‘മുകളില്‍ നിന്നുള്ള വിപ്ലവം: സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍ധാരകള്‍’ പ്രകാശനം ചെയ്തു

0

തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘മുകളിൽ നിന്നുള്ള വിപ്ലവം’ എന്ന വിവർത്തന ഗ്രന്ഥം മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി പ്രകാശനം ചെയ്തു. ഡോ.കെ.പി.എൻ അമൃതയാണ് പുസ്തകം സ്വീകരിച്ചത്. സോവിയറ്റ് യൂണിയന്റ തകർച്ചയുടെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൂലരചന നിർവഹിച്ചത് ഡേവിഡ് എം കോട്സ് , ഫ്രെഡ് വെയർ എന്നിവർ ചേർന്നാണ്.
ഒരു രാജ്യത്ത് മാത്രമായി വിപ്ലവവും സോഷ്യലിസവും സാധ്യമാവുകയില്ല എന്നും അത് ലോകത്തെല്ലായിടത്തും ഒരുപോലെ സംഭവിക്കുമ്പോൾ മാത്രമേ പ്രയോഗക്ഷമമാകൂ എന്നുമുള്ള ഏംഗൽസിന്റെ നിരീക്ഷണം ശരിവയ്ക്കുന്നതാണ് സോവിയറ്റ് യൂണിയന്റെ തകർച്ച എന്ന് എം. എ. ബേബി പറഞ്ഞു. സമത്വവും തുല്യതയും നിലനിന്ന റഷ്യയിൽ ചിലർ മറ്റുള്ളവരെക്കാൾ കുറച്ചുകൂടി തുല്യരായിരുന്നു. ജനാധിപത്യരാഹിത്യം തകർച്ചയുടെ കാരണങ്ങളിലൊന്നാണ്. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ച ലോകക്രമത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ്. മുതലാളിത്തം ശക്തിപ്പെടാനും വലതുപക്ഷവൽക്കരണത്തിനും അത് ആക്കംകൂട്ടി.
മാതൃകാപരവും അനുകരണീയവുമായ വ്യവസ്ഥയായിരുന്നു സോവിയറ്റ് യൂണിയനിൽ പല രംഗത്തും നിലനിന്നിരുന്നത്. ശാസ്ത്രസാങ്കേതിക രംഗത്തുള്ള കുതിപ്പ്, കുട്ടികളോടും സ്ത്രീകളോടുമുള്ള നീതിപൂർവ്വമായ സമീപനം, ഇതര രാജ്യങ്ങൾക്കുള്ള പിന്തുണ എന്നിവ എടുത്തുപറയേണ്ടവയാണ്. ഹിറ്റ്ലറെയും മുസ്സോളിനിയെയും തോൽപ്പിക്കാൻ നേതൃത്വം നൽകിയത് സോവിയറ്റ് യൂണിയനായിരുന്നു. റഷ്യൻ വിപ്ലവത്തിന് ശേഷം മാത്രമാണ് ഇതര രാജ്യങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശവും തുല്യതയും കൈവന്നത്. എബ്രഹാം ലിങ്കന്റെ ജനാധിപത്യത്തെ കുറിച്ചുള്ള നിർവചനത്തിലെ ജനങ്ങളിൽ സ്ത്രീകൾ ഉൾപ്പെട്ടിരുന്നില്ല. ജനാധിപത്യ പ്രക്രിയയിൽ പങ്കു വഹിക്കാൻ അവർക്കന്ന് അവകാശമുണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയനിൽ 83% സ്ത്രീകളും പ്രതിഫലം കിട്ടുന്ന ജോലി ചെയ്തിരുന്നു. എന്നാൽ അമേരിക്കയിൽ അത് കേവലം 55 ശതമാനം ആണ്. റഷ്യയിലെ ശാസ്ത്രജ്ഞരിൽ 40% സ്ത്രീകളായിരുന്നു. ഇന്ത്യയിൽ അടിസ്ഥാന വ്യവസായ വികസനത്തിന് അടിത്തറയിടാൻ അന്ന് നെഹ്റുവിന് സഹായഹസ്തവുമായി എത്തിയത് റഷ്യയാണ്. രാജ്യത്തെ പഞ്ചവത്സര പദ്ധതിയും സോവിയറ്റ് യൂണിയൻ വിഭാവനം ചെയ്തതായിരുന്നു.
സോഷ്യലിസ്റ്റ് ജനാധിപത്യ പ്രക്രിയയിൽ പിഴവുകൾ ഉണ്ടായിട്ടുണ്ട്. വികസന പ്രവർത്തനത്തിൽ ജനകീയതയും സാംസ്കാരികതയും ഉണ്ടായില്ല. ജയിക്കാൻ മുതലാളിത്തം ഏതു വഴിയും സ്വീകരിക്കും. എന്നാൽ എന്തു ചെയ്യണമെങ്കിലും കമ്മ്യൂണിസത്തിന് ഒരു സിദ്ധാന്തത്തിന്റെ പിൻബലം വേണം. പ്രവർത്തിക്കാൻ സിദ്ധാന്തം അനിവാര്യമാണെന്ന നിഷ്കർഷ കമ്മ്യൂണിസത്തിന്റെ ശക്തിയും ദൗർബല്യവും ആണ്. സമൂഹത്തിൽ അസമത്വങ്ങൾ തനിയെ ഇല്ലാതാവില്ല. അതിന് പോരാട്ടങ്ങൾ അനിവാര്യമാണെന്ന് എറിക് ഹോബ്സനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
എൻ. വി. കൃഷ്ണവാര്യരുടെ ‘ഹെ, ലെനിൻ’ എന്ന കവിത രാജൻ നെല്ലായി ആലപിച്ചു. പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുസ്തകം വിവർത്തനം ചെയ്ത ഡോ. കെ. പ്രദീപ് കുമാർ തന്റെ രചനാനുഭവങ്ങൾ പങ്കുവെച്ചു. ജില്ലാ പ്രസിഡന്റ് കെ. എസ്. ജയ സ്വാഗതവും ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *