നഗരം സൃഷ്ടിക്കുന്നവർക്ക് തിരിച്ചുലഭിക്കുന്നത് നരകം – ദുനു റോയ്

0
പ്രതിമാസ ശാസ്ത്രപ്രഭാഷണ പരമ്പരയിൽ സാമൂഹിക ശാസ്ത്രജ്ഞൻ ദുനു റോയ് സംസാരിക്കുന്നു.

തൃശൂർ: നഗരവാസികൾക്ക് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന ഗ്രാമീണർക്ക് തിരിച്ചു ലഭിക്കുന്നത് നരകജീവിതമെന്ന് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ദുനു റോയ്. തൃശ്ശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിമാസ ശാസ്ത്രപ്രഭാഷണ പരമ്പരയിൽ വർത്തമാന വ്യവസ്ഥയിൽ പരിസ്ഥിതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുറഞ്ഞ കൂലിയിൽ അത്യധ്വാനം ചെയ്യാൻ നിർബന്ധിതനാണ് ശരാശരി ഇന്ത്യൻ തൊഴിലാളി. നഗരസൗന്ദര്യവൽക്കരണത്തിനും വികസനത്തിനും വേണ്ടി വലിയ വിലയാണ് അവർ കൊടുക്കേണ്ടി വരുന്നത്. നഗരത്തിലെ ചേരികളിൽ താമസിക്കുന്നവർ കുടിയിറക്കപ്പെടുകയും നഗരത്തിന്റെ അതിരുകളിലേയ്ക്ക് അവർ വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. ഡൽഹിയിൽ 2010 ൽ കോമൺവെൽത്ത് ഗെയിംസ് നടത്തുന്നതിനുവേണ്ടിയുള്ള സൗകര്യമൊരുക്കാൻ രണ്ടര ലക്ഷം കുടുംബങ്ങളാണ് കുടിയിറക്കപ്പെട്ടത്.
കോർപ്പറേറ്റുകൾ ജനങ്ങളെയും പ്രകൃതിവിഭവങ്ങളെയും കൊള്ളയടിച്ചു തടിച്ചു വീർക്കുന്നു എന്ന് പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ പ്രവർത്തനം ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു. ജലാശയങ്ങളിൽ നിന്ന് വൻതോതിൽ വെള്ളം ഊറ്റിയതിനുപുറമേ അവർ അവയിൽ വിഷം നിറയ്ക്കുകയും ചെയ്തു. അവിടുത്തെ കുഴൽകിണറുകൾ പരിശോധിച്ചപ്പോൾ കാഡ്മിയം, ക്രോമിയം, ലഡ് തുടങ്ങിയ രാസവസ്തുക്കൾ കണ്ടെത്തുകയുണ്ടായി. 160 കോടി രൂപയുടെ നാശനഷ്ടമാണ് പ്ലാച്ചിമടയിൽ അവർ വരുത്തിയത്. കോടിക്കണക്കിനു രൂപയുടെ ലാഭം അവർ കടത്തിക്കൊണ്ടുപോയി.
യൂണിയൻ കാർബൈഡ് എന്ന ബഹുരാഷ്ട്രകുത്തക ഭോപ്പാലിൽ ഉണ്ടാക്കിയ ദുരന്തം ഇന്ത്യയ്ക്ക് മറക്കാനാവില്ല. എത്രപേർ അതിൽ മരിച്ചുവെന്നോ, എത്ര തലമുറയെ ഇനി ബാധിക്കുമെന്നൊ കൃത്യമായ കണക്ക് ഇല്ല. ലാഭം മാത്രം ലക്ഷ്യമാക്കി മനുഷ്യജീവന് പുല്ലുവില പോലും കൽപ്പിക്കാത്ത കോർപ്പറേറ്റുകൾ കൊടിയ ചൂഷണമാണ് ഇന്ത്യയിൽ നടത്തുന്നത് എന്ന് ദുനു ചൂണ്ടിക്കാട്ടി. ശാസ്ത്രാവബോധസമിതി ജില്ലാ ചെയർമാൻ പ്രൊഫ. കെ ആർ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു . ഡോ. കെ. പ്രദീപ് കുമാർ, അഡ്വ പി.എം. ആരതി, അഡ്വ. കെ പി രവിപ്രകാശ്, അഡ്വ. ടി.വി രാജു, ജില്ലാ പ്രസിഡൻറ് കെ.എസ്. ജയ, ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *