ബഹുമാനപ്പെട്ട നിയോജകമണ്ഡലം എം.എല്‍.എമാര്‍ക്ക് മുമ്പാകെ ബഹുമാനപ്പെട്ട നിയോജകമണ്ഡലം എം.എല്‍.എമാര്‍ക്ക് മുമ്പാകെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നല്‍കുന്ന നിവേദനം
സര്‍,കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളുടെ ദൂരപരിധി ജനവാസകേന്ദ്രങ്ങളില്‍ നിന്നും നൂറ് മീറ്റര്‍ ആയിരുന്നത് അമ്പത് മീറ്ററായി കുറച്ചുകൊണ്ടും ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി നീട്ടിക്കൊണ്ടുമുള്ള വ്യവസായ വകുപ്പിന്റെ ഉത്തരവ് ഇതിനോടകം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ? ഈ തീരുമാനം കേരളത്തിന്റെ പരിസ്ഥിതിയിലും ജനജീവിതത്തിലും ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ ഭവിഷ്യത്തുകളിലേയ്ക്ക് താങ്കളുടെ ശ്രദ്ധയെ ക്ഷണിക്കട്ടെ.അനധികൃതവും അശാസ്ത്രീയവുമായ ഖനനംമൂലം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പാരിസ്ഥിതികപ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കേരളത്തിലിപ്പോള്‍ എത്ര പാറമടകള്‍ പ്രവര്‍ത്തിക്കുണ്ട് എന്നോ അവയെല്ലാം ചേര്‍ന്ന് എത്രമാത്രം പാറ ഖനനം ചെയ്യുന്നുണ്ട് എന്നോ കൃത്യമായകണക്കുകള്‍ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഏകദേശം നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ പാറമടകള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാരിന്റെ കണക്കുകളും വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ പഠനങ്ങളും സൂചിപ്പിക്കുന്നു. ഇവയില്‍ നല്ലൊരുഭാഗവും സംരക്ഷിത വനഭൂമിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഭൂമിശാസ്ത്രപരമായി അപകടാവസ്ഥയിലുള്ള ഭൗമ വിള്ളലുകള്‍ക്ക് സമീപവും പരിസ്ഥിതി ലോലമേഖലകളിലും പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവന്യുഭൂമിയും വനഭൂമിയും കയ്യേറിയും നിയമങ്ങള്‍ പാലിക്കാതെയും നടക്കുന്ന ഇത്തരം ഖനനങ്ങള്‍ പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കും. അത് കാലാവസ്ഥാ മാറ്റത്തിനും ജലക്ഷാമത്തിനും കാരണമാകും. പരിസ്ഥിതിദുര്‍ബലപ്രദേശത്ത് നടക്കുന്ന ഖനനങ്ങള്‍ ഉരുള്‍പൊട്ടലിന് കാരണമാകുമെന്ന് 2006 ല്‍ കോഴിക്കോട് ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ തെളിയിച്ചതുമാണ്. കരിങ്കല്‍ ക്വാറികള്‍ ഏറ്റവും അടുത്ത ജനവാസമേഖലയില്‍ നിന്ന് കുറഞ്ഞത് 250 മീറ്റര്‍ എങ്കിലും ദൂരെയായിരിക്കണം എന്നാണ് ഇത് സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായം. ഇതെല്ലാം കണക്കിലെടുത്താണ് അഞ്ചുഹെക്ടറില്‍ താഴെയുള്ള ഖനനത്തിനും പാരിസ്ഥിതികാനുമതി സുപ്രീംകോടതി നിര്‍ബന്ധമാക്കിയത്. ഖനനം പൊതുമേഖലയില്‍ കൊണ്ടുവരുമെന്നുള്ള  ഇപ്പോഴത്തെ ഭരണകക്ഷിയുടെ പ്രകടനപത്രികയിലെ നിര്‍ദേശവും ഏറെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കുന്ന വിധത്തിലുള്ള സമീപനങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കെട്ടിടനിര്‍മാണത്തിലും മറ്റ് വന്‍ നിര്‍മിതികളിലും അധിഷ്ഠിതമായ വികസനശൈലിയാണ് ഇവ്വിധം പ്രകൃതിചൂഷണത്തിലേയ്ക്ക്  കേരളത്തെ നയിക്കുന്നത്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ അനാവശ്യനിര്‍മാണങ്ങള്‍ ഒഴിവാക്കിയും ഗ്രീന്‍ ടെക്‌നോളജി സങ്കേതങ്ങള്‍ ഉപയോഗിച്ചും നിര്‍മാണമേഖലയില്‍ ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും പ്രകൃതിവിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത്തരം ആലോചനകളോ മാഫിയകള്‍ക്കെതിരെയുള്ള നടപടികളോ ഉണ്ടാകാതെ ധൃതിപിടിച്ച് ഖനനചട്ടങ്ങളില്‍ അയവുവരുത്തുന്നത് അപകടമുണ്ടാക്കും. പുതിയ ഭേദഗതിമൂലം രണ്ടായിരത്തോളം പാറമടകള്‍ പുതുതായി ഉണ്ടായിവരാന്‍ സാധ്യതയുണ്ട്. ഇത് വലിയ പാരിസ്ഥിതികാപകടത്തിന് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?         ഇതുപോലെതന്നെ ഗുരുതരമായ മറ്റൊരു പ്രശ്‌നമാണ് കേരളത്തിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കപ്പെടുന്നത്. നിലവിലുള്ള തണ്ണീര്‍ത്തടങ്ങളെങ്കിലും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തണ്ണീര്‍ത്തടങ്ങളുടെ ഡാറ്റാബാങ്ക് തയ്യാറാക്കി വിജ്ഞാപനം ചെയ്യണമെന്ന്  നെല്‍വയല്‍ തണ്ണീര്‍ത്തട  നിയമത്തില്‍ വ്യവസ്ഥ ചെയ്തത്. നിയമം നിലവില്‍ വന്ന് ഒരു പതിറ്റാണ്ടാകാറായെങ്കിലും അതില്‍ പറഞ്ഞിരിക്കുന്നപ്രകാരം നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും ഡാറ്റാബാങ്ക് തയ്യാറാക്കി ഇനിയും വിജ്ഞാപനം ചെയ്തിട്ടില്ല. ഇത് ആറ് മാസത്തിനകം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ബഹു. കൃഷിവകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനവും ഉടന്‍ നടപ്പാക്കേണ്ടതുണ്ട്.ആയതിനാല്‍ ഇപ്പോള്‍ ഖനന ചട്ടങ്ങളില്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതികള്‍ അടിയന്തിരമായി പിന്‍വലിക്കുവാനും ഖനനം പൊതുനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് നടപടിയെടുക്കുവാനും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരമുള്ള ഡാറ്റാബാങ്ക് തയ്യാറാക്കി വിജ്ഞാപനം ചെയ്യുന്നതിനു മുള്ള നടപടികള്‍ സ്വീകരിക്കുവാനും നിയമസഭാംഗമെന്ന നിലയില്‍ താങ്കള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് ഞങ്ങള്‍ വിനയപുരസ്സരം അഭ്യര്‍ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *