നെഹ്റുവിയൻ ചിന്തകളുടെ പുനർവായന അനിവാര്യം- പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ

0
മയ്യിൽ മേഖലാ കമ്മറ്റി സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തുന്നു.

കണ്ണൂര്‍: ജനാധിപത്യം, മതേതരത്വം, ശാസ്ത്രബോധം തുടങ്ങിയ സുപ്രധാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അവ ഉൾക്കൊള്ളുന്ന ഭരണഘടന സംരക്ഷിക്കുന്നതിനുമായുള്ള പോരാട്ടത്തിൽ നെഹ്റുവിയൻ ചിന്തകളുടെ പുനർവായന അനിവാര്യമെന്ന്‌ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ പറഞ്ഞു.
ഭയപ്പെട്ടിരുന്നതിനേക്കാൾ കൂടു തൽ അപകടകരമായ അവസ്ഥയിലൂടെയാണ് ലോകവും രാജ്യവും കടന്നു പോവുന്നത്. സാമ്പത്തികവും പാരിസ്ഥിതികവുമായ രണ്ടു തരം പ്രതിസന്ധികൾ രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയാണ്. ഇതിന്റെ ഭാഗമായി മാനവിക മൂല്യങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്നു. ഇന്ത്യൻ ഭരണഘടനയെ നിരാകരിച്ച് മനുസ്മൃതിയെ പകരം വെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
മാസികാ ക്യാമ്പയിന്റെ ഭാഗമായി മയ്യിൽ മേഖലാ കമ്മറ്റി ചേർത്ത 1500-മത് മാസികാ വരിസംഖ്യ ഏറ്റുവാങ്ങുന്നതിനായി കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിൽ ‘നെഹ്റൂവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം’ എന്ന പുസ്തകത്തിന്റെ ചർച്ചയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഗ്രന്ഥകാരൻ കൂടിയായ അദ്ദേഹം.
ശാസ്ത്ര മാസികകളുടെ പ്രചാരണമെന്നത് ഇക്കാലത്ത് ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ശാസ്ത്ര സംവിധാനത്തെ വളർത്തിക്കൊണ്ടു വന്നതിൽ നെഹ്റു പ്രധാന പങ്കുവഹിച്ചു. ശാസ്ത്രജ്ഞൻമാരുംസാങ്കേതിക വിദഗ്ദ്ധരുമായി നിരന്തര ബന്ധം പുലർത്തി. 54 ഓളം ഗവേഷണ സ്ഥാപനങ്ങൾ ആരംഭിച്ചു. ശാസ്ത്രാവബോധം (സയന്റിഫിക് ടെമ്പർ) എന്ന പദം തന്നെ അദ്ദേഹത്തിന്റെ സംഭാവനയാണ്. ഒരു മനുഷ്യൻ വേറൊരു മനുഷ്യനോട് പെരുമാറേണ്ടതെങ്ങനെയെന്നതിനെയാണ് ശാസ്ത്രബോധം എന്ന് നെഹ്റു വിശദീകരിച്ചത്. അതൊരു ജീവിതരീതിയും ചിന്താ പ്രക്രിയയുമാണ്. പ്രൊഫ: കുഞ്ഞിക്കണ്ണൻ കൂട്ടിച്ചേർത്തു. തുടർന്നു നടന്ന പുസ്തക ചർച്ചയിൽ പി. ദിലീപ് കുമാർ, കെ.കെ ഭാസ്കരൻ, പി. രാഘവൻ മാസ്റ്റർ, പി.കെ ഗോപാലകൃഷ്ണൻ, വി.പി ബാബു രാജൻ എന്നിവർ സംസാരിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.സി പത്മനാഭൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് പി.കെ വിജയൻ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ യുറീക്ക മാസികാ വരിസംഖ്യ ദേശീയ ധന്വന്തരി അവാർഡ് ജേതാവ് ഡോ.ഐ. ഭവദാസൻ നമ്പൂതിരിയിൽ നിന്ന് മാസികാ മാനേജിംഗ് എഡിറ്റർ എം. ദിവാകരൻ ഏറ്റുവാങ്ങി. ഗ്രന്ഥശാല സെക്രട്ടറി പി.കെ പ്രഭാകരൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *