പ്രൊഫ. എം.കെ. ചന്ദ്രൻ മാസ്റ്റർ അനുസ്മരണം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകനും , ഇരിങ്ങാലക്കുടയിലെ സാമൂഹിക ജീവിതത്തിലെ സജീവ സാന്നിധ്യവുമായിരുന്ന പ്രൊഫ. എം.കെ. ചന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു. പരിഷദ് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി, ഇ.കെ.എൻ പഠന ഗവേഷണ കേന്ദ്രം , ശക്തി നഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുമായി ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജ് മലയാളം അദ്ധ്യാപിക പ്രൊഫ. ലിറ്റി ചാക്കോ സ്മാരക പ്രഭാഷണം നടത്തി.”പ്രാചീന ഗണിതശാസ്ത്രത്തിൽ കേരളത്തിന്റെ സംഭാവനകൾ” എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
വേണ്വാരോഹം, ലഗ്നപ്രകരണം എന്നിങ്ങനെ സംഗമഗ്രാമമാധവന്റെ രണ്ട് പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പ്രഭാഷണം.ഗ്രന്ഥങ്ങളിൽ പരാമർശിച്ച പല ഗണിത സിദ്ധാഠന്തങ്ങളും പിൽക്കാലത്ത് മറ്റു പലരുടെയും പേരിലാണ് നമ്മൾ പഠിച്ചിട്ടുള്ളതെന്നും ഇപ്പോൾ അവയിൽ മാധവൻ്റെ പേരും ചേർത്തിട്ടുണ്ട് എന്നും ലിറ്റി ടീച്ചർ പറഞ്ഞു.ഭാഷ സംസ്കൃതമായതിനാലും അതിൽ പരാമർശവിധേയമായ ജ്യോതിശാസ്ത്രം ഇന്ന് പ്രചാരത്തിലുള്ള ഫലഭാഗ ജ്യോതിഷം ആയി തെറ്റിദ്ധരിക്കുന്നതിനാലും ശാസ്ത്രപ്രചാരകർപ്പോലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നും ടീച്ചർ കൂട്ടിച്ചേർത്തു.

നവംബർ 1ന് ഇരിങ്ങാലക്കുട ശക്തി നഗർ റസിഡൻ്റ്സ് അസോസിയേഷൻ സൗഹൃദവേദി അങ്കണത്തിൽ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ മാത്യു പോൾ ഊക്കന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പരിഷദ് സംസ്ഥാന പ്രസിഡണ്ട് ടി.കെ.മീരാഭായ് ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. ചന്ദ്രൻ മാഷ് പകർന്നു തന്ന ഊർജ്ജവും , ദിശാബോധവും വളരെ വലുതാണെന്നും മാഷിന്റെ അനുകരണീയമായ ശാസ്ത്രാവബോധ പ്രവർത്തനങ്ങൾ ഓരോ പരിഷദ് പ്രവർത്തകനും മാതൃകയാക്കേണ്ടതാണെന്നും മീരാഭായ് ടീച്ചർ പറഞ്ഞു. പരിഷദ് കേന്ദ്ര നിർവ്വാഹക സമിതിയംഗം അഡ്വ:കെ.പി രവിപ്രകാശ്,എൻ. കൃഷ്ണൻകുട്ടി , പരിഷദ് ജില്ലാ സെക്രട്ടറി അഡ്വ:ടി.വി. രാജു ,ഇ.കെ.എൻ പഠന ഗവേഷണ വിദ്യാഭ്യാസ കേന്ദ്രം സെക്രട്ടറി ഡോ.സോണി ജോൺ,ശക്തി നഗർ അസോസിയേഷൻ പ്രതിനിധി അസീന ടീച്ചർ, കഥകളി ക്ലണ്ട് പ്രസിഡൻ്റ് കൃഷ്ണദാസ് , ചാക്കോ മാസ്റ്റർ,മേഖല പ്രസിഡൻ്റ് വി.ഡി. മനോജ്, മേഖലാ സെക്രട്ടറി മധു വെള്ളാനി എന്നിവർ സംസാരിച്ചു.ചന്ദ്രൻ മാഷിന്റെ കുടുംബാഗങ്ങളും ഇരിങ്ങാലക്കുടയിലെ പൗരാവലിയും സംബന്ധിച്ച ചടങ്ങിൽ വെച്ച് തൃശൂർ പരിഷദ് ഭവൻ പുതുക്കി പണിയൽ ഫണ്ടിൻ്റെ ആദ്യ ഗഡു മേഖലാ ട്രഷറർ മായ ടീച്ചർ സംസ്ഥാന പ്രസിഡൻ്റ് മീരാഭായ് ടീച്ചർക്ക് കൈ മാറി.
