സി.ജി ശാന്തകുമാറിനെ അനുസ്മരിച്ചു

0
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാകമ്മിറ്റി സംലടിപ്പിച്ച സി.ജി.ശാന്തകുമാർ അനുസ്മരണ യോഗത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ പ്രഭാഷണം നടത്തുന്നു.

ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മതേതര ശക്തികൾക്കേറ്റ കനത്ത തിരിച്ചടി മൂന്ന് പതിറ്റാണ്ട് മുമ്പ് (1990 കൾക്ക് ശേഷം ) ആരംഭിച്ച മാറ്റങ്ങളുടെ തുടർചലനമാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി.മോഹനൻ അഭിപ്രായപ്പെട്ടു. സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരനും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ശ്രമിക് വിദ്യാപീഠം എന്നിവയുടെ തലവനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആയിരുന്ന ബഹുമുഖപ്രതിഭ സി. ജി. ശാന്തകുമാറിനെ അനുസ്മരിക്കാൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ, “കേരളീയർക്ക് നഷ്ടമാകുന്ന യുക്തിബോധം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുതുമുതലാളിത്തത്തിന്റെ വിപണി തന്ത്രങ്ങൾക്ക് അനുസൃതമായി ലോകത്തെമ്പാടും പ്രസരിക്കാൻ ആരംഭിച്ച സാംസ്കാരിക യുക്തികളുടെ (Cultural Logic of late Capitalism) പരിണിതഫലമാണിത്. യാഥാർത്ഥ്യങ്ങൾക്ക് പകരം അതിയാഥാർത്ഥ്യങ്ങളും അതീതയാഥാർ ത്ഥ്യങ്ങളും ആണ് പ്രധാനം എന്ന കാഴ്ചപ്പാടും അയഥാർത്ഥ ലോകങ്ങളും (virtual world) അവതരിപ്പിക്കപ്പെടുന്നു.
വ്യാജപ്രതിച്ഛായകളുടെ നിർമിതിയും മലിന പാഴ് വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ പ്രതിരൂപങ്ങളും (junk sculptures) ആണ് ഈ കാലത്തിന്റെ സവിശേഷത. ഇവിടേയ്ക്കാണ് കോർപ്പറേറ്റ് മുതലാളിത്തം ജനങ്ങളെ നയിക്കുന്നത്.
ഇന്ത്യയെ പുരോഗതിയിലേയ്ക്ക് നയിക്കാൻ അവതരിപ്പിക്കപ്പെട്ട നെഹ്റുവിയൻ പരിപ്രേക്ഷ്യങ്ങൾക്ക് സംഭവിച്ച പരിണാമം സംബന്ധിച്ച് സമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്. മാർക്സിന്റെ അടിസ്ഥാന ആശയങ്ങൾ തൊണ്ണൂറുകൾക്കുശേഷം ചോദ്യം ചെയ്യപ്പെട്ടു. വർഗസമരചരിത്രം തിരുത്തി കുറിക്കപ്പെടുന്നു. വിപ്ലവത്തിന്റെ മുന്നണിപ്പോരാളികൾ തൊഴിലാളി കളാണെന്ന അടിസ്ഥാന സങ്കൽപ്പനത്തിൽ മാറ്റം വരുന്നു.
തൊഴിലാളിവർഗം എന്ന പരികൽപ്പന തന്നെ കാലാനുസൃതമായി രൂപപരിണാമം വരേണ്ടതാണ് എന്ന വാദം ശക്തമാകുന്നു. ചരക്കുകളല്ല, സേവനങ്ങളാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത് എന്നും അതിനാൽ ചരക്കുൽപാദനത്തിന്റെ നിയാമകശക്തികളായ തൊഴിലാളികൾക്ക് പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെടുന്നു എന്നും വാദമുയരുന്നു. മാർക്സിസം ഉൾപ്പെടെയുള്ള ബൃഹദാഖ്യാനങ്ങളെല്ലാം ( Grand Narratives) നിഷേധിക്കപ്പെടുന്നു.
സ്വതന്ത്ര ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഇതാദ്യമായി വിശ്വാസസംരക്ഷണം എന്ന മുദ്രാവാക്യമുയർന്നു.യുക്തിബോധം എന്ന ആശയത്തിന്റെ എതിർ ദിശയിലാണല്ലോ വിശ്വാസങ്ങളുടെ സ്ഥാനം? എല്ലാ വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്ന അടിസ്ഥാന കാഴ്ചപ്പാടിന് പകരം ചോദ്യം ചെയ്യാതെ വിശ്വാസങ്ങൾ സംരക്ഷിക്കയാണ് വേണ്ടതെന്ന ആശയം കേരളീയരിൽ ഒരു വിഭാഗത്തിൽ പ്രബലമാകുന്നു. ഈ സാഹചര്യത്തിലാണ് യുക്തിബോധത്തെ പറ്റി നാം ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിഷത്ത് ജില്ലാ പ്രസിഡണ്ട്‌ കെ.എസ്.ജയ അധ്യക്ഷത വഹിച്ചു.
ഡോ.കാവുമ്പായി ബാലകൃഷ്ണൻ, എം.ദേവയാനി, എം.എ.മണി, ടി.എ.ഷിഹാബുദീൻ, പി.വി.മനോജ് കുമാർ എന്നിവർ സംസാരിച്ചു. പരിഷത്ത് ആനുകാലികങ്ങൾ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രചരിപ്പിച്ച പരിഷത്ത് യൂണിറ്റുകൾക്കും മേഖലകൾക്കുമുള്ള സർട്ടിഫിക്കറ്റും സമ്മാനവും യുറീക്ക മാനേജിംഗ് എഡിറ്റർ എം.ദിവാകരൻ വിതരണം ചെയ്തു. ഇ.ജിനൻ സ്വന്തം കവിത ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *