കേരള ശാസ്തസാഹിത്യ പരിഷത്ത്  വാർഷിക സമ്മേളനം

0

ഉൽഘാടന പ്രഭാഷണം

ഡോ. അനന്യ വാജ്പേയ്
(പ്രൊഫസർ
 ന്യൂഡെൽഹി സെൻറർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്മെൻറ്
സൊസൈറ്റി)  

വിഷയം
 “ഹിന്ദുത്വ ദേശീയതയുടെ വളർച്ചയും അത് ഇന്ത്യയുടെ സാമൂഹ്യ ഘടനയിൽ ചെലുത്തുന്ന സ്വാധീനവും ‘

ഇന്ത്യയിൽ ഇന്നും എവിടെയും മത -ഭാഷാ-വസ്ത്ര ഭക്ഷണ വൈവിധ്യം കാണാം.  ബീഹാറിൽ നളന്ദയിലും രാജ്ഗീറിലും വരുന്ന സഞ്ചാരികളിൽ ഹിന്ദുക്കളെയും ബുദ്ധിസ്റ്റുകളെയും ജൈനമത ക്കാരെയും മുസ്ലീങ്ങളെയും സിഖുകാരെയും കാണാം. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ പരമ്പരാഗത വസ്ത്രധാരണത്തിലും പ്രാദേശികഭാഷയിലും  ഭക്ഷണത്തിലും  തനിമ പുലർത്തുന്ന നിരവധി സമൂഹങ്ങളുണ്ട്.

കൽക്കത്തയിലെ ഏറ്റവും ഉയരം കൂടിയ സിനഗോഗിൻ്റെ മുകളിൽ കയറി നോക്കിയാൽ നഗരത്തിൽ ചിതറിക്കിടക്കുന്ന  ഗുരുദ്വാരകളും ചർച്ചുകളും മുസ്ലീം പള്ളികളും ക്ഷേത്രങ്ങളും കാണാം. ഗ്വാളിയറിൽ സംഗീതജ്ഞരായ താൻസെന്നിൻ്റെയും സ്വാമി ഹരിദാസിൻ്റെയും ഷെയ്ഖ് മുഹമ്മദ് ഖോസിൻ്റെയും ഖബറിടങ്ങൾ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു.

രാജസ്ഥാനിൽ ജോധ്പൂറിൽ കബീറിൻ്റെയും സൂഫി ഗായകരുടെയും പാട്ടുകൾ നാടോടിപ്പാട്ടുകാർ പാടി നടക്കുന്നതു കാണാം.

ബനാറസിൽ മുസ്ലിം സമുദായത്തിൽ പെട്ടവരാണ് വിശിഷ്ടമായ സാരികളും വസ്ത്രങ്ങളും നിർമിക്കുന്നതും വിപണനം നടത്തുന്നതും. കേരളത്തിലൂടെ സഞ്ചരിച്ചാൽ പാതകൾക്കിരുപുറവും ചർച്ചുകളും അമ്പലങ്ങളും മോസ്കുകളും ആഹാര വൈവിധ്യം വിളിച്ചോതുന്ന റസ്റ്റോറൻ്റുകളും വ്യാപകമാണ്. ഇവയെല്ലാം ഇന്ത്യയുടെ യഥാർഥ സംസ്കാരം ബഹുമത ബഹുഭാഷാ സംസ്കാരമാണെന്നതാണെന്ന് സൂചിപ്പിക്കുന്നു. ഈ ബഹുസ്വരതയെ ഇല്ലാതാക്കാനാണ് ഇന്നത്തെ ശ്രമം.  യു.പിയിൽ ക്രിസ്മസിന് അവധി ഇല്ലാതാവുകയും ആ ദിവസം പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെയും അടൽ ബിഹാരി ബാജ്പേയുടെയും ജന്മദിനാചരണമാക്കാൻ ഉത്തരവിറക്കുകയും ചെയ്തിരിക്കുന്നു. രാജ്യത്തെങ്ങും ന്യുനപക്ഷാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.

മാധ്യമങ്ങളും നവമാധ്യങ്ങളും സിനിമയുമെല്ലാം ഇതിനായി പ്രയോജനപ്പെടുത്തുകയാണ്. കേരള സ്‌റ്റോറി, കശ്മീർ സ്റ്റോറി, ജാവ, ധുരന്തർ തുടങ്ങിയ വൻകിട സിനിമകൾ ഇസ്ലാം വിരുദ്ധതയും ഇസ്ലാമോഫോബിയും പരത്തുകയാണ്. പഴയ കാലത്തെ മറാത്ത, മുഗൾ സംഘർഷത്തെ ഓർമ്മിപ്പിച്ചു കൊണ്ട് വിദ്വേഷം വളർത്തുകയാണ്. രാജ്യാതിർത്തിയിൽ ജീവിക്കുന്നവർ വലിയ സമ്മർദ്ദം അനുഭവിക്കുന്നു.

പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ഹിമാചൽ, രാജസ്ഥാൻ, ഗുജറാത്ത്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. രാമക്ഷേത്രം ഉദ്ഘാടന സമയത്ത് അവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് അവരുടെ മതപരമായ ഐഡൻ്റിറ്റി മറച്ചുവെക്കേണ്ടിവരികയും
പേരുപോലും മാറ്റിപ്പറയേണ്ടി വരികയും ചെയ്തു.ഗുജറാത്തിൽ  വിവാഹിതരാകണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതം വേണമെന്ന നിയമം മിശ്രവിവാഹം തടയുന്നതിനാണ്. ആദിവാസി മേഖലകളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെ വലിയ കടന്നാക്രമണങ്ങൾ നടക്കുകയാണ്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമെന്ന് ഭരണകൂടം കരുതുന്നു.

ഗാന്ധിജി പോലും വെറുപ്പിൻ്റെ രാഷ്ട്രീയത്തിൻ്റെ ഇരയാവുന്നു.മതേതര ഇന്ത്യ അപ്രത്യക്ഷമാവുന്നു. വിഭജിതമായ വെറുപ്പിൻ്റെ ഇന്ത്യ രൂപപ്പെടുന്നു. ഇതിനെതിരായ ശക്തമായ ജനകീയ ഐക്യം രൂപപ്പെടേണ്ടതുണ്ടെന്നും കേരളത്തിൻ്റെ മതേതര മാതൃക ഇന്ത്യയ്ക്ക് ആകെ വഴി കാട്ടിയാണെന്നും ഡോ. അനന്യ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റ ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഏറെ പ്രസക്തമായ ഒന്നാണെന്നും അവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *