കൗമാരം സംഘര്‍ഷങ്ങള്‍ക്കപ്പുറം  രണ്ടാം ഘട്ട ക്യാമ്പയിനുമായി ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സമ്മേളനം

നിലമ്പൂർ:
വര്‍ത്തമാനകാല തലമുറ പ്രതിസന്ധികളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കൗമാരം സംഘർഷങ്ങൾക്കപ്പുറം – സ്വീറ്റ് ടീന്‍, ഡ്രീം ടീന്‍, ടീന്‍ ഹൊറൈസണ്‍ ക്യാമ്പയിന്‍ രണ്ടാം ഘട്ടം ആരംഭിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാസമ്മേളനം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച കൗമാരത്തെ അറിയാം പാരന്റിങ് ക്ലാസുകളുടെ തുടര്‍ച്ചകളാണ് ഉണ്ടാവുക. ജീവിതം തന്നെ ലഹരി, ഡിജിറ്റൽ ഹൈജീൻ , കുട്ടികളുടെ അവകാശങ്ങളും നിയമപരിരക്ഷയും, ലിംഗാവബോധം, ജീവിത നൈപുണി പരിശീലനം എന്ന സവിശേഷ മൊഡ്യൂളുകള്‍ രൂപപ്പെടുത്തിയും പ്രാദേശിക ക്യാമ്പയിന്‍ നടത്തും.  വീട്ടുമുറ്റങ്ങള്‍, വിദ്യാലയങ്ങള്‍, വായനശാലകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളിൽ സംവാദ സദസ്സുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതാണ് കാമ്പയിൻ. ഇതിനുള്ള മൊഡ്യൂൾ തയാറാക്കുന്നതിന് അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, മനശാസ്ത്ര വിദഗ്ധർ, വിദ്യാഭ്യാസ പ്രവർത്തകർ, നിയമ-നീതി രംഗത്തെ വിദഗ്ധർ എന്നിവരുടെ  ചർച്ചകൾ നടക്കും. പ്രമുഖ സയന്റിസ്റ്റുകള്‍ പങ്കെടുക്കുന്ന മലപ്പുറം സയന്‍സ് ഫെസ്റ്റിവല്‍ രണ്ടാം എഡിഷന്‍ ജനുവരി മാസം നടത്തുന്നതിനും സമ്മേളനം തീരുമാനിച്ചു.

സയന്‍സ് ഫെസ്റ്റിവലിന്റെ മുന്നോടിയായി തെരുവില്‍ ശാസ്ത്രം ചര്‍ച്ച ചെയ്യുക എന്ന ആശയത്തോടെ പ്രാദേശിക തലങ്ങളില്‍ സയന്‍സ് സംവാദപരിപാടികള്‍ സംഘടിപ്പിക്കും.

കേരളീയസമൂഹം ഉപേക്ഷിച്ച അന്ധവിശ്വാസങ്ങളും ജാത്യാചാരങ്ങളും ജീർണ്ണതകളും ഒളിച്ചു കടത്താനുള്ള ഗൂഢശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

2026 ഫെബ്രുവരി 7, 8 തീയതികളിലായി
നിലമ്പൂര്‍ ചന്തക്കുന്ന് ഗവ.മോഡല്‍ എല്‍.പി. സ്കൂളില്‍ നടന്ന ജില്ലാസമ്മേളനം നിലമ്പൂർ എം.എൽ.എ ആര്യാടൻ ഷൗക്കത്ത് ഉൽഘാടനം ചെയ്തു. ഡോ അനിൽ സക്കറിയ ഉൽഘാടന പ്രഭാഷണം നടത്തി.
പ്രതിനിധി സമ്മേളനത്തിൽ  പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മീരാബായി ടി.കെ സംഘടനാരേഖ അവതരിപ്പിച്ചു. ശാസ്ത്രകേരളം എഡിറ്റര്‍ ഡോ.വി.കെ. ബ്രിജേഷ് ഭാവിരേഖയും വി.ആർ. പ്രമോദ് ജില്ലാ ഭാവി പ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ. കെ വിജയകുമാർ രചിച്ച വയോജന പരിപാലനം : ശാസ്ത്രം സമൂഹം പുസ്തകം ഡോ. കെ. ആർ. വാസുദേവന് നൽകി ടി.കെ. മീരാബായി  പ്രകാശനം ചെയ്തു. പി കെ വിനോദ് കുമാർ രചിച്ച പരീക്ഷിക്കാം കണ്ടെത്താം 100 സയൻസ് പരീക്ഷണങ്ങൾ പുസ്തകം പരിഷത്ത് ജില്ലാ കമ്മിറ്റിക്കു വേണ്ടി ശില്പി രാമകൃഷ്ണൻ തേലക്കാട്ട് ഏറ്റുവാങ്ങി.

മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണത്തിന് ശാസ്ത്രീയ പഠനവും പരിഹാരവും വേണം,  ജപ്പാൻജ്വരം രോഗപ്രതിരോധ കുത്തിവെപ്പ് പരിപാടി വിജയിപ്പിക്കുക, മാലിന്യ മുക്ത മലപ്പുറം ജില്ലക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണ നൽകുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

ഭാരവാഹികളായി വി.ആര്‍. പ്രമോദ് (പ്രസിഡന്റ്), രാജലക്ഷ്മി വി. (സെക്രട്ടറി), സുബ്രഹ്മണ്യന്‍ പാടുകണ്ണി (ട്രഷറര്‍), ദിനേശ് വി.വി., ജയ ടി.ടി. (ജോ.സെക്രട്ടറിമാര്‍), സ്മിത എന്‍., അനൂപ് എന്‍ (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

നിലമ്പൂർ നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് ചെയർപേഴ്സണും പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം അരുണ്‍കുമാര്‍ കെ ജനറൽ കണ്‍വീനറുമായ സംഘാടകസമിതിയാണ് സമ്മേളന നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത്.  സ്വാഗതസംഘം പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ കുറുമ്പലങ്ങോട് പാടശേഖരത്തിൽ നടത്തിയ നെല്‍ക്കൃഷിയിലൂടെയാണ് സമ്മേളനദിവസങ്ങളിലേക്ക് ആവശ്യമായ അരി സമാഹരിച്ചത്. സയന്‍സ് കലണ്ടര്‍ പ്രചാരണം, ശാസ്ത്രപുസ്തക പ്രചാരണം, പരിഷത്ത് ഉല്പന്ന പ്രചാരണം എന്നിവയിലൂടെയാണ് സമ്മേളനത്തിനാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നത്. അനുബന്ധമായി നിലമ്പൂര്‍ മേഖലയില്‍ മഴമാപിനി സ്ഥാപനം, ആരോഗ്യക്യാമ്പയിന്‍, വികസനപത്രിക സമര്‍പ്പണം, പാരന്റിങ് എജുക്കേഷന്‍, അഡ്വ.കെ.കെ.രാധാകൃഷ്ണന് ആദരം, നക്ഷത്രനിരീക്ഷണം, ബാലോത്സവം യുവസമിതി ക്യാമ്പ്, സോപ്പ് നിര്‍മ്മാണ പരിശീലനം എന്നിവ നടത്തി.

കേരളീയസമൂഹം ഉപേക്ഷിച്ച അന്ധവിശ്വാസങ്ങളും ജാത്യാചാരങ്ങളും ജീർണ്ണതകളും ഒളിച്ചു കടത്താനുള്ള ഗൂഢശ്രമങ്ങളെ പ്രതിരോധിക്കുക

കേരളീയസമൂഹം ഉപേക്ഷിച്ച അന്ധവിശ്വാസങ്ങളും ജാത്യാചാരങ്ങളും ജീർണ്ണതകളും ഒളിച്ചു കടത്താനുള്ള ഗൂഢശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കേരളം പുലർത്തുന്ന  സാമുദായിക സൗഹാർദ്ദവും മാനവികതയും തകർക്കുന്ന  ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജനകീയ ഐക്യനിര പടുത്തുയർത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. ഇതിനാവശ്യമായ  സൂക്ഷ്മതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പരിഷത്ത്  മുന്നിട്ടിറങ്ങും.

നായും നരിയും നടന്ന വഴികളിൽ നരന് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച നാളുകളിൽ നിന്ന് ആധുനിക കേരളം സൃഷ്ടിച്ചത്  നവോത്ഥാന പ്രസ്ഥാനവും അത് ഉയർത്തിപ്പിടിച്ച മൂല്യങ്ങളുമാണ്. മതനിരപേക്ഷതയും ശാസ്ത്രബോധവും അതിനെ മുന്നോട്ട് നയിച്ചു. ഈ പോരാട്ടത്തിൽ വിശ്വാസിയും അവിശ്വാസിയും ഒരുമിച്ച് ചേർന്ന് സ്വന്തം സമുദായങ്ങളെ ജീർണ്ണതകളിൽ നിന്ന് മോചിപ്പിച്ച വ്യത്യസ്തമായ പരിവർത്തനപ്രക്രിയ കേരളത്തിൽ നടന്നു. അതിൻ്റെ തുടർച്ചയായി വിവിധ ബഹുജനപ്രസ്ഥാനങ്ങളോടൊപ്പം ഗ്രന്ഥശാല പ്രസ്ഥാനവും ജനകീയ ശാസ്ത്രപ്രസ്ഥാനവും  ഒത്തു ചേർന്ന് രൂപപ്പെടുത്തിയതാണ് കേരളത്തിൻ്റെ മതനിരപേക്ഷതയിലും ശാസ്ത്രബോധത്തിലും ഊന്നിയ സാമൂഹികാന്തരീക്ഷം.

കേരളം നേടിയ സാമൂഹ്യനേട്ടങ്ങളേയും വ്യതിരിക്തമായ മൂല്യങ്ങളേയും തകർക്കാനുള്ള ബോധപൂർവ്വവും സംഘടിതവുമായ നീക്കങ്ങൾ കുറച്ചു കാലമായി നടന്നു വരുന്നുണ്ട്. അതിൻ്റെ ഏറ്റവും അവസാനത്തെ ഇടപെടലാണ് തിരുന്നാവായയിൽ നടന്ന മഹാമേള. വിഷലിപ്തമായ വർഗ്ഗീയതയും കടുത്ത ശാസ്ത്രവിരുദ്ധതയും ചരിത്ര നിഷേധവും അവിടെ പ്രചരിപ്പിക്കപ്പെട്ടു. സാമാന്യ യുക്തിക്ക് നിരക്കാത്ത ഇത്തരം പരിപാടികളും പ്രചാരണങ്ങളും ഇനിയും കടന്നു വന്നേക്കാം. ഇവയെ പ്രതിരോധിക്കുന്നതിന് പൊതു മതനിരപേക്ഷ സമൂഹം ജാഗ്രത പാലിക്കണമെന്ന് പരിഷത്ത് മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *