ശാസ്ത്രത്തോടുള്ള സമൂഹത്തിന്റെ വിശ്വാസക്കുറവ് വ്യാജവൈദ്യന്മാരെ സൃഷ്ടിക്കുന്നു- ഡോ. ഷിജു സാം വര്‍ഗീസ്

0
ഡോ. ഷിജു സാം വറുഗീസ് വിഷയാവതരണം നടത്തുന്നു

തൃശ്ശൂർ: പാരിസ്ഥിതിക – വികസന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ആധുനിക ശാസ്ത്രത്തോട് പൊതുസമൂഹത്തിൽ രൂപപ്പെട്ടിരിക്കുന്ന അവിശ്വാസമാണ് വ്യാജ വൈദ്യന്മാരുൾപ്പെടെയുള്ളവരുടെ സൃഷ്ടിക്ക് കാരണമെന്ന് ഗുജറാത്ത് കേന്ദ്രീയ സർവകലാശാലയിലെ സാമൂഹിക ശാസ്ത്രജ്ഞൻ ഡോ. ഷിജു സാം വറുഗീസ് പറഞ്ഞു. തൃശൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിമാസ ശാസ്ത്രപ്രഭാഷണ പരമ്പരയിൽ, ‘പാരിസ്ഥിതിക പ്രതിസന്ധികൾ: നയകാര്യശാസ്ത്രവും ജനാധിപത്യ ഭാവനകളും’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വത്തമാനകാല കേരളം റിസ്ക് സമൂഹമായി മാറിയിരിക്കുന്നു. പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വിവിധ പ്രശ്നങ്ങളിൽ കേരള സമൂഹത്തിന് വലിയ ആശങ്കയും അനിശ്ചിതത്വവുമുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകളുടെ സഹായം കൊണ്ട് മാത്രം പ്രശ്ന പരിഹാരമാകില്ല. ഇവിടെയാണ് നയകാര്യ ശാസ്ത്രത്തിന്റെ പ്രസക്തി. ഭരണകൂടങ്ങൾക്ക് സാമൂഹികനയങ്ങൾ രൂപീകരിക്കാനും ദിശാബോധം നൽകാനുമുള്ള സാങ്കേതിക ഉപദേശം നൽകുന്നതിനായി പ്രവർത്തിക്കുന്ന മണ്ഡലമാണ് നയകാര്യശാസ്ത്രം.
ഹരിതവിപ്ലവം നയകാര്യ ശാസ്ത്രത്തിന് ഉദാഹരണമാണ്. ദാരിദ്ര്യം ഇല്ലാതാക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും എന്ത് ചെയ്യാനാകും എന്ന രാഷ്ട്രീയപ്രശ്നത്തിന് പരിഹാരമായാണ് ഹരിതവിപ്ലവം എന്ന നയകാര്യശാസ്ത്ര നിർദേശം വന്നത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പരിസ്ഥിതി പ്രശ്നങ്ങൾക്ക് മാർഗനിർദ്ദേശവുമായി വന്ന മറ്റൊരു നയകാര്യശാസ്ത്ര ഇടപെടലാണ്. ഇത്തരം നിർദേശങ്ങൾ തള്ളണോ കൊള്ളണൊ എന്നത് അതാത് കാലത്തെ ഭരണകൂടങ്ങളുടെ നിലപാടും നയവുമനുസരിച്ചായിരിക്കും തീരുമാനിക്കപ്പെടുക.
നയകാര്യ ശാസ്ത്ര സ്ഥാപനങ്ങൾ നല്കുന്ന സാങ്കേതികോപദേശങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള സംവിധാനം പരിസ്ഥിതി ഉൾപ്പെടെയുള്ള രംഗങ്ങളിൽ തുടർച്ചയായുണ്ടാകണം. അതുകൊണ്ട് നയകാര്യ ശാസ്ത്രത്തിന്റെ ജനാധിപത്യവല്ക്കരണം വളരെ പ്രധാനമാണ്. അത്തരം തുടർപ്രവർത്തനങ്ങളുടെ, ഇടപഴകൽ വൈദഗ്ധ്യമുള്ള ഏജൻസിയായി പ്രവർത്തിക്കാൻ അരനൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന് സാധിക്കണമെന്ന് ഡോ. ഷിജു അഭിപ്രായപ്പെട്ടു.
ശാസ്ത്രാവബോധ സമിതി ചെയർമാൻ പ്രൊഫ. കെ ആർ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ഡോ. എം പി പരമേശ്വരൻ, ജില്ലാസെക്രട്ടറി ടി സത്യനാരായണൻ, അഡ്വ. വി എൻ ഹരിദാസ്, ഡോ. കെ വിദ്യാസാഗർ, ഡോ. ഡി ഷൈജൻ, ഡോ. എസ് ബിജു, വി ഡി മനോജ്, എൻ ഡി ജോസഫ്, അഡ്വ. ടി വി രാജു, എന്നിവർ സംസാരിച്ചു. രാജൻ നെല്ലായി കവിതാലാപനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *