ഭരണഘടനാസംരക്ഷണ സദസ്സും റാലിയും

0
തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ്
ഡോ.ജിജു പി അലക്സ് ഉദ്ഘാടനം ചെയ്യുന്നു.

തൃശ്ശൂർ: സയന്റിഫിക്ക്‌ ഇന്ത്യ, സെക്കുലർ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും റാലിയും സംഘടിപ്പിച്ചു. തൃശ്ശൂരിലെ സർവകലാശാലകളിലെയും കോളേജുകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരും അധ്യാപകരും വിദ്യാർത്ഥികളും പൊതുജനങ്ങളോടും സാമൂഹ്യ പ്രവർത്തകരോടും കൈകോർത്ത് തെരുവിലിറങ്ങി. നേരത്തെ, സാഹിത്യ അക്കാദമി പരിസരത്ത് നിന്നാരംഭിച്ച റാലി നടുവിലാൽ ജംഗ്ഷനിൻ സമാപിച്ച് ഭരണഘടനാസംരക്ഷണ സദസ്സ് ചേർന്നു.
കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ.ജിജു പി അലക്സ് സദസ്സ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രം അടിസ്ഥാനപരമായി മതനിരപേക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഭ്രൂണൊ, ഗലീലീയൊ, ഡാർവിൻ, കോപ്പർനിക്കസ്സ് തുടങ്ങിയ ശാസ്ത്രജ്ഞരെല്ലാം മതമേലധ്യക്ഷന്മാരോട് കലഹിച്ചും പടവെട്ടിയുമാണ് ശാസ്ത്ര ഗവേഷണം നടത്തിയത്. ശാസ്ത്രത്തിന്റെ ഭാഷ സാർവലൗകികമാണ്. അത് യുക്തിയുടേതാണ്. ബഹുസ്വര സമൂഹത്തിലാണ് ശാസ്ത്രം വളർച്ച പ്രാപിക്കുന്നത്. സാമ്പത്തിക മാന്ദ്യം, പട്ടിണി, കാലാവസ്ഥാ വ്യതിയാനം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പുതിയ നിയമനിർമ്മാണങ്ങളും വിഭജനത്തിന്റെ രാഷ്ട്രീയവും ഭരണാധികാരികൾ പ്രയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രൊഫ.സി.വിമല, പ്രൊഫ. കെ ആർ ജനാർദൻ, ജില്ലാപ്രസിഡണ്ട് കെ എസ് ജയ, സെക്രട്ടറി ടി സത്യനാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *