ജന്തർ മന്തിറിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം: ‘ഒച്ച’ തെരുവാരവവും വിജയാരവവും സംഘടിപ്പിച്ചു

കണ്ണൂർ: ഡൽഹി ജന്തർ മന്തിറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഇന്ത്യ പുലരുമെന്നൊരു സത്യസ്വപ്നം’ എന്ന പ്രമേയത്തിൽ ‘ഒച്ച’ തെരുവാരവവും വിജയാരവവും സംഘടിപ്പിച്ചു. കണ്ണർ നഗരം വലയം ചെയ്ത് വിദ്യാർത്ഥികളും യുവാക്കളും ചേർന്ന വിജയാരവം കണ്ണൂർ കാൽടെക്സിൽ വെച്ച് സമാപിച്ചു. സമാപന പരിപാടിയിൽ വരകൾ, പാട്ടുകൾ, കളികൾ, പ്രതിഷേധ പ്രകടനം എന്നിവ അരങ്ങേറി. മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക്ക് അതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തെ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്ക് പിന്നിൽ കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയാണെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ നന്ദജ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. യുവസമിതി ജില്ലാ കൺവീനർ ആനന്ദ് കൈലാസം സ്വാഗതം ആശംസിച്ച ചടങ്ങിൽ അപർണ്ണ സൂരജ് അധ്യക്ഷത വഹിച്ചു. യുവസമിതി സംസ്ഥാന കമ്മിറ്റി അംഗം ദീപു പേരാവൂർ കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി കവിതാ കൃഷ്ണൻ, യുവസമിതി ചെയർമാൻ എം. ദിവാകരൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.വി. ജയശ്രീ, ജില്ലാ സെക്രട്ടറി ബിജു നെടുവാലൂർ, യുവസമിതി ജില്ലാ കമ്മിറ്റി അംഗം അഡ്വ. ആര്യ എന്നിവർ സംസാരിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾ പി.പി. ബാബു, വി.വി. ശ്രീനിവാസൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിജയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തുടർന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി കലാകാരന്മാർ അണിനിരന്ന തെരുവ് നാടകവും അരങ്ങേറി. രോഷിത് പി.വി, രാംജിത്ത് പി.വി, അമൽ വേളം, ഏതു കൃഷ്ണൻ പി.വി, യദുരാഗ്, അക്ഷത്, അനിരുദ്ധ്, ശ്രീരാഗ്, അപർണ്ണ എസ്. എൻ, നിപുൽ പായം എന്നിവരാണ് തെരുവ് നാടകത്തിൽ പങ്കെടുത്തത്.
