നമ്മളെങ്ങനെ നമ്മളായെന്ന അന്വേഷണമാണ് ചരിത്രപഠനം: ഡോ. കെ എൻ ഗണേഷ്

0
ചരിത്ര പഠനം സെമിനാർ നേതൃത്വം നൽകിയവർ പങ്കാളികകളുടെ കൂടെ

തൃശ്ശൂര്‍‌: ജനങ്ങൾ അവരുടെ നിലവിലെ അവസ്ഥയുടെ വേരുകൾ തേടി നടത്തുന്ന അന്വേഷണമാണ് ചരിത്രപഠനമെന്ന് സാമൂഹികശാസ്ത്രജ്ഞനും ചരിത്രകാരനുമായ ഡോ. കെ എൻ ഗണേഷ് പറഞ്ഞു. തൃശ്ശൂർ ജില്ലാസമ്മേളനത്തിന്റെ അനുബന്ധമായി സംഘടിപ്പിച്ച മുനിയാട്ടുകുന്ന് ചരിത്രസെമിനാർ ‘ചരിത്രം ഉണ്ടാകുന്നത് ‘ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രം പൈതൃക നിർമ്മിതിയല്ല. പൈതൃകം എന്നത് സമൂഹത്തിലെ ഉന്നതന്മാരുടേതാണ്! യഥാർത്ഥത്തിൽ, ചരിത്രാന്വേഷണം നമ്മളിൽ നിന്നാണ് തുടങ്ങേണ്ടത്. ജനവാസമേഖലകളിലെ പുരാവസ്തുശേഖരങ്ങളുടെ എണ്ണം താരതമ്യേന പരിമിതമാണ്. ശേഷിക്കുന്നവയിൽ മിക്കവയും ശവക്കല്ലറകളാണ്. ഇവ സംരക്ഷിക്കുകയും അന്വേഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഹാരപ്പയിലെ ‘രാഖിക്കടി’യിൽ നിന്ന് കിട്ടിയ തലയോട്ടികൾ ദക്ഷിണേഷ്യയിൽ ജീവിച്ചിരിക്കുന്നവരുടേതെന്നാണ് കണ്ടെത്തിയത്. ഹാരപ്പൻമാർ ആരാണെന്ന പ്രസക്തമായ ചോദ്യം ഉയർത്തുന്ന കണ്ടെത്തലാണിത്. ഇവിടെ നിരവധി ബന്ധങ്ങൾ ഇനിയും ശേഖരിക്കേണ്ടതുണ്ടെന്നും മഹത്തായ ദൗത്യമാണ് ചരിത്രകാരന്മാർക്ക് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
തൃശ്ശൂരിലെ വിവിധ കോളേജുകളിൽ നിന്നുള്ള ചരിത്രവിദ്യാർഥികളാണ് സെമിനാറിൽ പങ്കെടുത്തത്. ആർക്കിയോളജിസ്റ്റ് ഡോ. ജനി പീറ്റർ കേരളത്തിലെ മുനിയറകളെ പറ്റി വിശദീകരിച്ചു.
കൊടകര മേഖലാ പ്രസിഡണ്ട് ടി എ വേലായുധൻ അധ്യക്ഷത വഹിച്ചു. ചരിത്രാധ്യാപിക മീനു ജേക്കബ്, ടി വി ബാലകൃഷ്ണൻ, സംഘാടകസമിതി ജനറൽ കൺവീനർ പി കെ അജയകുമാർ, കെ കെ അനീഷ് കുമാർ, ഇ ഡി ഡേവിസ്, വർഗീസാന്റണി, എൻ കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. സെമിനാറിനു ശേഷം ചരിത്ര വിദ്യാർത്ഥികളും അധ്യാപകരും മുനിയാട്ടുകുന്ന് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *