ഗാഡ്ഗിൽ അനുസ്മരണം – തിരുവനന്തപുരം

0

പശ്ചിമഘട്ടത്തിന്റെ വാഹകശേഷി പഠനം അനിവാര്യം-
ഡോ . വി.എസ് വിജയൻ

 

തിരുവനന്തപുരം:
പശ്ചിമഘട്ട  മലനിരയുടെ വാഹക ശേഷി പഠനം അനിവാര്യമാണെന്നും ആ പഠനത്തിൻറെ വെളിച്ചത്തിലാകണം ഭാവി വികസനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടതെന്നും ഡോ. വി .എസ് . വിജയൻ.  ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി നിയമനിർമ്മാണങ്ങൾക്കും ശാസ്ത്രീയ അടിത്തറ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രൊഫസർ മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കേരള ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനും, പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി അംഗവുമായിരുന്ന ഡോ.വി.എസ്. വിജയൻ. കേരളത്തിലെ ഭാവി  തലമുറയുടെനിലനിൽപ്പ് പശ്ചിമഘട്ട മലനിരയുടെ സുസ്ഥിരതയെക്കൂടി ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണമെന്നും, ഗാഡ്ഗിൽ മുന്നോട്ടുവെച്ച പരിസ്ഥിതിയെയും പശ്ചിമഘട്ടത്തിലെ ജനങ്ങളെയും പങ്കാളികളാക്കുന്ന സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയില്ലെങ്കിൽ ആവർത്തിക്കുന്ന ദുരന്തങ്ങളുടെ പ്രഭവ കേന്ദ്രമായി പശ്ചിമ ഘട്ടം തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണത്തിൽ തദ്ദേശീയ ജനതയുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്ന ഒരിടമായി കാവുകളെ നാം തിരിച്ചറിയുകയും മലനിരയുടെ തനതായ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ കാവുകളെ ക്കുറിച്ച് ഗാഡ്ഗിൽ നടത്തിയ പഠനങ്ങളും കണ്ടെത്തലുകളും മുന്നോട്ടുവച്ച നിർദ്ദേശങ്ങളും സമകാലിക പ്രാധാന്യമുള്ളതാണെന്നും തിരിച്ചറിയണം. എന്നാൽ ,ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാവ് പുനരുദ്ധാരണം അവയുടെ തനതായ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതാണെന്നും അത്തരം പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഡോ.വി .എസ് .വിജയൻ കൂട്ടിച്ചേർത്തു.
ദക്ഷിണേന്ത്യയുടെ കാലാവസ്ഥയെ പ്രത്യേകിച്ച്, മഴ ലഭ്യത, അന്തരീക്ഷ താപനില, ആർദ്രത തുടങ്ങിയവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പശ്ചിമഘട്ട മലനിരയുടെ അന്നത്തെ പാരിസ്ഥിതിക അവസ്ഥയുടെ വിശദമായ വിലയിരുത്തൽ കൂടിയായ “ഗാഡ്ഗിൽ റിപ്പോർട്ട് “നിലവിലെ പാരിസ്ഥിതിക അവസ്ഥകൾ , കാലാവസ്ഥാവ്യതിയാനം,  പശ്ചിമഘട്ട മലനിരയിലെ ജനങ്ങൾ നിലവിൽ നേരിടുന്ന   പ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് പുതുക്കുകയും ചർച്ചകൾ നടത്തുകയും ,  ആവശ്യമാണെന്നും ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം. ഗ്രാമസഭകളുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്ന ഗാഡ്ഗിലിനോട് കേരളീയർക്ക് ചെയ്യാൻ കഴിയുന്ന നീതിയായി ഇത് മാറുമെന്നും ഡോ. വി.എസ് .വിജയൻ അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. യോഗത്തിൽ പരിഷത്ത് സംസ്ഥാന വിഷയമിതി ചെയർമാൻ ഡോ. കെ. വി.തോമസ് അധ്യക്ഷനായി. പരിസ്ഥിതിവിഷയ സമിതി കൺവീനർ വി .ഹരിലാൽ സ്വാഗതവും ജില്ലാ സെക്രട്ടറി ജി. ഷിംജി നന്ദിയും പറഞ്ഞു

 

10 വർഷങ്ങൾക്ക് മുമ്പ് പ്രൊഫസർ മാധവ് ഗാഡ്ഗിൽ തിരുവനന്തപുരം പരിഷദ് ഭവനിൽ പരിഷദ് പ്രവർത്തകരുമായി സംസാരിക്കുന്നതിൻ്റെ ഫയൽ ഫോട്ടോ ( വി. ഹരിലാൽ അയച്ചു തന്നത്)

Leave a Reply

Your email address will not be published. Required fields are marked *