ഭീകരതയുടെ ഉള്‍ക്കിടുക്കത്തില്‍ ജീവിതം

0

ഗെര്‍ഡ് ഗിഗെറെന്‍സര്‍ (Gerd Gigerenzer) ഒരു മനശ്ശാസ്‌ത്ര വിദഗ്ധനാണ്. ബര്‍ലിന്‍ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലെപ്മെന്റിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ അഡാപ്റ്റീവ് ബിഹേവിയര്‍ ആന്റ് കൊഗ്നിഷന്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ടിക്കുന്നു. അദ്ദേഹം എഴുതിയ ലിവിംഗ് ഇന്‍ ടെറര്‍ ഓഫ് ടെററിസം എന്ന ചെറുലേഖനമാണ് ഇവിടുത്തെ പ്രതിപാദ്യവിഷയം.
ഭീകരവാദവും ഭീകരാക്രമണവും ലോകത്തെ എല്ലാ ഭരണാധികാരികളുടെയും ഉറക്കം കെടുത്തുന്ന പ്രശ്നങ്ങളാണ്. അഫ്ഗാനിസ്ഥാന്‍, സിറിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ എപ്പോളും ഭീകരാക്രമണത്തിന്റെ നിഴലിലാണ്. പ്രതിവര്‍ഷം അനേകം നിരപരാധികളായ ജനങ്ങളുടെ ജീവനും സ്വത്തും ഇതിനാല്‍ അപഹരിക്കപ്പെടുന്നു. താരതമ്യേന സുരക്ഷിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങളില്‍പ്പോലും ഇടയ്ക്കും തലയ്ക്കും ഭീകരവാദികള്‍ അവരുടെ കരുത്ത് കാണിക്കന്നുമുണ്ട്. ഇന്ത്യയും ഭീകരവാദത്തിന്റെയും ഭീകരാക്രമണത്തിന്റെയും ഇരയാണല്ലോ. പക്ഷേ ഗെര്‍ഡ് ഗിഗെറെന്‍സര്‍ മറ്റൊരു കോണിലൂടെയാണ് ഈ പ്രശ്നത്തെ കാണുന്നത്.
അമേരിക്കയില്‍ ഇടിമിന്നലേറ്റ് ഓരോ വര്‍ഷവും മരണമടയുന്നവരുടെ സംഖ്യ ഭീകരാക്രമണത്താല്‍ മരിക്കുന്നവരെക്കാള്‍ വളരെ കൂടുതലാണ്. അവിടവിടെ ഉണ്ടാകുന്ന വെടിവെപ്പിനാലും എന്തിനു മറ്റുള്ളവര്‍ പുറത്ത് വിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതിനാലും പലരുടെയും ജീവന്‍ അപഹരിക്കപ്പെടുന്നുണ്ട്. ഭീകരാക്രമണത്തെക്കാള്‍ കൂടുതല്‍ ഭയപ്പെടേണ്ടത് ആശുപത്രികളെയാണെന്നാണ് ഗെര്‍ഡ് ഗിഗെറെന്‍സര്‍ പറയുന്നത്.
അവഗണനകൊണ്ടും അജ്ഞത കൊണ്ടും അറി ഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകള്‍ കൊണ്ടും ആശുപത്രികളില്‍ ഉണ്ടാകുന്ന മരണങ്ങളും ഒട്ടും കുറവല്ല. ഇവയില്‍ ഭൂരിഭാഗവും ഒഴിവാക്കാവുന്ന മരണങ്ങളാണ്. അമേരിക്കയില്‍ അനാവശ്യ മരണങ്ങളുടെ എണ്ണം 1999 ല്‍ 98000 ആയിരുന്നത് 2015 ല്‍ നാലുലക്ഷത്തി നാല്‍പതിനായിരം ആയി ഉയര്‍ന്നുവെന്ന് ജേണല്‍ ഓഫ് പേഷ്യന്റ് സേഫ്റ്റിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിവാക്കുന്നു.
മരണപ്പെടാന്‍ സാധ്യത താരതമ്യേന കുറഞ്ഞ ഒന്നിനെ നാം വല്ലാതെ ഭയപ്പെടുന്നതെന്തുകൊണ്ട്? മനശാസ്‌ത്രം അതിന് ഉത്തരം നല്‍കുന്നു. അപായ സാധ്യതയെപ്പറ്റിയുള്ള ഉത്കണ്ഠഭീതി ( Fear Of Dread Risks) എന്നാണ് മനശ്ശാസ്‌ത്രജ്ഞര്‍ അതിനെ വിശേഷിപ്പിക്കുന്നത്. ഞൊടിയിടയില്‍ അനേകം പേര്‍ കൊല്ലപ്പെടുന്ന ഒരു സാഹചര്യത്തിലാണ് ഈ ഭീതി വെളിപ്പെടുന്നത്. മരിക്കുന്നതിനെപ്പറ്റിയല്ല ഈ ഭയം എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നെങ്കിലും മരിക്കേണ്ടിവരുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ പെട്ടെന്ന് ഓര്‍ക്കാപ്പുറത്ത് അനേകം പേരോടൊപ്പം മരിച്ചുവീഴുന്നതിനെപ്പറ്റിയുള്ള ഭയമാണത്. അത്രതന്നെയോ അതില്‍ കൂടുതലോ ആളുകള്‍ പലയിടത്തായി പലസമയത്ത് ബൈക്ക് അപകടത്തില്‍ ആശുപത്രിയില്‍, വെടിവെപ്പില്‍ ഒക്കെ മരിക്കുമ്പോള്‍ ഇത്ര തന്നെ ഉത്കണ്ഠയോ ഭയമോ ഉണ്ടാകുന്നില്ല. അക്കാരണം കൊണ്ടുതന്നെ ഭീകരവാദികള്‍ രണ്ടുതവണ ആക്രമിക്കുന്നുണ്ട്. ഒന്ന് കായികബലം കൊണ്ട് രണ്ട് അപായസാധ്യതയെപ്പറ്റിയുള്ള ഉത്കണ്ഠഭീതിക്ക് അടിമപ്പെടുന്ന നമ്മുടെ പ്രവണതയെ ചൂഷണം ചെയ്തുകൊണ്ട്. 2001 സെപ്തംബര്‍ പതിനൊന്നാം തിയതി അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഭീകരാക്രമണത്തിന് ശേഷം അനേകം അമേരിക്കന്‍ പൗരന്‍മാര്‍ വീമാനയാത്ര ഒഴിവാക്കി റോഡ് മാര്‍ഗം സഞ്ചരിക്കാന്‍ തുടങ്ങി. പരിണിതഫലമായി ഉണ്ടായ വാഹനാപകടങ്ങള്‍ മൂലം ഏതാണ്ട് പതിനാറായിരം പേര്‍ കൊല്ലപ്പെട്ടു. ഇത് അക്കാലത്ത് ഹൈജാക്ക് ചെയ്യപ്പെട്ട നാല് വീമാനങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലായിരുന്നു. ഒസാമ ബിന്‍ലാദന്റെ രണ്ടാമത്തെ അടിയായിരുന്നു അത്. വിമാനയാത്ര ചെയ്തിരുന്നുവെങ്കില്‍ അവരില്‍ പലരും ഇന്ന് ജീവനോടെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടാകുമായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമേരിക്കയില്‍ വിമാനാപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
മറ്റൊരു വസ്തുത കൂടി ലേഖകന്‍ ചര്‍ച്ചാവിഷയമാക്കുന്നുണ്ട്. ഭീകരാക്രമണം പ്രതിരോധിക്കുവാനായി നിയോഗിക്കപ്പെട്ട ഹോംലാന്റ് സെക്യൂരിറ്റി പോലുള്ള സ്ഥാപനങ്ങള്‍ക്ക് പണം വാരിക്കോരി കൊടുക്കുന്നുണ്ട്. ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന ഒന്നാമത്തെ അടി തടയാനാണീ പണം. പക്ഷേ രണ്ടാമത്തെ പ്രഹരം തടയാന്‍ പണം ഒട്ടും തന്നെ നീക്കിവെച്ചിട്ടില്ല. ആദ്യത്തേത് പ്രത്യക്ഷമാണെങ്കില്‍ രണ്ടാമത്തേത് പരോക്ഷമാണ്. അവിടെയാണ് പൊതുജനങ്ങളെ മനശ്ശാസ്‌ത്രപരമായി ഉത്ഭുദ്ധരാക്കേണ്ടതിന്റെ പ്രാധാന്യം. ഭീകരവാദികള്‍ എങ്ങനെ നമ്മുടെ ഭീതിയെ ചൂഷണം ചെയ്യുന്നുവെന്ന് സാമാന്യജനങ്ങളെ പഠിപ്പിക്കുന്നത് വഴി നമുക്ക് അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയും. സെക്യൂരിറ്റി ഏജന്‍സികള്‍ രക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജനങ്ങളെ, ചില സ്ഥാപിത താല്പര്യക്കാരും രാഷ്ട്രീയനേതാക്കളും അപായസാധ്യതയെപ്പറ്റിയുള്ള ഉത്കണ്ഠാഭീതിയില്‍ ആളിക്കത്തിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഗെര്‍ഡ് ഗിഗെറെന്‍സര്‍ പരാതിപ്പെടുന്നു. അതുവഴി ജനങ്ങളുടെ സ്വകാര്യതയ്ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും നിയന്ത്രണം സൃഷ്ടിക്കുന്നു. ഭീകരാക്രമണത്തേക്കാള്‍ ഭയാനകം ഭീകരതയുടെ ഉള്‍ക്കിടുക്കത്തില്‍ ജീവിക്കുന്നതാണെന്ന് ഗെര്‍ഡ് ഗിഗെറെന്‍സര്‍ സമര്‍ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *