങ്ങളെ
കവിതകൊണ്ട് സ്വാഗതം ചെയ്യുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *