ലൂക്ക ഓൺലൈൻ സയൻസ് ക്വിസ് 2.0

0
ലൂക്ക ഓണ്‍ലൈന്‍ സയന്‍സ് ക്വിസിന്റെ സംസ്ഥാന തല ഉദ്‌ഘാടനം
SCERT ഡയറക്ടർ ഡോ. ജെ പ്രസാദ് നിർവ്വഹിക്കുന്നു.

പാലക്കാട്: മലയാളത്തിലെ ഏക സയന്‍സ് പോർട്ടലായ ലൂക്ക (luca.co.in)യും അന്താരാഷ്ട്ര ഏജൻസിയായ യുണിസെഫും ഐ.ആർ.ടി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ സയൻസ് ക്വിസിന് തുടക്കമായി. ക്വിസിന്റെ സംസ്ഥാന തല ഉദ്‌ഘാടനം 2020 ജനുവരി 1-ന് തിരുവനന്തപുരത്ത് പട്ടം ഗവണ്മെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ SCERT ഡയറക്ടർ ഡോ. ജെ പ്രസാദ് നിർവ്വഹിച്ചു. എല്ലാ ജില്ലകളിലും തെരഞ്ഞെടുത്ത സ്‌കൂളുകളിൽ ജില്ലാതല ഉദ്‌ഘാടനവും നടന്നു. പരിഷത്തിന്റെ ജനകീയ ഗവേഷണ സ്ഥാപനമായ പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐ.ആർ.ടി.സി.) കേന്ദ്രീകരിച്ചാണ് യൂണിസെഫുമായി സഹകരിച്ചുള്ള ഈ പരിപാടിയുടെ അനുബന്ധ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മുഴുവൻ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ലൂക്ക ക്വിസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനോടകം ആയിരക്കണക്കിന് ശാസ്ത്രതൽപരരായ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു കഴിഞ്ഞു. ഒരു ലക്ഷത്തോളം കുട്ടികളെ ഇത്തവണ ക്വിസിൽ പങ്കെടുപ്പിക്കാനാകുമെന്നാണ് കരുതുന്നത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും https://luca.co.in/quiz2020/ എന്ന ലിങ്കിലൂടെ ക്വിസിൽ പങ്കെടുക്കാം. നിത്യജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശാസ്ത്രത്തിന്റെ രീതി ഉപയോഗിക്കാൻ സ്കൂൾ കുട്ടികളെ പ്രേരിപ്പിക്കുക, അതുവഴി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഭൗതികശാസ്ത്രം, ജീവശാസ്ത്രം, പരിസരപഠനം, ഗണിതം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ നിന്നായി വിദഗ്ധർ തയ്യാറാക്കിയ 1300 ഓളം ചോദ്യങ്ങളാണ് ക്വിസിനായി ഒരുക്കിയിരിക്കുന്നത്. ക്വിസിന്റെ ഒന്നാം ഘട്ടത്തിൽ എല്ലാവർക്കും പങ്കെടുക്കാം. ഒന്നാം ഘട്ടത്തിൽ 20 പൊതു ശാസ്ത്ര ചോദ്യങ്ങൾ ആണ് ഉണ്ടാവുക. വിദ്യാർഥികൾക്ക് നേരിട്ടും സ്‌കൂളുകൾ വഴി ഒന്നിച്ചും ക്വിസിൽ രജിസ്റ്റർ ചെയ്യാം. ഒന്നാം ഘട്ടം കടക്കുന്നവർക്ക് രണ്ടാം ഘട്ടത്തിൽ 20 വിഷയങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ക്വിസിൽ പങ്കെടുക്കാവുന്നതാണ്. എത്ര വിഷയ മേഖലകളിൽ വേണമെങ്കിലും വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ പങ്കെടുക്കാം. ഓരോ വിഷയത്തിലും പാസ്സ് ആകുന്നവർക്ക് പ്രത്യേകം പ്രത്യേകം ബാഡ്ജുകൾ നൽകും. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കായി സംസഥാന തല ശില്പശാലകളും സംഘടിപ്പിക്കും.
പരിഷത്ത് സയൻസ് പോർട്ടലായ ലൂക്ക വഴി നടത്തിയ ക്വിസ് പ്രോഗ്രാമിന്റെ വിപുലീകൃത രൂപമായാണ് ‘ലൂക്ക ക്വിസ് 2.0’ നടത്തുന്നത്. ആവർത്തനപ്പട്ടികയുടെ 150ാം വാർഷികത്തിന്റെ ഭാഗമായി പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ നടത്തിയ ആദ്യ ലൂക്ക ഓൺലൈൻ സയൻസ് ക്വിസ്സിൽ അൻപതിയനായിരത്തോളം പേരാണ് രണ്ട് ഘട്ടങ്ങളിലായി പങ്കെടുത്തത്. ഇതിന്റെ വർധിച്ച ജനകീയത യൂണിസെഫുമായി സഹകരിച്ച് ‘ലൂക്ക ക്വിസ് 2.0’ നടത്താനുള്ള ഊർജ്ജമായി.

Leave a Reply

Your email address will not be published. Required fields are marked *