അടൂർ മേഖലാ സമ്മേളനം
ജലസംരക്ഷണത്തിന്പ്രാദേശിക സർക്കാരുകൾ പ്രത്യേക ഊന്നൽ നൽകണം

അടൂർ:ജലസംരക്ഷണത്തിന്പ്രാദേശിക സർക്കാരുകൾ പ്രത്യേക ഊന്നൽ നൽകണമെന്ന് മുൻ സംസ്ഥാന പരിസരവിഷയ സമിതി കൺവീനർ വി. ഹരിലാൽ അഭിപ്രായപ്പെട്ടു.
പഴകുളം കെ .വി . പി എസിൽ വച്ച് നടന്ന അടൂർ മേഖലാ വാർഷികം “ജല സുരക്ഷ -ജീവ സുരക്ഷ” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാവ്യ തിയാനം ,ജനസംഖ്യ വർദ്ധനവ് ,സാമ്പത്തിക വളർച്ച തുടങ്ങിയ ഘടകങ്ങൾ ജല വിഭവ മേഖലയിൽ ചെലുത്തുന്ന വലിയ സ്വാധീനം പ്രതിശീർഷ ജലലഭ്യതയെ സ്വാധീനിക്കുന്നുണ്ടെന്നും നീർത്തടാടിസ്ഥാനത്തിൽ സംയോജിത ജല വിഭവ സംരക്ഷണ പദ്ധതികൾ പ്രാദേശികമായി നടപ്പിലാക്കുക വഴി ഈ പ്രശ്നത്തെ ഒരു പരിധിവരെ മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നഗരവൽക്കരണ തോത് ലോകമെമ്പാടും വർധിക്കുകയാണ്. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് നഗരവൽക്കരണ വളർച്ചാ നിരക്ക്. ഇതിൻറെ ഭാഗമായി ഉണ്ടാകുന്ന ഭൂവിനിയോഗമാറ്റം ജൈവവൈവിധ്യ ശോഷണം അന്തരീക്ഷ താപനിലയിലെ വർദ്ധനവ് തുടങ്ങിയ ഘടകങ്ങൾ ജലപ്രശ്നം കൂടുതൽ ഗുരുതരമാക്കുമെന്ന് മാത്രമല്ല അനിയന്ത്രിതമായ ഭൂജലചൂഷണത്തിലേക്ക് നയിയ്ക്കുകയും ചെയ്യും. ജലമലിനീകരണം, ജലത്തിലെ മൈക്രോ/ നാനോ പ്ലാസ്റ്റിക് സാന്നിധ്യം എന്നിവയ്ക്ക് ഉപരി ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു.
തണ്ണീർത്തടങ്ങളുടെ നാശം നദികളിലേക്കുള്ള സ്ഥായിയായ നീരൊഴുക്ക് കുറയാൻ ഇടയാക്കും. ഇത് നദി മുഖത്തുനിന്ന് നദിയ്ക്കുള്ളിലേയ്കുള്ള ഉപ്പുവെള്ളക്കയറ്റ സാധ്യത വർദ്ധിക്കാൻ ഇടയാക്കും. ഇതോടൊപ്പം സമുദ്ര ജലനിരപ്പ് ഉയരുന്നതിന്റെ സ്വാധീനവും കൂടിച്ചേരുമ്പോൾ ഭാവി കേരളം നേരിടാൻ പോകുന്ന ഗുരുതര പ്രശ്നമായി ഉപ്പുവെള്ളക്കയറ്റം മാറും. കേരള ജല അതോറിറ്റിയുടെ കണക്കനുസരിച്ച് പ്രതിദിനം 150 എൽപിസിഡി ജലം നഗരത്തിൽ ഉള്ളവർക്കും 100 എൽപിസിഡി ജലം ഗ്രാമത്തിലുള്ളവർക്കുംലഭ്യമാക്കണം. ഭക്ഷണ ആവശ്യത്തിന് മാത്രം ഒരു ഇന്ത്യക്കാരന്റെ വാർഷിക ശരാശരി ജലപാദമുദ്ര നഗര -ഗ്രാമത്തിൽ യഥാക്രമം 708 ക്യൂബിക് മീറ്ററും 1089ക്യൂബിക് മീറ്ററും ആണെന്ന് കണക്കാക്കുന്നു. നിതി ആയോഗിന്റെ പഠനം അനുസരിച്ച് 2050 ആകുമ്പോൾ വാർഷിക വ്യക്തിഗത ജലലഭ്യത 1250 ക്യൂബിക് മീറ്റർ ആയി മാറുമെന്നാണ് . വർദ്ധിച്ചുവരുന്ന ഹരിതഗ്രഹ വാതക ഉത്സർജ്ജനം ഈ കണക്കിൽ കുറവ് വരുത്താൻ ഇടയുണ്ട്. മഴ ലഭ്യതയെ മാത്രം ആശ്രയിച്ചു നിലനിൽക്കുന്നതാണ് കേരളത്തിലെ ജലലഭ്യത എന്നത് കണക്കാക്കുമ്പോൾ, സംയോജന സാധ്യതകൾ പ്രയോജനപ്പെടുത്തി യുള്ള ശാസ്ത്രീയ ജലവിഭവ മാനേജ്മെൻറ് അടിസ്ഥാനമായുള്ള ജലവിഭവ ആസൂത്രണം നടത്താൻ കഴിഞ്ഞില്ലെങ്കിൽ, പൊതുവിൽ പറയുന്ന ജലസമ്മർദ്ദം ,ജല പ്രതിസന്ധി എന്നിവയ്ക്കപ്പുറം യു. എൻ .യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവിറോൺമെൻറ് ആൻഡ് ഹെൽത്ത്- കാനഡ (2026) ചൂണ്ടിക്കാട്ടിയ ജലപാപ്പരത്തിലേക്ക് വളരെ വേഗത്തിൽ കേരളം എത്തിച്ചേരാം.
ഉദ്ഘാടന യോഗത്തിൽ മേഖലാ പ്രസിഡണ്ട് എം. ടി. പ്രസന്നൻ അധ്യക്ഷനായി.അഡ്വക്കേറ്റ് എസ് രാജീവ് (ചെയർപേഴ്സൺ, ഗ്രാമ പഞ്ചായത്തംഗം) സ്വാഗതവും എം.സി. രഘുകുമാർ (കൺ വീനർ) നന്ദിയും പറഞ്ഞു. തുടർന്നു നടന്ന പ്രതിനിധി സമ്മേളനത്തിൽ മേഖലാസെക്രട്ടറി ആശ .സി റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ അജണ്ടകളിൽ ജില്ലാ ജോയിൻ്റ്സെക്രട്ടറി പി.എസ് .ജീമോൻ, ജില്ലാ കമ്മിറ്റിഅംഗങ്ങളായ ചിത്രജാതൻ, സി.ജി. മോഹനൻ, അജയ്,ജില്ലാ സെക്രട്ടറി രാജൻ ഡി. ബോസ്, സംസ്ഥാന വൈസ് . പ്രസിഡൻ്റ് ജി. സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു.

സി. ജി. മോഹനൻ പ്രസിഡൻ്റയും ഡി സജീവ് സെക്രട്ടറിയായും എം.ടി. പ്രസന്നൻ ട്രഷററായുമുള്ള 17 അംഗ കമ്മിറ്റിയേയും തെരെഞ്ഞെടുത്തു. ശാസ്‌ത്രഗീതത്തോടെ സമ്മേളനം സമാപിച്ചു.
