ശാസ്ത്രാവബോധത്തിനും മതനിരപേക്ഷ ചിന്തയ്ക്കും തടസ്സം നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം

0

” കോവിഡ് മഹാമാരിയിൽ നിന്നും പഠിക്കാനുള്ളത് ” എന്ന വിഷയത്തിൽ ക്ലാസ് എടുത്തുകൊണ്ട് കേരള യൂണിവേഴ്സിറ്റി, ആരോഗ്യ സർവകലാശാല എന്നിവയുടെ വൈസ് ചാൻസിലർ ആയിരുന്ന, പ്രശസ്ത ആരോഗ്യ വിദഗ്ധൻ ഡോക്ടർ ബി. ഇക്ബാൽ ഉദ്ഘാടനം നിർവ്വഹിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട 42-ാം ജില്ലാസമ്മേളനം

” കോവിഡ് മഹാമാരിയിൽ നിന്നും പഠിക്കാനുള്ളത് “- ഡോക്ടർ ബി. ഇക്ബാൽ.

ഭരണഘടന വിഭാവന ചെയ്യുന്ന ശാസ്ത്രാവബോധത്തിനും യുക്തി ചിന്തയ്ക്കും മതേതര മൂല്യങ്ങൾക്കും വളരെയേറെ വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വർഗീയതയും അന്ധവിശ്വാസങ്ങളും സമൂഹത്തിൽ വളർത്തി കൊണ്ടു വരാൻ ഒരു വിഭാഗം ബോധ പൂർവ്വം ശ്രമിച്ചു കൊണ്ടിരിക്കുന്നു. മതാത്മക ചിന്തകൾക്ക് അമിതമായ പ്രാധാന്യം ലഭിക്കുകയും ശാസ്ത്രീയമായ അറിവുകൾ പോലും മതപരമായ കണ്ണടയിലൂടെ നോക്കിക്കാണാൻ ശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രവിരുദ്ധവും മതവിദ്വേഷം പരത്തുന്നതുമായ പ്രചാരണങ്ങൾ, അത്ഭുത ചികിത്സകൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവ പൊതുസമൂഹത്തിൽ തിരിച്ചുവരുന്നത് ആശങ്കാജനകമാണ്. ഈ ജീർണ്ണതകളെ ചെറുക്കാൻ യുക്തിസഹമായ ചിന്താരീതികൾ കുട്ടിക്കാലം മുതൽ തന്നെ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യവും ഒരു അതിജീവന പോരാട്ടവുമായി മാറുന്നു.

കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതി ശാസ്ത്രബോധവും മതേതരത്വവും ഉയർത്തിപ്പിടിക്കാൻ തത്വത്തിൽ ഒരു പരിധി വരെ സഹായകമാണ്. ലിംഗസമത്വം, ഭരണഘടനാ മൂല്യങ്ങൾ, ശാസ്ത്രീയ മനോഭാവം എന്നിവയിൽ ഊന്നിയുള്ള ഉള്ളടക്കം പാഠപുസ്തകങ്ങളിൽ പ്രതിഫലിക്കുന്നുണ്ട് എന്നത് സ്വാഗതാർഹം തന്നെ. എന്നാൽ, പല വിദ്യാലയങ്ങളിലും പ്രസ്തുത പാഠ്യപദ്ധതി കാര്യക്ഷമമായി വിനിമയം ചെയ്യപ്പെടുന്നില്ല എന്ന വസ്തുത ഗൗരവത്തിൽ കാണേണ്ടതുണ്ട്. സംഘപരിവാർ ഉൾപ്പെടെയുള്ള ജാതി-മത സംഘടനകളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ വിദ്യാലയങ്ങളിലാണ് പ്രശ്നം ഗുരുതരമായിട്ടുള്ളത്. ശാസ്ത്രീയ സത്യങ്ങൾ പഠിപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്നു എന്നു മാത്രമല്ല, ശാസ്ത്രീയമായ ഉള്ളടക്കത്തെ അവമതിപ്പോടെ ക്ലാസ് മുറികളിൽ അവതരിപ്പിക്കുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നു. കേവലം മതപരവും വർഗീയവുമായ ചിന്താഗതികൾ ഉറപ്പിക്കുന്ന കേന്ദ്രങ്ങളായി ഇത്തരം വിദ്യാലയങ്ങൾ മാറുന്ന സ്ഥിതി അതീവ ഗൗരവതരമാണ്. കേന്ദ്രസർക്കാർ നയങ്ങളും കേന്ദ്ര വിദ്യാഭ്യാസ ഏജൻസികളെ ഉപയോഗിച്ചുകൊണ്ടുള്ള അവരുടെ ഇടപെടലുകളും ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു എന്നത് നവകേരള നിർമ്മിതിക്ക് വലിയ ഭീഷണി തന്നെയാണ്. വിദ്യാലയങ്ങളിൽ ഭഗവത് ഗീത പഠിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ എൻ.സി.ഇ.ആർ.ടി നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.

ആയതിനാൽ, പൊതുവിദ്യാലയങ്ങളിൽ നിലവിലുള്ള പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ശാസ്ത്രബോധവും യുക്തി ചിന്തയും മതേതര കാഴ്ചപ്പാടും എല്ലാ കുട്ടികളിലും വളർത്തത്തക്ക രീതിയിൽ അവ കാര്യക്ഷമമായി വിദ്യാലയങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും,
ജാതി-മത സംഘടനകളുടെ നിയന്ത്രണത്തിലുള്ള അശാസ്ത്രീയവും ഭരണഘടനാ വിരുദ്ധവുമായുള്ള പഠന- ബോധന രീതികൾ തടയാനും, അല്ലാത്ത വിദ്യാലയങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാനും ആവശ്യമെങ്കിൽ അവ നിർത്തലാക്കാനും,
വിദ്യാലയങ്ങളിൽ നൽകുന്ന വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളോട് നീതി പുലർത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കർശനമായ അക്കാദമിക് ഓഡിറ്റിംഗ് ഏർപ്പെടുത്താനും . അങ്ങനെ വർഗീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടിൽ നിന്ന് കുട്ടികളെ യുക്തിചിന്തയുടെയും മതേതരത്വത്തിന്റെയും വെളിച്ചത്തിലേക്ക് നയിക്കാനും തക്ക ശക്തമായ ഇടപെടലുകൾ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ഈ സമ്മേളനം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ സമ്മേളനം (07-08 Feb 2026) മല്ലപ്പള്ളി സിഎംഎസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ” കോവിഡ് മഹാമാരിയിൽ നിന്നും പഠിക്കാനുള്ളത് ” എന്ന വിഷയത്തിൽ ക്ലാസ് എടുത്തുകൊണ്ട് കേരള യൂണിവേഴ്സിറ്റി, ആരോഗ്യ സർവകലാശാല എന്നിവയുടെ വൈസ് ചാൻസിലർ ആയിരുന്ന, പ്രശസ്ത ആരോഗ്യ വിദഗ്ധൻ ഡോക്ടർ ബി. ഇക്ബാൽ ക്ലാസ് എടുത്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് പ്രൊഫസർ കെ എസ് ശ്രീകല അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ ശ്രീ കെ പി രാധാകൃഷ്ണൻ സ്വാഗതവും ജനറൽ കൺവീനർ ശ്രീ.രമേശ് ചന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.

കൃതജ്ഞത : രമേശ് ചന്ദ്രൻ കെ ജനറൽ കൺവീനർ

പ്രതിനിധി സമ്മേളനത്തിൽ ശ്രീ പ്രവീൺ എം എസ് അനുസ്മരണവും ശ്രീ പി എസ് ജീമോന്‍ സ്വാഗതവും പറഞ്ഞു.ജില്ലാ സെക്രട്ടറി ശ്രീ രാജൻ ഡി ബോസ്  റിപ്പോർട്ടും ജില്ലാ ട്രഷർ ശ്രീമതി എം ജി പ്രമീള വരവ് ചിലവ് കണക്കും പിപിസി റിപ്പോർട്ട് കൺവീനർ ശ്രീ എൻ എസ് രാജേന്ദ്രകുമാറും അവതരിപ്പിച്ചു. ജില്ലാ പ്രവർത്തന അവലോകനം കേന്ദ്ര നിർവാഹസമിതി അംഗം ശ്രീ കെ പ്രസാദ് നിർവഹിച്ചു. മേഖലാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ചർച്ചക്ക് ശേഷം റിപ്പോർട്ടിങ്ങും പരിചയപ്പെടലും നടത്തി. പരിഷത്ത് ദക്ഷിണമേഖല സെക്രട്ടറി ശ്രീ വി കെ നന്ദനൻ സംഘടന രേഖ അവതരണവും നടത്തി. ജില്ലാ പ്രസിഡൻറ് പ്രൊഫസർ കെ എസ് ശ്രീകല പ്രതിനിധി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *