ജനപ്രതിനിധികൾക്ക് ദുരന്തനിവാരണമേഖലയിൽ വിദഗ്ദ്ധ പരിശീലനം നൽകണം; ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം


സുൽത്താൻ ബത്തേരി : ചൂഷണമുക്തമായ സമൂഹമായിരിക്കണം ശാസ്ത്രത്തിൻ്റെ ലക്ഷ്യം. ഇതിനായി അറിവിൻ്റെ ജനകീയവത്കരണം എന്ന ആശയത്തിലൂന്നി പ്രവർത്തിക്കേണ്ടതുണ്ടെന്ന് വിജ്ഞാന കേരളം ജില്ലാ കോർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ അഭിപ്രായപ്പെട്ടു. ബത്തേരി ഡയറ്റ് ഹാളിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 45-ാം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി അനിൽകുമാർ അധ്യക്ഷനായി. കേന്ദ്ര നിർവാഹക സമിതിയംഗവും യുവസമിതി സംസ്ഥാന കൺവീനറുമായ എം ദിവാകരൻ സംഘടനാരേഖാവതരണം നടത്തി. ജില്ലാ സെക്രട്ടറി കെ പി സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും ബിജോ പോൾ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര നിർവാഹക സമിതിയംഗം കെ എ അഭിജിത്ത് സംസ്ഥാന അവലോകനം നടത്തി.
കേന്ദ്ര നിർവാഹക സമിതിയംഗം എസ് യമുന ഭാവിപ്രവർത്തനരേഖ അവതരിപ്പിച്ചു.

സംസ്ഥാന പരിസര വിഷയസമിതി കൺവീനർ പി സുരേഷ് ബാബു തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സംസ്ഥാന പ്രസിഡൻ്റ് ടി കെ മീരാഭായ്,
സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ,
ജില്ലാ പ്രസിഡൻ്റ് പി അനിൽകുമാർ, ജില്ലാ സെക്രട്ടറി കെ പി സുനിൽ കുമാർ, കെ കെ സുരേഷ് കുമാർ, എം കെ സുന്ദർലാൽ, സി എസ് കോമളം, പി എം അനൂപ് കുമാർ, സുധീപ് ബൽറാം, പി വി പ്രവീൺ കുമാർ, എം പി അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എ ജനാർദ്ദനൻ (പ്രസിഡന്റ്), ഇ ജി ചന്ദ്രലേഖ, എം കെ സുന്ദർലാൽ (വൈസ് പ്രസിഡൻ്റുമാർ), കെ പി സുനിൽ കുമാർ (സെക്രട്ടറി) സി എസ് കോമളം, സി ജയരാജൻ (ജോ. സെക്രട്ടറിമാർ), ടി പി സന്തോഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് പുസ്തക-പിപിസി ഉല്പന്ന പ്രദർശനവും വിപണനവും നടത്തി.

സമ്മേളന പ്രമേയം

ജനപ്രതിനിധികൾക്ക് ദുരന്തനിവാരണമേഖലയിൽ വിദഗ്ദ്ധ പരിശീലനം നൽകണം.

വയനാട് ജില്ലയിൽ ചൂരൽമലയിൽ വലിയ പ്രകൃതി ദുരന്തം ഉണ്ടായതിന് പുറമെ തൊട്ടുമുമ്പുള്ള വർഷങ്ങളിൽ പുത്തുമല, കുറിച്ച്യർമല പ്രദേശങ്ങളിൽ
ദുരന്തം ഉണ്ടാവുകയും വിവിധ പഞ്ചായത്തുകളിൽ പ്രളയം, മണ്ണിടിച്ചിൽ ആവർത്തിക്കുകയും ചെയ്തതാണ്. ജില്ലയിലെ പകുതിയിലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ
വിവിധതരത്തിലുള്ള ദുരന്ത ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. ദുരന്തം സംഭവിച്ചാൽ സ്ഥലത്ത് ഓടി എത്തുന്നതും അടിയന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും പ്രാദേശിക ജനപ്രതിനിധികളാണ്. ഈ സാഹചര്യത്തിൽ വയനാട് ജില്ലയിലെ ത്രിതലപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും മുഴുവൻ ജനപ്രതിനിധികൾക്കും ഭൂപ്രകൃതി, മണ്ണ്, ജലം,
കാർഷികം, നിർമ്മാണം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ദ്ധരെയും സാങ്കേതികസ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തി
ദുരന്ത പ്രതിരോധം ലഘൂകരണം, മറ്റ് ഇടപെടലുകൾ എന്നിവ സംബന്ധിച്ച് വിദഗ്ദ്ധ പരിശീലനം ഈ കാലവർഷാരംഭത്തിനു മുമ്പ് തന്നെ നൽകണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *