പ്രതിരോധത്തിന്റെ ഓർമ്മകളുമായി സൈലൻറ് വാലിയിൽ…
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലയുടെ ദ്വിദിന പഠന-വിനോദയാത്ര.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലയിലെ പ്രവർത്തകർ സൈലൻറ് വാലി സന്ദർശിച്ചു. ജൈവവൈവിധ്യത്തിൻ്റെ സമൃദ്ധമായ കലവറ കണ്ടപ്പോൾ തങ്ങളുടെ പൂർവ്വഗാമികൾ തുടർച്ചയായ പ്രക്ഷോഭത്തിലൂടെയും സഹനസമരത്തിലൂടെയും സംരക്ഷിച്ചത് അമൂല്യമായ സമ്പത്താണെന്നും വരും തലമുറയ്ക്കുള്ള കരുതലാണെന്നും എല്ലാവർക്കും ബോധ്യപ്പെട്ടു.
ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഈ ഇടത്തിന്റെ മഹത്വം എത്ര പറഞ്ഞിട്ടും പ്രവർത്തകർക്ക് മതിയായില്ല! അത്രമേൽ നിർവൃതിദായകമായ അനുഭവമാണ് സന്ദർശനം പകർന്നു നൽകിയത്! വനംവകുപ്പിന്റെ വണ്ടിയിൽ 21 കിലോമീറ്റർ ഉൾക്കാട്ടിലേക്ക് സഞ്ചരിച്ചു. ചുറ്റിലും ഓക്സിജൻ സംഭരണികൾ ആയി നിബിഡവനം നിലകൊണ്ടു!
സിംഹവാലൻ കുരങ്ങും (അതിൻ്റെ പ്രത്യേകഭക്ഷണം ലഭിക്കുന്ന വെടിപ്പിലാവും) മലയണ്ണാനും മരക്കൊമ്പുകളിലൂടെ ഓടിമറയുന്നത് കണ്ടു. റെയിൽവേ ട്രാക്കിൽ ഉപയോഗിക്കുന്ന ചുരുളിമരവും 200 വർഷമെങ്കിലും പഴക്കമുള്ള പ്ലാവ് മുത്തശ്ശിയും മറ്റും അരോഗദൃഢഗാത്രരായി വണ്ടി സഞ്ചരിക്കുന്ന വീൽ ട്രാക്കിന് ഇരുവശത്തുമായി നിൽക്കുന്നുണ്ടായിരുന്നു…
ഇവിടെ നടപ്പാക്കാനുദ്ദേശിച്ച് പണി തുടങ്ങിയ ജലവൈദ്യുതപദ്ധതി ഉപേക്ഷിക്കാനും ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കാനും ഇടവരുത്തിയത് പ്രൊഫ.എം.കെ.പ്രസാദിനെപോലെ പ്രതിബദ്ധതയുള്ള മഹാമനീഷികളുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും നേതൃത്വവും കൊണ്ടുമാത്രമാണ്. എം.കെ.പിയുടെ ജീവന് പോലും ഭീഷണി ഉണ്ടായിരുന്ന കാലം… “സിംഹവാലൻകുരങ്ങിന്റെ കൂട്ടുകാർ”, “കപടബുദ്ധിജീവികൾ”, “സഞ്ചിമൃഗങ്ങൾ”, “വികസനവിരുദ്ധർ” എന്നൊക്കെ ആക്ഷേപിക്കപ്പെട്ടപ്പോൾ അവർ പതറിയില്ല. ജനങ്ങളെ ബോധവൽക്കരിച്ചും പദയാത്രകൾ സംഘടിപ്പിച്ചും അവർ പട നയിച്ചു…!
മുൻമേഖലാ സെക്രട്ടറിയായ സക്കീർ ഭായ് നടത്തുന്ന കൊല്ലംകോട് ‘കുടിലിടം’, പരിഷത്തിന്റെ ശാസ്ത്രഗവേഷണകേന്ദ്രമായ മുണ്ടൂർ ഐആർടിസി, തസ്രാക്കിലെ ഓ.വി.വിജയൻ സ്മാരകം എന്നിവയും സംഘം സന്ദർശിച്ചു.
രണ്ടുദിവസത്തെ പഠന വിനോദയാത്രയിൽ ആദ്യദിവസം രാത്രി തങ്ങിയത് ഐആർടിസിയിൽ ആയിരുന്നു. മാലിന്യസംസ്കരണം, ഡെക്കോപാഷ് നിർമ്മാണം, മത്സ്യകൃഷി, കൂൺകൃഷി, അക്വാപോണിക്സ്, … തുടങ്ങിയ വിവിധ സങ്കേതങ്ങൾ ഐ.ആർ.ടി.സിയിലെ രാമചന്ദ്രൻ സംഘാംഗങ്ങൾക്ക് പരിചയപ്പെടുത്തിയത് അവർക്ക് പുതിയ പഠനാനുഭവം സമ്മാനിച്ചു.
രാത്രിയിൽ പാട്ടും പറച്ചിലും കേന്ദ്ര നിർവാഹകസമിതി അംഗം പ്രദോഷ് കുനിശ്ശേരിയുമായുള്ള സംവാദവും സംഘാംഗങ്ങളെ ഊർജസ്വലരാക്കി.
അവിസ്മരണീയമായ അനുഭവമാണ് യാത്ര സമ്മാനിച്ചത് എന്ന് സംഘാംഗങ്ങൾ എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
പരിഷത്ത് കോലഴി മേഖലാസെക്രട്ടറി വി.കെ.മുകുന്ദൻ, യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ്, മുൻ കേന്ദ്രനിർവാഹക സമിതി അംഗം ടി.സത്യനാരായണൻ യാത്രയ്ക്ക് നേതൃത്വം നൽകി.
