കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 63-ാം സംസ്ഥാന സമ്മേളനം

പ്രമേയം
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട് കാര്യക്ഷമമായി നടപ്പിലാക്കണം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
63-ാം സംസ്ഥാന സമ്മേളനം
2019ൽ പാർലമെൻറ് പാസാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ബിൽ കേരള നിയമസഭ 2018ൽ പാസാക്കി. ആരോഗ്യ, ചികിത്സാ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാൻ സഹായിക്കുന്ന നിയമമാണിത്. ഇതുപ്രകാരം ചികിത്സ/പരിശോധന നടത്തുന്ന സ്ഥാപനങ്ങൾ അവർ നൽകുന്ന സൗകര്യങ്ങൾ, യോഗ്യതയുള്ള ജീവനക്കാർ, നൽകുന്ന സേവനങ്ങൾ, ഈടാക്കുന്ന ഫീസുകൾ തുടങ്ങിയ വിവരങ്ങൾ സുതാര്യമാക്കി ലഭ്യമാക്കുകയും ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കുന്ന ജില്ലാ മെഡിക്കൽ കൗൺസിലിനു മുമ്പിൽ പരിശോധനയ്ക്ക് നൽകുകയും വേണം. മേൽപ്പറഞ്ഞ എല്ലാ വിവരങ്ങളും വെളിപ്പെടുത്തികൊണ്ടുള്ള രജിസ്ട്രേഷൻ നിർബന്ധമാണ്. ചികിത്സാ സേവനങ്ങളും അതിനു ഈടാക്കുന്ന ഫീസ് നിരക്കും ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. മാത്രമല്ല അടിയന്തിര ഘട്ടങ്ങളിൽ രോഗികൾക്ക് അത്യാവശ്യ ചികിത്സ ലഭ്യമാക്കാൻ സർക്കാർ സ്വകാര്യചികിത്സാ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ജീവൻ രക്ഷാ ചികിത്സകൾ നൽകുകയും തൊട്ടടുത്ത റഫറൽ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്. പ്രസ്തുത കാര്യങ്ങളിൽ ഒരു വിവേചനവും പാടില്ല എന്നും നിയമം അനുശാസിക്കുന്നു.
കൺസൾട്ടേഷൻ മാത്രം നടത്തുന്ന സ്ഥാപനങ്ങൾ ഒഴിച്ച് മറ്റെല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. 30 ബെഡ്ഡിൽ താഴെമാത്രം കിടത്തി ചികിത്സാ സൗകര്യം ഉള്ള ചെറിയ ആശുപത്രികൾക്ക് കേരളത്തിലെ സാഹചര്യങ്ങൾ പരിഗണിച്ചു ആവശ്യമായ ഇളവുകൾ നൽകണമെന്ന ആവശ്യം സംസ്ഥാനസർക്കാരിനും ആക്ട് നടപ്പാക്കുന്ന സംസ്ഥാന കൗൺസിലിനും പരിഗണിക്കാവുന്നതാണ്. കൗൺസിലിൻ്റെ അടുത്ത യോഗത്തിൽ തന്നെ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ സാധ്യവുമാണ്.
ലാഭം മാത്രം അടിസ്ഥാനമാക്കി, ബഹുരാഷ്ട്ര കുത്തകകൾ കേരളത്തിൽ സ്വകാര്യമേഖല ആരോഗ്യരംഗം കയ്യടക്കുന്ന കാലത്ത് രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, ചികിത്സാ സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നു എന്നു ഉറപ്പു വരുത്താനും സുതാര്യത ഉറപ്പിക്കാനും പൊതു ഏജൻസിയുടെ ഫലപ്രമായ പരിശോധനയും നിയന്ത്രണങ്ങളും ആവശ്യമാണ്. നിലവിലെ നിയമത്തിൽ ആശുപത്രികൾ നിശ്ചയിക്കുന്ന ചികിത്സാ ഫീസാണ് പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ വിവിധ ഇൻഷ്വറൻസ് ഏജൻസികൾ ഓരോ ചികിത്സയ്ക്കുമായി നിശ്ചയിച്ചിട്ടുള്ള ഗവ. അംഗീകൃത നിരക്കുകൾ കൂടി പ്രദർശിപ്പിക്കുവാൻ ആക്ടിൽ വ്യവസ്ഥ ചെയ്യേണ്ടതുണ്ട്. മേൽ വിശദമാക്കിയ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അറുപത്തിമൂന്നാം സംസ്ഥാന സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു
——————-

