നാളത്തെ പഞ്ചായത്ത് -മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന പത്രിക പ്രകാശിപ്പിച്ചു

മീനങ്ങാടി വികസന ജനസഭ ഗ്രാമപഞ്ചായത്ത് പ്രസിസന്റ് കെ.ഇ. വിനയൻ വികസന പത്രിക പ്രകാശനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് സുൽത്താൻ ബത്തേരി മേഖലയുടെ നേതൃത്വത്തിൽ നാളത്തെ മീനങ്ങാടി എങ്ങനെയായിരിക്കണം എന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ജനകീയ വികസന പത്രിക തയ്യാറാക്കിയത്. ഓരോ മേഖലയിലും ഓരോ പഞ്ചായത്തു വീതം തെരെഞ്ഞെടുത്ത് ആ പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും വിടവുകളും വിലയിരുത്തി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങളും വികസന കാഴ്ചപ്പാടുകളും രൂപീകരിച്ച് തയ്യാറാക്കിയ വികസന നിർദ്ദേശങ്ങൾ ജനകീയ ചർച്ചയ്ക്കു വിധേയമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 150 പഞ്ചായത്തുകളിലായി നടക്കുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് മീനങ്ങാടിയിലും വികസന പത്രിക തയ്യാറാക്കിയത്.
വികസന ജനസഭയുടെ ഉദ്ഘാടനവും ജനകീയ വികസനപത്രികാ പ്രകാശനവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ നിർവ്വഹിച്ചു. വരാൻ പോകുന്ന പഞ്ചവൽസര പദ്ധതിക്ക് ശാസ്ത്രീയ മാനദണ്‌ഡം നൽകാൻ ഇതുപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യകാല പരിഷദ് പ്രവർത്തകനും കർഷകനുമായ ഷൺമുഖൻ പത്രിക ഏറ്റുവാങ്ങി. പരിഷദ് വികസന കാഴ്ചപ്പാടുകൾ പിന്നിട്ട വർഷങ്ങൾ മുന്നോട്ടുള്ള വഴികൾ ജില്ലാ വികസന സമിതികൺ വീനർ ശ്രീ എം.എം ടോമി മാസ്റ്റർ ആമുഖ ഭാഷണത്തിൽ അവതരിപ്പിച്ചു.
ജനകീയ വികസന പത്രികയിലെ വികസന സമീപനവും നിർദ്ദേശങ്ങളും ജില്ലാ ജൻ്റർ വിഷയ സമിതികൺ വീനറും മേഖല വിദഗ്ധ സമിതി കൺവീനറുമായ എം.കെ. സുന്ദർലാൽ മാസ്റ്റർ അവതരിപ്പിച്ചു. തുടർന്ന് പൊതു ചർച്ചയിൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ഉയർന്നുവന്നു. യോഗത്തിൽ മേഖലാ പ്രസിഡണ്ട് വി.എൻ. ഷാജി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സുധീപ് കൈലാസ് സ്വാഗതവും മേഖലാ സെക്രട്ടറി എൻ.ടി. പ്രതാപൻ നന്ദിയും പറഞ്ഞു.
