ദേശീയ പ്രവേശന പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഏകദിന ഉപവാസ സമരവും പ്രകടനവും

ദേശീയ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലും രാജ്യത്താകെയും നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് (2026 ജൂലൈ 25) ഏകദിന ഉപവാസ സമരവും ഐക്യദാർഢ്യ പ്രകടനവും സംഘടിപ്പിച്ചു.

രാവിലെ 9 മണിക്ക് ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നിന്ന് സമരകേന്ദ്രമായ കളക്ടറേറ്റ് ജംഗ്ഷനിലേക്ക് പ്രകടനം നടത്തി. തുടർന്ന് നടന്ന ഉപവാസ സമരം പി. പ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, അഡ്വ. ആർ. റിയാസ്, അഡ്വ. ആർ. രാഹുൽ, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ മോളി ജേക്കബ്, വൈസ് ചെയർപേഴ്‌സൺ ജോസ് ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ.പ്രവീൺ (യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്), അഭിലാഷ് (യുക്തിവാദി സംഘം), സി. കെ. സുധാകര പണിക്കർ (പുകസ), ബൈജു പ്രസാദ് (NGO യൂണിയൻ), പി സുരേഷ് (ജോയിന്റ് കൗൺസിൽ), അഞ്ജു എസ് റാം (DYFI) എൻ. നന്ദകുമാർ (KSEBOA), ടി. കെ. സുഭാഷ് (KSSPU), റെനി സെബാസ്റ്റ്യൻ (KGOA), ഡോ. വിനോദ് ജേക്കബ് (AKPCTA), വി. കെ. രാജു (KPSCEU), എസ്. സേതു (KGNA), കെ. ബി. അജയകുമാർ (തകഴി സ്മാരകം സെക്രട്ടറി), അഡ്വ. എ. കെ. രാജശ്രീ (AILU), എൻ. എ. ജയചന്ദ്രൻ (യുവസമിതി) എന്നിവരും സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു,സമരത്തിന്റെ ഭാഗമായി പരിഷത്ത് ഗാനങ്ങളും ദേശഭക്തിഗാനങ്ങളും ആലപിച്ചു.

സംസ്ഥാന നിർവാഹക സമിതിയംഗം ഡോ. ടി. പ്രദീപ് അധ്യക്ഷത വഹിച്ചു. നിർവാഹക സമിതിയംഗം ഡോ. വി. എൻ. ജയചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. സി. ആർ. ശ്രീരാജ് നന്ദി രേഖപ്പെടുത്തി.

സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപിച്ചതിനെ തുടർന്ന് വൈകുന്നേരം 4 മണിക്ക് ഉപവാസ സമരം അവസാനിപ്പിച്ചു. തുടർന്ന് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

 

You may have missed