വീട്ടകം സർഗ്ഗാത്മകമാക്കി ബാലവേദി കൂട്ടായ്മ

0
ബാലവേദി കൂട്ടായ്മ പ്രദീപ് കൊടക്കാട് ശാസ്ത്ര പരീക്ഷണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.

കാസര്‍ഗോഡ്: കൊടക്കാട് കേന്ദ്രീകരിച്ച് ജില്ലയിലെ വിവിധ അധ്യാപകരെ ഉപയോഗപ്പെടുത്തി ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാലയങ്ങൾ, വായനശാല, ക്ലബ്ബുകൾ തുടങ്ങിയ വാട്സാപ് ഗ്രൂപ്പുകളിൽ ഓൺലൈൻ ക്ലാസ് സജീവമാക്കി. കളിക്കളം, യാത്ര, കൂട്ടുകൂടൽ ഒന്നുമില്ലാതെ സർഗ്ഗാത്മക ബാല്യം വീടുകളിൽ തളച്ചിടുമ്പോൾ കുട്ടികളുമായി കൂട്ടുകൂടാൻ ബാലവേദി കൂട്ടായ്മ.
കൂട്ടായ്മയിൽ വായന, എഴുത്ത്, ചിത്രം വര, കഥ, കവിത, നാടൻപാട്ട്, കളികൾ, ഗണിത കേളി, ശാസ്ത്ര പരീക്ഷണങ്ങൾ, ഒറിഗാമി, കൃഷിപാഠം, നിർമ്മാണ പ്രവർത്തനങ്ങൾ, ഈസി ഇംഗ്ലീഷ്, എല്ലാമുണ്ട്.
യുവശക്തി പാല, ബാലകൈരളി ഗ്രന്ഥാലയം ബാലവേദി, ജില്ലാ ബാലവേദി, പൊള്ളപ്പൊയിൽ എ.എൽ.പി. സ്കൂൾ എന്നിവ സഹകരിച്ചാണ് കൂട്ടായ്മയ്ക്ക് തുടക്കമായത്. ഇന്ന് വിദ്യാലയങ്ങൾ, ഗ്രന്ഥശാലകൾ, ബാലവേദികൾ എന്നിവയുടെ നൂറിലേറെ നവ മാധ്യമ കൂട്ടായ്മകളിൽ ജില്ലകൾ കടന്നും പ്രചരിക്കുന്നു.
ലോക്ക്ഡൗൺ കാലമായതിനാൽ മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ നിന്നാണ് വീഡിയോകൾ ചിത്രീകരിക്കുന്നത്. തൃക്കരിപ്പൂരിലെ പരിസ്ഥിതീ പ്രവർത്തകൻ വി വി രവീന്ദ്രൻ വീട്ടിലും പരിസരത്തും കാണുന്ന ചെറുജീവികളെ നിരീക്ഷിച്ച് തയ്യാറാക്കിയ പ്രകൃതി പാഠം ഏഴ് ക്ലാസുകൾ പിന്നിട്ടു. ഉറുമ്പ്, ചിലന്തി, കുഴിയാന, പുൽച്ചാടി, മരങ്ങൾ, പൂക്കൾ എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് ഓരോ ദിനങ്ങളിൽ കുറിപ്പുകളായെത്തുന്നു. പ്രമുഖ വ്യക്തികളുടെ രേഖാചിത്രങ്ങൾ വരച്ച് പ്രശസ്തനായ ഇടയിലക്കാട് എ.എൽ.പി. സ്കൂൾ പ്രധാനാധ്യാപകൻ എ അനിൽകുമാറിന്റെ അക്ഷര ചിത്രങ്ങൾ കൂട്ടുകാർ ഏറെ താല്പര്യത്തോടെ കാത്തിരിക്കുന്ന വിഭവമാണ്. പ്രശസ്ത നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി കുട്ടികൾക്ക് വരികൾ കൂട്ടിച്ചേർത്ത് പാടാൻ നാടൻ പാട്ടിന്റെ കെട്ടഴിച്ചു കൊണ്ടിരിക്കുന്നു. മധു പ്രതിയത്തിന്റെ മത്സ്യം, തൊപ്പികൾ, പക്ഷി തുടങ്ങിയവ നിർമ്മിക്കുന്ന ഒറിഗാമി ഗൃഹാന്തരീക്ഷം ശില്പശാലകളാക്കുന്നു. വിനയൻപിലിക്കോടിന്റെ കുട്ടിക്കഥകളും അനുഭവവും കുട്ടികളെ രചനകളിലേക്ക് നയിക്കുന്നു. എം എ ബാബുരാജിന്റെ അക്ക ചിത്രങ്ങൾ ചിത്രം വരയുടെ പുതു ലോകം തുറക്കുന്നു. മുൻ ചെറുവത്തൂർ ബി.പി.ഒ. പ്രശസ്ത പക്ഷിനിരീക്ഷകൻ ഒ രാജഗോപാലൻ ദിവസവും ഓരോ പക്ഷിയുടെ ചിത്രം അയക്കുന്നു. അവയുടെ പേര് കണ്ടെത്തുക മുതിർന്നവർക്കും വെല്ലുവിളിയാണ്. തൊട്ടടുത്ത ദിവസം പക്ഷിയുടെ പേര്, നിറം, വലിപ്പം, ആകൃതി, ശബ്ദം, കൂട്, ആഹാരം, സഞ്ചാര രീതി ഇവയെല്ലാം വിശദീകരിക്കുന്ന ഓവിയോ ക്ലിപ്പെത്തും. പ്രദീപ് കൊടക്കാടിന്റെ ലളിതമായ ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾ ചെയ്ത് നിഗമനങ്ങൾ പങ്കുവെക്കുന്നു.ടി വി സനേഷ് ഗണിത കേളി, ദേശീയ അധ്യാപക അവാർഡ് ജേതാവ് എം മഹേഷ്കുമാറിന്റെ കഥ, നാസർ കല്ലൂരാവിയുടെ പാരന്റിംഗ് ഓറിയന്റേഷൻ, പരിസ്ഥിതീ പ്രവർത്തകർ ആനന്ദ് പേക്കടത്തിന്റെ കൃഷിപാഠം, ഗവ യു.പി. സ്കൂൾ ഒളവറ സങ്കേതയിലെ പ്രധാനാധ്യാപകൻ കെ ഭാസ്ക്കരന്റെ ഗണിത പ്രശ്നങ്ങൾ എന്നിവ കൂട്ടായ്മയിലെ വിഭവങ്ങളായെത്തി എം വി സുരേന്ദ്രൻ റോമൻ. സംഖ്യയുടെ കാണാകാഴ്ചകൾ പരിചയപ്പെടുത്തി. പ്രീത ടീച്ചർ കൊല്ലം കളിയുപകരണങ്ങൾ പരിചയപ്പെടുത്തി. പി പി രാജൻ, രാഹുൽ ഉദിനൂർ ചിത്രരചനയുടെ പുതിയ ലോകം കാണിച്ചു തരുന്നു. ബാലചന്ദ്രൻ എരവിൽ കഥയുടെ രസച്ചരട് പൊട്ടിച്ച് സജീവമായിട്ടുണ്ട്. അനൂപ്കല്ലത്ത്, ഒ പി ചന്ദ്രൻ, സുകുമാരൻ ഈയ്യക്കാട്, എ ശ്രീഹരി തുടങ്ങി നിരവധി വിദഗ്ധർ വിഭവങ്ങളുമായി കാത്തിരിപ്പുണ്ട്.
ബാലവേദി കൂട്ടായ്മ പ്രദീപ് കൊടക്കാട് ശാസ്ത്ര പരീക്ഷണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ടി വി സനേഷ് സ്വാഗതം പറഞ്ഞു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസർ എം കെ വിജയകുമാർ, ജില്ലാ സെക്രട്ടറി കെ പ്രേംരാജ്, ചെറുവത്തൂർ ബി.പി.ഒ. വി എസ് ബിജുരാജ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി വേണുഗോപാലൻ, ബാലകൈരളി ഗ്രന്ഥാലയം പ്രസിഡണ്ട് പി രാമചന്ദ്രൻ, യുവശക്തി ക്ലബ്ബ് പാല പ്രസിഡണ്ട് കെ ഷിമോദ്, പൊള്ളപ്പൊയിൽ എ.എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ടി വി സുഗതകുമാരി എന്നിവർ എല്ലാ സഹായവുമായി കൂടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *