നമ്മുടെ ഔഷധസസ്യങ്ങൾ – പുസ്തകപ്രകാശനം

0

എറണാകുളം: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും കാലിക്കട്ട് സർവ്വകലാശാലാ മുൻ പ്രൊ വൈസ്ചാൻസലറുമായ പ്രൊഫ. എം.കെ.പ്രസാദും മഹാരാജാസ് കോളേജിലെ മുൻ അദ്ധ്യാപകനായ പ്രൊഫ.എം.കൃഷ്ണപ്രസാദും ചേർന്നെഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘നമ്മുടെ ഔഷധസസ്യങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മഹാരാജാസ് കോളേജ് മഹലനോബിസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. പരിഷത്തിന്റെ പ്രസിദ്ധീകരണസമിതി ചെയർമാൻ പ്രൊഫ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.എൻ. കൃഷ്ണകുമാറിന് ആദ്യ പ്രതി നൽകിക്കൊണ്ടാണ് പ്രകാശനകർമം നിർവഹിച്ചത്. ഔഷധസസ്യങ്ങളേക്കുറിച്ച് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ‘ഹോർത്തൂസ് മലബാറിക്കൂസ്’ കേവലം ഇരുനൂറ് സസ്യങ്ങളെയാണ് പരിചയപ്പെടുത്തുന്നതെങ്കിൽ ഈ പുസ്തകം അഞ്ഞൂറിലേറെ ഔഷധസസ്യങ്ങളേക്കുറിച്ച് സമഗ്രമായ അറിവുപകരുന്നതാണെന്ന് ഡോ.ഗോപാലകൃഷ്ണൻ പറഞ്ഞു. ശാസ്ത്ര വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമാണ് ഈ ഗ്രന്ഥം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എം.എസ്.മുരളി, മഹാരാജാസ് കോളേജ് സസ്യശാസ്ത്രവിഭാഗം തലവൻ ഡോ. കെ.കൃഷ്ണകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. പ്രൊഫ.എം.കെ.പ്രാസാദും പ്രൊഫ.എം.കൃഷ്ണപ്രസാദും പുസ്തകരചനയുടെ അനുഭവങ്ങൾ പങ്കുവച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി സി.ഐ.വർഗീസ് സ്വാഗതവും ജില്ലാ പ്രസിഡണ്ട് കെ.ആർ.ശാന്തീദേവി കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *