നാളത്തെ അരിമ്പൂർ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു.

അരിമ്പൂർ :വയോജന പരിപാലനത്തിലും മാലിന്യ നിർമാർജ്ജനത്തിലും സംസ്ഥാനത്ത് പ്രഥമ സ്ഥാനത്തുള്ള അരിമ്പൂർ പഞ്ചായത്തിന്റെ വികസനക്കുതിപ്പിന് കൂടുതൽ ഊർജ്ജം പകരാൻ ശാസ്ത്രസാഹിത്യ പരിഷത്ത് അരിമ്പൂർ യൂണിറ്റ് പ്രവർത്തകർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന 38 വിവിധ സംഘങ്ങളുമായി നേരിട്ട് ചർച്ച ചെയ്ത് തയ്യാറാക്കിയ “അരിമ്പൂർ പഞ്ചായത്ത് ജനകീയ വികസന പത്രിക” പ്രകാശനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് ജനകീയ വികസന പത്രിക സമിതി കൺവീനർ വി.കെ. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ഒക്ടോ. 26 ന് അരിമ്പൂരിൽ ചേർന്ന വികസന സമ്മേളനത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ശശിധരൻ അരിമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്മിത അജയകുമാറിന് നൽകിയാണ് പ്രകാശിപ്പിച്ചത്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 30-ാം വാർഷികത്തിൽ വികേന്ദ്രികാസൂത്രണത്തിന്റെ സമഗ്ര വിശകലനത്തിനും വർത്തമാനകാലത്തിനനുസൃതമായി ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രാദേശിക വികസന കാഴ്ച്ചപ്പാട് വിശദീകരിക്കുന്ന പരിഷദ് ലഘുലേഖ കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം.ആർ. ശശീന്ദ്രനാഥിന് നൽകിക്കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് വികസന ഉപസമിതി ജില്ലാ കൺവീനർ ശശികുമാർ പള്ളിയിൽ നിർവ്വഹിച്ചു.ജനകീയ വികസന പത്രിക പരിചയപ്പെടുത്തിക്കൊണ്ട് പരിഷദ് ജില്ലാ കമ്മിറ്റിയംഗവും കാർഷിക സർവ്വകലാശാല ഫോറസ്ട്രി വിഭാഗം മുൻ ഡീനുമായ ഡോ.കെ. വിദ്യാസാഗറും,വർത്തമാന കാലത്തെ വികസന കാഴ്ച്ചപ്പാട് വിശദീകരിച്ചു കൊണ്ട് കിലയിലെ അധ്യാപകനും കേന്ദ്ര നിർവ്വാഹക സമിതി അംഗവുമായ ഡോ.കെ രാജേഷും സംസാരിച്ചു.അരിമ്പൂരിലെ പ്രമുഖ കർഷകനും സാംസ്കാരിക പ്രവർത്തകനുമായ ഇ കെ അനിൽകുമാർ, പരിഷദ് ജെൻഡർ വിഷയ സമിതി തൃശൂർ ജില്ലാ ചെയർപേഴ്സൺ ഗിരിജ തടിയിൽ , അരിമ്പൂർ യൂണിറ്റ് സെക്രട്ടറി നിഖിൽ വി എം, പ്രസിഡണ്ട് പി വി പ്രസന്ന, കെ.എം.ഗോപിദാസൻ എന്നിവർ സംസാരിച്ചു.

