“ലാബറട്ടറി പരിശോധനകളുടെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാര്‍ ഇടപെട​ണം”

0
തുടര്‍ വിദ്യാഭ്യാസ സെമിനാറില്‍ ഡോ. കെ രമേഷ് കുമാര്‍ സംസാരിക്കുന്നു.

തൃശൂര്‍: മെഡിക്കൽ ലാബറട്ടറി പരിശോധനകളുടെ ഗുണമേന്മ ഉറപ്പാക്കിയാൽ മാത്രമേ രോഗനിർണയവും ചികിത്സയും ഫലപ്രദമാകൂയെന്നും അതിന് കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തേണ്ടത് പൊതുജനാരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്നും ലാബറട്ടറികളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ രൂപീകൃതമായ ദേശീയ സമിതിയുടെ ( NABL) ലീഡ് അസസ്സർ ഡോ. കെ രമേഷ് കുമാർ പറഞ്ഞു. എം.സി നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് ഡോക്ടർമാർ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ, ലാബ് ടെക്നീഷ്യന്മാർ എന്നിവർക്കായി സംഘടിപ്പിച്ച തുടർവിദ്യാഭ്യാസ പരിപാടിയിൽ ലാബറട്ടറി രംഗത്തെ പുത്തൻ പ്രവണതകൾ (Latest Trends in Diagnostic Medicine) എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാബറട്ടറി മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ രംഗത്തുണ്ടാകുന്ന മാറ്റങ്ങളും പുരോഗതിയും ടെക്നീഷ്യന്മാർക്ക് അപ്പപ്പോൾ പകർന്നു നൽകാൻ തുടർവിദ്യാഭ്യാസ പരിപാടികൾ ഔദ്യോഗിക തലത്തിൽ തന്നെ സംഘടിപ്പിക്കണം. പരിശോധനാ ഫലങ്ങൾ ഗുണമേന്മയോടൊപ്പം വേഗതയിലും നൽകാനാവശ്യമായ പുത്തൻ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം. ലാബറട്ടറിയുടെ ഗുണഭോക്താക്കൾ രോഗികളാണെന്ന് നാം മറന്നുകൂട. – അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ അധ്യക്ഷത വഹിച്ചു. ശതാബ്ദി ആഘോഷസമിതി കൺവീനർ സി.ബാലചന്ദ്രൻ , പരിഷത്ത് ഒല്ലൂക്കര മേഖലാ പ്രസിഡണ്ട് എം.എൻ ലീലാമ്മ, മെഡി.കോളേജ് യൂണിറ്റ് കമ്മിറ്റി അംഗം ഡോ.കെ.എ.ഹസീന എന്നിവർ സംസാരിച്ചു. മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ ഒല്ലൂക്കര മേഖല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *