മനമോഹൻ അന്തരിച്ചു

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ട്രഷറർ മനമോഹൻ അന്തരിച്ചു. ഇന്ന് വെളുപ്പിന് 4 മണിക്ക് ഹൃദയാഘാതം മൂലമാണ് നിര്യാതനായത്. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന് കൈമാറും.
ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാനസെക്രട്ടറിയായും മനമോഹൻ പ്രവർത്തിച്ചിട്ടുണ്ട്.  ഡോ. തോമസ് ഐസക്ക് സംസ്ഥാന ധനകാര്യ മന്ത്രിയായി പ്രവർത്തിച്ചിരുന്ന 2006 -2011 , 2016- 2021 കാലഘട്ടങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സഹകരണ ആഡിറ്റ് വകുപ്പിൽ അഡീഷണൻ ഡയറക്ടറായിരുന്നു.

മനമോഹനെ അനുസ്മരിച്ച് കൊണ്ട് ജി. സാജൻ ഫെയ്സ്ബുക്കിൽ
എഴുതിയ കുറിപ്പ്

മനമോഹനെ പൊതു സമൂഹം ഏറെ അറിയണം എന്നില്ല 

ചരിത്രം മുന്നോട്ട് പ്രവഹിക്കുമ്പോൾ അതിന് തൊട്ടുപിന്നിൽ അദൃശ്യരായി നിൽക്കുന്ന ചിലരുണ്ടാവും

കേരളത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ സാക്ഷരത, ജനകീയാസൂത്രണം, ശാസ്ത്ര സാഹിത്യ പരിഷത് എന്നിവയിലൊക്കെ പ്രധാന സംഭവങ്ങൾക്ക് തൊട്ടുപിറകിൽ എന്നാൽ എല്ലാ കാര്യത്തിലും ശ്രദ്ധാലുവായി ഏത് സംഘാടനത്തിന്റേയും പ്രധാന ഭാഗമായി ചിലർ ഉണ്ടായിരുന്നു

അവരിൽ ഒരാളായിരുന്നു മനമോഹൻ

ഞാൻ എഴുപതുകളുടെ അവസാനം പരിഷത്തിൽ എത്തുന്ന കാലം മുതൽ വളരെ അടുത്ത ബന്ധമുള്ള വ്യക്തികളിൽ ഒരാളായിരുന്നു മനമോഹൻ. വളരെ സൗമ്യൻ, ഏറെ സംസാരമില്ല, വലിയ കണിശക്കാരൻ..എന്നാൽ അടുത്ത സൗഹൃദം . മനമോഹനെപ്പോലെ ചിലർ പിറകിൽ ഇല്ലെങ്കിൽ ഈ നടന്ന ചരിത്ര പ്രക്രിയകളൊന്നും ഇത്ര മനോഹരമായി ജനകീയമായി ഫലപ്രാപ്തിയിൽ എത്തുമായിരുന്നില്ല.

ഞങ്ങളെപ്പോലുള്ള ഉഴപ്പന്മാരെ ഒറ്റ നോട്ടത്തിൽ പണിയെടുപ്പിക്കാൻ മനമോഹന് കഴിയും. അതുകൊണ്ടുതന്നെ ഒരല്പം ഭയത്തോട് കൂടിയ സൗഹൃദമാണ് ഞങ്ങൾക്ക് മനമോഹനോട്.

കിഴക്കുംകര ലൈബ്രറി, കിഴക്കുംകര ഗ്രാമശാസ്ത്ര സമിതി എന്നിവിടങ്ങളിൽ നിന്നായിരുന്നു തുടക്കം. പിന്നീട് പരിഷത്തായി പ്രധാന തട്ടകം. എം പി പരമേശ്വരനായിരുന്നു പ്രധാന ഊർജ സ്രോതസ്സ്

പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി, ട്രെഷറർ, തിരുവനന്തപുരം ജില്ല സെക്രട്ടറി ഒക്കെയായിരുന്നു മനമോഹൻ
പിന്നീട് ജനകീയാസൂത്രണം വന്നതോടെ ഡോ. തോമസ് ഐസക്കിന്റെ പ്രധാന സഹപ്രവർത്തകനായി മനമോഹൻ മാറി.  എത്ര സങ്കീർണമായ പ്രവർത്തനവും ധൈര്യപൂർവ്വം ഏറ്റെടുക്കുമെന്നതാണ് മനമോഹന്റെ പ്രത്യേകത എന്നാണ് ഐസക്ക് പറയുന്നത്.

ജനകീയാസൂത്രണത്തിന്റെ തുടക്കമായി ആദ്യത്തെ ട്രാൻസെക്റ്റ് വാക്കും മറ്റ് പരീക്ഷണങ്ങളും നടത്തിയതും മനമോഹന്റെ സ്വന്തം ആറ്റിപ്ര പഞ്ചായത്തിലാണ്

1986-ൽ പരിഷത്ത് നടത്തിയ ഹാലി ധൂമ ഹേതുവിന്റെ വരവോടെയുള്ള സയൻസ് ഒളിമ്പ്യാഡ്, 1987-ലെ പരിഷത്തിന്റെ പ്രസിദ്ധമായ ജനകീയാരോഗ്യ സർവ്വേ,  പരിഷത്ത് 1987-ലെ ഭോപ്പാലിലേക്കു നടത്തിയ സയൻസ് ട്രയിൻ, സാക്ഷരത പ്രസ്ഥാനം എന്നിവയിലെല്ലാം പ്രധാന ആസൂത്രക്കാരിൽ ഒരാളായിരുന്നു മനമോഹൻ.

“പൊതു പ്രാസംഗികനും എഴുത്തുകാരനുമല്ല. പിന്നെ? സംഘാടനത്തെ ഒരു കലയും ആസ്വാദ്യകരമായ വിദ്യാഭ്യാസ രീതിയുമാക്കി മനമോഹൻ മാറ്റും” ഐസക്ക് എഴുതുന്നു:
“കാര്യങ്ങൾ നീക്കാൻ വേണ്ടി സോപ്പിടലും വാഗ്ദാനങ്ങൾ നൽകലും മനമോഹൻ ചെയ്യാറില്ല. പറയേണ്ട കാര്യങ്ങൾ, നടക്കാത്ത കാര്യങ്ങൾ, വിയോജിപ്പുകൾ, തുടങ്ങിയവ വളച്ചുകെട്ടും അലങ്കാരങ്ങളുമില്ലാതെ തുറന്ന് നേർരേഖയായി തന്നെ പറയും. ആദ്യം കേൾക്കുന്നയാൾക്ക് വിഷമവും തോന്നാം. എന്നാൽ മനമോഹനനെ അറിയാവുന്നവർക്കും ഒപ്പം പ്രവർത്തിക്കുന്നവർക്കും പരിചയമുള്ളവർക്കും അതു പ്രശ്നമാകാറില്ല. സംഘടനാ ചിട്ടയിലും തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലും അണുകിട വ്യതിചലിക്കാത്ത കാർക്കശ്യക്കാരനാണ്. പക്ഷെ വർത്തമാനം എപ്പോഴും സൗഹാർദ്ദപരമാണ്. ഒരാളും പിണങ്ങിപ്പോയ അനുഭവം ഇല്ല.”

ഈ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ മനമോഹൻ കെട്ടിപ്പടുത്ത സംഘടന വൈപുല്യം കൊണ്ടും വൈവിധ്യം കൊണ്ടും സമൃദ്ധമായിരുന്നു.
ഒരൊറ്റ ഫോൺ കോളിൽ കേരളം മുഴുവൻ എത്താനുള്ള പാടവം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അച്ഛന്റെ അകാല വേർപാടിനെ തുടർന്ന് വളരെ ചെറുപ്പത്തിൽ വലിയൊരു കുടുംബത്തിന്റെ പൂർണ്ണ ചുമതല മനമോഹന്‌ ഏറ്റെടുക്കേണ്ടി വന്നു.

വിവാഹജീവിതം ഒരുവർഷത്തിൽ താഴെ മാത്രമാണ് ഉണ്ടായത്. പങ്കാളിയെ ക്യാൻസർ കവർന്നു. ഈ ഞെട്ടലിൽ നിന്നു മുക്തിനേടാൻ കുറച്ചുസമയമെടുത്തു. എന്നാൽ സജീവമായ സാമൂഹിക പ്രവർത്തനം കൊണ്ടാണ് മനമോഹൻ ഈ ദുഖത്തെ മറികടന്നത്. അതിനൊപ്പം ശാരീരികമായ ധാരാളം അസുഖങ്ങളുമുണ്ടായി. എന്നാൽ എപ്പോഴും പ്രസന്നമായാണ് മനമോഹൻ ജീവിതത്തോട് പ്രതികരിക്കുക.

ഇന്ന് മനമോഹൻ നമ്മളെ വിട്ടുപിരിഞ്ഞു
എന്നാൽ മനമോഹൻ കാണിച്ചു തന്ന ചില വഴികളുണ്ട്. അതായിരിക്കും നമുക്ക് മുന്നോട്ടുള്ള ജീവിതത്തിന് അർത്ഥം നൽകുന്നത്

Leave a Reply

Your email address will not be published. Required fields are marked *