പ്രൊ. വി. കെ. ദാമോദരൻ അനുസ്മരണം
കേരളത്തിൻ്റെ ഊർജ്ജാസൂത്രണത്തിൽ പ്രൊ. വി. കെ. ദാമോദരൻ്റെ സംഭാവന നിസ്തുലം: മുഖ്യമന്ത്രി

തിരുവനന്തപുരം :
19.11.2025
കേരളത്തിൻ്റെ ഊർജ്ജവികസനാസൂത്രണത്തിൽ സുപ്രധാനസംഭാവനകൾ നല്കിയ വ്യത്യസ്തനായ ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. വി. കെ. ദാമോദരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും ഊർജ്ജവിദഗ്ദ്ധനും പരിസ്ഥിതിപ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകാംഗവും ആയിരുന്ന പ്രൊഫ. വി. കെ. ദാമോദരനെ അനുസ്മരിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1996-ലെ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരുന്നപ്പോൾ അദ്ദേഹവുമായി സഹകരിച്ചു പ്രവർത്തിച്ച അനുഭവം മുഖ്യമന്ത്രി വിവരിച്ചു. ചൈനയുടെ മാതൃകയും സാങ്കേതികവിദ്യയും സ്വീകരിച്ച് ചെറു ജലവൈദ്യുതിപദ്ധതികൾ തുടങ്ങാനുള്ള ആശയം വികെഡിയുടേതായിരുന്നു. അതിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചത് അദ്ദേഹമാണ്. ഉത്തരവാദിത്വം ഏറ്റെടുത്ത എല്ലാ സ്ഥാപനങ്ങളും മികവുറ്റതാക്കാൻ ദീർഘദർശനത്തോടെ പ്രവർത്തിച്ച വികെഡി, കുട്ടികൾക്കുപോലും മനസിലാകുമാറ് അതിലളിതമായി ശാസ്ത്രസാഹിത്യം എഴുതിയ ജനകീയശാസ്ത്രജ്ഞനായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു.

ഏതു വികസനവും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടാകണം എന്ന ബോധം തനിക്കും മറ്റനവധിപേർക്കും പകർന്നുതന്നത് സൈലൻ്റ് വാലി സംരക്ഷിക്കാൻ പ്രയത്നിച്ച വി. കെ. ദാമോദരനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുസ്മരിച്ചു. ഒരേ സമയം മികച്ച ശാസ്ത്രജ്ഞനും മികച്ച ഭരണാധികാരിയും ആയിരുന്നു വികെഡിയെന്ന് മുൻ ചീഫ് സെക്രട്ടറി എസ്. എം വിജയാനന്ദ് പറഞ്ഞു. ശാസ്ത്രമേഖലകൾക്കു പുറമേ ഭിന്നശേഷിവിഭാഗങ്ങളുടെ, വിശേഷിച്ച് കാഴ്ചാപരിമിതരുടെ അവകാശങ്ങൾക്കായും അദ്ദേഹം പ്രവർത്തിച്ചിരുന്ന കാര്യം വിജയാനന്ദ് സദസ്സിനെ അറിയിച്ചു.

അത്തരത്തിൽ സ്കൂൾ പ്രവേശനവും പഠനവും സാദ്ധ്യമാകുകയും കമ്പ്യൂട്ടർ എഞ്ചിനീയറിങ് 93 ശതമാനം മാർക്കിൽ വിജയിക്കുകയും ചെയ്ത് ബാങ്കിൽ മാനേജർ ജോലി നേടിയ കാഴ്ചാപരിമതിയുള്ള ദേവിക മുരളി സ്വന്തം അനുഭവം പങ്കുവച്ച് വികെഡിയെ സ്മരിച്ചത് വൈകാരികമുഹൂർത്തങ്ങൾ സൃഷ്ടിച്ചു. വികെഡിയുടെ മുൻകൈയിൽ പ്രവർത്തിക്കുന്ന ചക്ഷുമതി – എംപവർമെൻ്റ് ആൻഡ് അസിസ്റ്റീവ് ടെക്നോളജി സെൻ്റർ ഫോർ ബ്ലൈൻഡിൻ്റെ പ്രതിനിധിയായാണ് ദേവിക എത്തിയത്.
വിവിധ മണ്ഡലങ്ങളിലെ പ്രൊഫ. ദാമോദരൻ്റെ സംഭാവനകൾ സമാഹരിച്ച് പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി. കെ. മീരാഭായ് അറിയിച്ചു.

തൈക്കാട് ഭാരത് ഭവനിൽ ചേർന്ന അനുസ്മരണസമ്മേളനത്തിൽ കെഎസ് സിഎസ് റ്റിഇ എക്‌സി. വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീർ, എനർജി മാനേജ്‌മെൻ്റ് സെന്റർ ഡയറക്ടർ ഡോ. ഹരികുമാർ, രാജീവ്ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ ഡോ. ടി. ആർ. സന്തോഷ് കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയേഴ്സ് പ്രതിനിധി ഗോപകുമാർ, റിന്യൂവബിൾ എനർജി പ്രോഗ്രാം, UNIDO മുൻ ഡയറക്ടർ അലക്‌സാണ്ടർ വർഗ്ഗീസ്, ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ടി. രാധാമണി, സിഇഡി ഡയറക്ടർ ഡോ. ബാബു അമ്പാട്ട്, ചിത്രകാരി സജിത ശങ്കർ, പിടിബി ട്രസ്റ്റ് പ്രതിനിധി ജയപാലൻ, നേച്ചർ ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ പ്രതിനിധി ഹരിപ്രഭാകരൻ, മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ആർ. പാർവതിദേവി, ജപ്പാനിലെ അലുമ്‌നി സൊസൈറ്റി ഓഫ് അയോട്സ് (AOTS) തിരുവനന്തപുരം സെന്റർ പ്രതിനിധി കെ. അശോക് കുമാർ എന്നിവർ ഡോ. ദാമോദരനെ അനുസ്മരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്, തിരുവനന്തപുരം ജില്ലാസെക്രട്ടറി ജി. ഷിംജി നന്ദി പറഞ്ഞു.
