വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം

0

കാസര്‍ഗോഡ്

ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപക ശില്പശാലയിൽ നിർമ്മിച്ച കണ്ണടകളുമായി അധ്യാപകർ

സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും പുതുതലമുറയിൽ ശാസ്ത്രബോധം വളർത്താനുമുള്ള ഒരു അവസരമായി ജില്ലാ കമ്മിറ്റി വലയ സൂര്യഗ്രഹണത്തെ കാണുന്നു. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായി ജില്ലാ ശാസ്ത്രാവബോധ സമിതി രൂപീകരിച്ച് ഗ്രന്ഥശാലാ സംഘം, കുടുംബശ്രീ മിഷൻ, സയൻസ് ക്ലബ്ബുകൾ, അധ്യാപക, വിദ്യാർത്ഥി, ബഹുജന പ്രസ്ഥാനങ്ങൾ ഇവയുടെ ഒക്കെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് പരിഷത് ഭവനിൽ നടന്ന ജില്ലാതല പരിശീലന പരിപാടി പ്രൊഫ. എം ഗോപാലൻ ഉദ്ഘാടനം ചെയ്തു.
സയൻസ് ക്ലബ്ബ് നേതൃത്വത്തിൽ ശാസ്താധ്യാപകർക്ക് ഗ്രഹണ നിരീക്ഷണ കണ്ണട, പിൻ ഹോൾ ക്യാമറ, സൗരദർശനി ഇവയുടെ നിർമാണ പരിശീലനവും ക്ലാസും നടന്നു വരുന്നു. വായനശാലകളിലും കുടുംബശ്രീകളിലും വിവിധങ്ങളായ ക്ലാസുകൾ നടന്നുവരുന്നുണ്ട്. ബാലസംഘം പോലുള്ള പ്രസ്ഥാനങ്ങൾ കുട്ടികളുടെ ക്യാമ്പുകൾ, നക്ഷത്ര നിരീക്ഷണം അടക്കം നടത്തുന്നുണ്ട്. നാഷണൽ സർവീസ് സ്കീം ദശദിന ക്യാമ്പിന്റ ഭാഗമായി ഗ്രഹണ നിരീക്ഷണ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
പരിഷത്തിന്റെ മുഴുവൻ യൂണിറ്റുകളിലും ‘ഗ്രഹണം’ എന്ന പേരുള്ള ചെറു പുസ്തകം പ്രചരിപ്പിക്കുകയും, അന്ധവിശ്വാസത്തിനെതിരായ ക്ലാസുകൾ എടുക്കുകയും ഗ്രഹണ നിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.
ചെറുവത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിലെല്ലാം ഡിസംബർ 26 ന് മുമ്പ് സൂര്യഗ്രഹണത്തെക്കുറിച്ച് ക്ലാസും സോളർ കണ്ണട, സൗരദർശിനി, പിൻ ഹോൾ ക്യാമറ നിർമ്മാണ ശില്പശാലയും നടത്താനും സൂര്യഗ്രഹണ നിരീക്ഷണത്തിന് വിദ്യാലയങ്ങളിൽ ഒത്തുചേരുന്നവർക്ക് മധുര പലഹാര വിതരണം നടത്താനും തീരുമാനമായി. ഇതിന്റെ ഭാഗമായി ഉപജില്ലയിലെ ശാസ്ത്രാധ്യാപകർക്ക് വലയസൂര്യഗ്രഹണം ക്ലാസും ശിൽപ്പശാലയും ൈസംഘടിപ്പിച്ചു. ബി.പി.ഒ. പി വി ഉണ്ണിരാജൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പ്രദീപ് കൊടക്കാട് ക്ലാസെടുത്തു. പി വേണുഗോപാലൻ സ്വാഗതവും സരോജിനി നന്ദിയും പറഞ്ഞു.

വയനാട്

ആയിരങ്ങൾ പങ്കെടുക്കുന്ന മഹാ സംഗമത്തിന് കൽപ്പറ്റ ഒരുങ്ങുന്നു. കൽപ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആണ് മഹാ സംഗമം നടക്കുക. രാവിലെ 8 മുതൽ 11 വരെ ആണ് ഗ്രഹണ വേള. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും സുരക്ഷിതമായി സൂര്യഗ്രഹണം കാണുന്നതിനും ഗ്രഹണം സംബന്ധിച്ച സയന്‍സ് മനസിലാക്കാനും അവസരമൊരുക്കി ഗ്രഹണം ആഘോഷമാക്കാൻ ഉള്ള ശ്രമത്തിലാണ് സംഘാടകര്‍.
പരിഷത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ, ആസ്ട്രോ വയനാട്, ടോട്ടം റിസോഴ്‍സ് സെന്റർ, കുടുംബശ്രീ മിഷൻ, സയൻസ് ക്ലബ് അസോസിയേഷൻ, ശാസ്ത്രരംഗം തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് കൽപ്പറ്റ നഗര സഭയുടെയും കോഴിക്കോട് റീജിണൽ സയൻസ് സെന്ററിന്റെയും സഹകരണത്തോടെ ഗ്രഹണ നിരീക്ഷണത്തിന് അവസരം ഒരുക്കുന്നത് .
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ തോമസ് തേവര അദ്ധ്യക്ഷത വഹിച്ചു. സാബു ജോസ് എം.എം.ടോമി, കെ റ്റി ശ്രീവത്സൻ, ജയ് ശ്രീകുമാർ, എം.സുനില്‍കുമാര്‍, ഷിബു കുറുമ്പേമഠം, രതീഷ് കെ ഏ, ബഷീര്‍ ആനന്ദ് ജോണ്‍, എം കെ ദേവസ്യ, സി കെ ദിനേശ്കുമാര്‍, ആശ പോള്‍ എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ എന്നിവര്‍ രക്ഷാധികാരികൾ ആയി സ്വാഗത സംഘം രൂപീകരിച്ചു. പി കെ ബാബുരാജ് സ്വാഗതവും പി വി നിതിന്‍ നന്ദിയും പറ‌‍ഞ്ഞു.

തൃശൂര്‍

വലയസൂര്യഗ്രഹണം തൃശൂര്‍ ജില്ലാ പരിശീലനം ഡോ. ടി ആർ ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
കണ്ടശ്ശാംകടവ് ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർ സെക്കൻറ്ററി സ്കൂളിൽ നടന്ന ശാസ്ത്രാധ്യാപക പരിശീലനം.

ഡിസംബർ 26ന് ആകാശത്ത് അരങ്ങേറുന്ന വലയസൂര്യഗ്രഹണമെന്ന ദൃശ്യവിസ്മയത്തെ തെരുവിലും പൊതുഇടങ്ങളിലും ഇറങ്ങി ജനങ്ങൾ ആഘോഷപൂർവ്വം വരവേൽക്കണമെന്നും വീട്ടിനുള്ളിൽ കതകടച്ചിരിക്കാതെ കണ്ണാടിയിൽ പ്രതിഫലിപ്പിച്ച് ഗ്രഹണത്തെ വീട്ടിലേക്ക് ആനയിക്കുകയാണ് വേണ്ടതെന്നും ഗ്രഹണം സംബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച ജില്ലാപരിശീലനം ആഹ്വാനം ചെയ്തു. തൃശ്ശൂർ സെൻറ് മേരീസ് കോളേജിലെ ഫിസിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ബാബാ അറ്റോമിക് റിസർച്ച് സെന്ററിൽ നിന്ന് വിരമിച്ച സീനിയർ സയന്റിസ്റ്റ് ഡോ. ടി ആർ ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ എൻജിനീയറിങ്ങ്, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർഥികളും അധ്യാപകരും വിവിധ സംഘടനാ പ്രതിനിധികളും പരിശീലനത്തില്‍ പങ്കെടുത്തു.
ശാസ്ത്രാവബോധ സമിതി ചെയർമാൻ പ്രൊഫ. കെ ആർ ജനാർദ്ദനൻ, ബ്രേക്ക് ത്രു സയൻസ് സൊസൈറ്റി ജില്ലാ കൺവീനർ ഡോ. പി എസ് ബാബു, വി മനോജ് കുമാർ, കെ എസ് സുധീർ എന്നിവർ ക്ലാസ്സെടുത്തു.
ജില്ലാപ്രസിഡണ്ട് കെ എസ് ജയ, സെക്രട്ടറി ടി സത്യനാരായണൻ, സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ മാഗി ജോസ്, ഫിസിക്സ് മേധാവി ഡോ. ലിറ്റി, കെമിസ്ട്രി മേധാവി ഡോ. ടി ഗീത എന്നിവർ സംസാരിച്ചു.
കണ്ടശ്ശാംകടവ് ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർ സെക്കൻറ്ററി സ്കൂളിൽ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരണവും സൂര്യഗ്രഹണത്തെ കുറിച്ച് ശാസ്ത്രക്ലാസും നടന്നു. വിവിധ സ്കൂളുകളിൽ നിന്ന് ശാസ്ത്രാധ്യാപകരും പൊതുപ്രവർത്തകരും പങ്കു കൊണ്ടു.
എന്‍എസ്എസ് ക്യാമ്പുകൾ, ഓട്ടോ തൊഴിലാളികൾ, മാർക്കറ്റ്, പാടശേഖര സമിതികൾ, കുടുബശ്രി യൂണിറ്റുകൾ വിദ്യർത്ഥികൾ ഓഫീസുകൾ എല്ലാം അടങ്ങുന്ന 300 കേന്ദ്രങ്ങളിലാണ് വലയ സൂര്യഗ്രഹണം വീക്ഷിക്കുക. കാരമുക്ക് സർവ്വീസ് സഹകരണ ബാങ്ക് അച്ചടിച്ചു നൽകുന്ന ബഹുവർണ ശാസ്ത്രപോസ്റ്റർ പഞ്ചായത്തിൽ പ്രചരണത്തിന് ഉപയോഗിക്കും. 300 കേന്ദ്രങ്ങളിൽ ശാസ്ത്ര അധ്യാപകർ പ്രകാശനം നിർവ്വഹിക്കും. സഹകരണ ബാങ്ക് പ്രസിഡണ്ട് ടി ഐ ചാക്കോ സൗരക്കണ്ണട വിതരണോദ്ഘാടനം നിർവ്വഹിച്ചു. ലോഗോ പ്രകാശനം കുടുബശ്രി ചെയർ പേഴ്സൺ ഗിരിജ രാമചന്ദ്രൻ നിർവഹിച്ചു.
ശാസ്ത്രകേരളം വലയസൂര്യഗ്രഹണ പതിപ്പ് കണ്ടശ്ശാംകടവ് കോൺവൻറ്റ് സ്കൂൾ ഫിസിക്സ് അധ്യാപിക അമല ടീച്ചറും യുറീക്ക പ്രത്യേക പതിപ്പ് മുണ്ടശ്ശേരി സ്ക്കൂൾ ഫിസിക്സ് അധ്യാപിക വൽസലടീച്ചറും ഏറ്റുവാങ്ങി. ‘വലയസൂര്യഗ്രഹണം: മിത്തും ശാസ്ത്രവും’ എന്ന വിഷയം പരിഷത്ത് നിർവ്വാക സമിതി അംഗം കെ എസ് സുധീർ അവതരിപ്പിച്ചു . എസ് എന്‍ ജി എസ് എച്ച് എസ് അധ്യാപകൻ ബിനോയ്, മുണ്ടശ്ശേരി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് റോഷൻ മാസ്റ്റർ വാർഡ് അംഗം ജോയ് മോൻ പള്ളികുന്നത്ത് എന്നിവരും സംസാരിച്ചു.
തുടർ പ്രവർത്തനത്തിന് വേണ്ടി മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി ശശി ചെയർ പേഴ്സണായും പരിഷത്ത് മേഖലാകമ്മിറ്റി അംഗം കെ ആർ അനിൽകുമാർ ജനറൽ കൺവിനറായും 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.
നെൽസൻ മാത്യു അധ്യക്ഷനായി. അന്തിക്കാട് മേഖലാ സെക്രട്ടറി ടി വി ഭുവനദാസ് നന്ദി പറഞ്ഞു.

കണ്ണൂര്‍

ശാസ്ത്രകേരളം, യുറീക്ക സൗരോത്സവ പതിപ്പിന്റെ പ്രകാശനം ഫാ. വർഗീസ് പടിഞ്ഞാറെ കരയിൽ നിർവ്വഹിക്കുന്നു.

കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ നടന്ന വാനനിരീക്ഷണവും ആകാശവിസ്മയം ക്ലാസ്സും പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ പി പ്രദീപൻ ക്ലാസെടുത്തു. ശാസ്ത്രകേരളം, യുറീക്ക സൗരോത്സവ പതിപ്പിന്റെ പ്രകാശനം സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറെ കരയിൽ നിർവ്വഹിച്ചു. പി കെ സുധാകരൻ, മേഖലാ സെക്രട്ടറി എം വി മുരളീധരൻ, എം വി മാത്യു എന്നിവർ സംസാരിച്ചു.

എറണാകുളം

2019 ഡിസംബർ 26 ന് ദൃശ്യമാകുന്ന ആകാശവിസ്മയ കാഴ്ച “വലയസൂര്യഗ്രഹണം” സംബന്ധിച്ച് ശാസ്ത്രീയ വിശദീകരണം നൽകി. മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളകം, മനാറി, വാഴപ്പിള്ളി എന്നീ പബ്ലിക്ക് ലൈബ്രറി കളുമായി യോജിച്ചാണ് ക്ലാസ് നടത്തിയത്. ജില്ലാ കമ്മിറ്റി അംഗം കെ കെ ഭാസക്കരൻ മാസ്റ്റർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കെ കെ മാത്തുക്കുട്ടി, പി എം ഷെമീർ, സിന്ധു ഉല്ലാസ്, കെ ആര്‍ വിജയകമാർ, കെ കെ കുട്ടപ്പൻ, എം എം രാജപ്പൻ പിള്ള, പ്രേംകുമാർ ജി തുടങ്ങിയവർ വിവിധ ലൈബ്രറികളിൽ വിശദീകരണത്തിന്ന് നേതൃത്വം നൽകി.

തിരുവനന്തപുരം

‘ഗ്രഹണം അറിയേണ്ടത്’ എന്ന വിഷയത്തിൽ ഡോ. വൈശാഖൻ തമ്പി ക്ലാസ്സെടുക്കുന്നു.

ജില്ലയിൽ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കുന്ന കുടുംബശ്രീ, ഗ്രന്ഥശാല പ്രവർത്തകർ, അധ്യാപകർ, പരിഷത്ത് പ്രവർത്തകർ എന്നിവർക്കുള്ള പരിശീലനം ഡിസംബര്‍ ഒന്നിന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽനടന്നു. ‘ഗ്രഹണം അറിയേണ്ടത്’ എന്ന വിഷയത്തിൽ ഡോ. വൈശാഖൻ തമ്പി ക്ലാസ്സെടുത്തു. തുടർന്ന് ശത് പ്രഭാവും ശ്രീരാഗും നേതൃത്വം കൊടുത്ത ഗ്രഹണ നിരീക്ഷണ മാർഗ്ഗങ്ങളെ കുറിച്ചുള്ള ക്ലാസ്സുമുണ്ടായിരുന്നു.
ഓരോ ക്ലാസിന് ശേഷവും ചോദ്യങ്ങളിലൂടെ പ്രതിനിധികൾ സംശയ നിവർത്തി വരുത്തി.78 പേർ പരിശീലനത്തിൽ പങ്കെടുത്തു. ജില്ലയിലെ എല്ലാ മേഖലകളിലും ക്ലാസുകള്‍ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *