നരിക്കോട് മുക്കിലെ ജനോത്സവം

0

വയനാട് ജില്ലയിലെ ആദ്യ ജനോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുളള ആഹ്ളാദം പങ്കിടുകയാണ്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് വൈത്തിരിയിലെ നരിക്കോട് മുക്കിൽ എത്തിയപ്പോഴേക്കും അരങ്ങ് ഒരുങ്ങിയിട്ടുണ്ട്. കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങൾ, തുണിയിൽ കൈകൊണ്ട് എഴുതിയ ബാനറുകൾ, വിശാലമായ വീട്ടുമുറ്റത്ത് സജ്ജീകരിച്ച സ്റ്റേജ്, ഇരിപ്പിടങ്ങൾ എല്ലാം തയ്യാറായിരുന്നു. അല്പദൂരം മാറി റോഡ് കവലയിൽ നീളത്തിൽ വെള്ള തുണിവലിച്ച് കെട്ടിയിട്ടുണ്ട്. അവിടെയാണ് ചിത്രം വരയ്ക്കാനുള്ള വേദി.
അഞ്ച് മണിയോടു കൂടി ചിത്രംവര ആരംഭിച്ചു. കുട്ടികൾ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ മതിയാവോളം വരച്ചു.സ്ത്രീകളും പുരുഷന്മാരും ചുറ്റും കൂടിത്തുടങ്ങി. മദ്യപിച്ച ഒരു ചെറുപ്പക്കാരൻ ചിത്രരചനയിൽ പങ്കെടുത്തത് കൗതുകമായി. അല്പം വൈകിയെത്തിയ ജയരാജൻ മാഷ് ചിത്രത്തിന് തലക്കെട്ട് എഴുതി. വാൾകൊണ്ട് പിളർന്നു പോയ തൂലികയുടെ ചിത്രം മാഷ് വരച്ചത് ശ്രദ്ധേയമാണ്. ചെണ്ടമേളത്തോടെ, ബാനർ ഉയർത്തിപ്പിടിച്ച കൊച്ചു കുട്ടികളുടെ നേതൃത്വത്തിൽ പുരുഷാരം തൊട്ടടുത്തുള്ള വേദിയിലേക്ക് ജാഥയായി നീങ്ങി. വീട്ടുമുറ്റം നിറഞ്ഞ് ഇനങ്ങൾ കൂടിയത് എന്ത് ആവേശമാണ് ഉണ്ടാക്കിയതെന്ന് പറയാൻ വയ്യ.
അരങ്ങ് ഉണർത്തിക്കൊണ്ട് മാത്യൂസ് സംഘത്തിന്റെ ജനോത്സവ സ്വാഗത ഗാനം. തുടർന്ന് ഭരണഘടനയുടെ ആമുഖം ഹൃദ്യ ചൊല്ലിക്കൊടുത്തു. എല്ലാവരും കൈകൾ ഉയർത്തി ഏറ്റുപറഞ്ഞു. പഞ്ചായത്ത് മെമ്പർ ബീന പ്രകാശൻ അധ്യക്ഷപ്രസംഗം നടത്തി. ജയരാജൻ മാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനോത്സവ സന്ദേശം നൽകാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾ വരെ അത് ശ്രദ്ധിച്ചു. പിന്നെ രണ്ട് മണിക്കൂർ നീണ്ടുനിന്ന ജനകീയഗാനോത്സവം, നാടകം എന്നിങ്ങനെ.
ഒരു പ്രദേശത്തെ ജനങ്ങൾ മുഴുവൻ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് സന്തോഷകരം തന്നെ. മാത്യൂസ്, കമല, അനിൽ, മണി, രവി എന്നിങ്ങനെ പ്രവർത്തകരുടെ കഠിനാധ്വാനം ഇതിന് പിന്നിലുണ്ടായിരുന്നു. രണ്ട് ദിനം മുൻപ് നടത്തിയ കലയുടെ പാട്ടിറക്കം, തലേന്ന് വീടുകൾ തോറും കയറി നോട്ടീസ് നൽകിക്കൊണ്ടുള്ള ക്ഷണിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ വിജയമാണ് അവിടെ കണ്ടത്.
ചൂടാറാപ്പെട്ടിയും പുസ്തകങ്ങളും മറ്റ് ഉല്പന്നങ്ങളും കൊണ്ടുവന്ന് നിരത്തിയിരുന്നെങ്കിലും വില്പന കാര്യമായി നടന്നതായി കണ്ടില്ല. പ്രചരണത്തിനിടക്ക് കൂപ്പൺ പ്രചരണം നടത്താൻ കഴിയാത്തതാകാം കാരണം. നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്ര പുസ്തകത്തിൽ തെളിഞ്ഞു നിൽക്കുന്ന ഏടായി ഇന്നലത്തെ സന്ധ്യ നില നിൽക്കും. ഇതൊരു സാംസ്കാരിക ഇടപെടലല്ല, സംസ്കാരത്തിലുള്ള ഇടപെടലാണ്. പരിപാടി വിജയിപ്പിച്ച പ്രവർത്തകർക്കും നാട്ടുകാർക്കും അഭിവാദ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *