കേരളത്തെ സ്വാധീനിച്ച പല വികസന, ശാസ്ത്ര ക്യാമ്പയിനുകളും യാഥാർത്ഥ്യമാക്കുന്നതിൽ  സുപ്രധാനദൗത്യങ്ങൾ നിശബ്ദം നിറവേറ്റിയ കർമ്മധീരനായിരുന്നു മന്മോഹൻ 

     ഡോ:  തോമസ് ഐസക് 

 

തിരുവനന്തപുരം:
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനും ഡോ. തോമസ് ഐസക്ക് ധനമന്ത്രിയായ രണ്ടുവട്ടവും പ്രൈവറ്റ് സെക്രട്ടറിയും മികച്ച സംഘാടകനും ആയിരുന്ന വി. ജി. മനമോഹനെ സുഹൃത്തുക്കളും വിവിധ പരിപാടികളിലെ സഹപ്രവർത്തകരും അനുസമരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ടി. കെ. മീരാബായിയുടെ അദ്ധ്യക്ഷതയിൽ എം. എൻ. വി. അടിയോടി സ്മാരകഹോളിൽ ചേർന്ന സമ്മേളനത്തിൽ ഡോ. ടി. എം. തോമസ് ഐസക് മുഖ്യ അനുസ്മരണപ്രഭാഷണം നടത്തി.
കേരളത്തെ സ്വാധീനിച്ച പല വികസന, ശാസ്ത്ര ക്യാമ്പയിനുകളും യാഥാർത്ഥ്യമാക്കുന്നതിൽ ഏകോപനമടക്കം സുപ്രധാനദൗത്യങ്ങൾ നിശബ്ദം നിറവേറ്റിയ കർമ്മധീരനായിരുന്നു മനമോഹനെന്ന് തോമസ് ഐസക് പറഞ്ഞു. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, കേരളപഠന കോൺഗ്രസുകൾ തുടങ്ങിയവ മനമോഹൻ ഇല്ലായിരുന്നെങ്കിൽ ഇത്ര സുഗമവും വിജയവും ആകുമായിരുന്നില്ല. ഏറ്റെടുക്കുന്ന ഏതു പ്രവർത്തനത്തിന്റെയും നാനാവശങ്ങൾ ആഴത്തിൽ പഠിക്കാനും ആളുകളെ അനുഭാവത്തോടെ കേൾക്കാനും യുക്തിസഹമായ പരിഹാരം തേടാനും അദ്ദേഹം കാട്ടിയ മാതൃകയും സംഘാടനപാടവവും പഠിക്കപ്പെടേണ്ടതാണെന്നും ഐസക്ക് അഭിപ്രായപ്പെട്ടു.

യൂണിയൻ സർക്കാരിന്റെ കാര്യക്ഷമമായ പല പരിപാടികളെയുംകാൾ മികവാർന്നതായിരുന്നു മനമോഹന്റെ നേതൃത്വത്തിൽ ജനകീയാസൂത്രണത്തിന് ഉണ്ടായിരുന്ന ഏകോപനമെന്ന് മുൻ ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് പറഞ്ഞു. ഏതു സങ്കീർണ്ണമായ പ്രശ്നത്തിനും ശാസ്ത്രീയമായ പരിഹാരം അതിവേഗം കണ്ടെത്താൻ അദ്വിതീയമായ കഴിവായിരുന്നു മനമോഹനെന്നും അദ്ദേഹം ഓർത്തു.
ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബൃഹത്തായ ആരോഗ്യസർവ്വേ, ഹാലി ധൂമകേതുവിനെ വരവേറ്റു നടത്തിയ നക്ഷത്രസഹവാസക്യാമ്പുകൾ, സയൻസ് ഒളിമ്പ്യാഡ്, ഭോപ്പാലിലേക്കു പോയ സയൻസ് ട്രയിൻ, വിജ്ഞാനോത്സവം തുടങ്ങിയ സുപ്രധാനപരിപാടികൾക്കു പിന്നിലെയും മുഖ്യചാലകശക്തി മനമോഹനായിരുന്നുവെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ടി. കെ. മീരാബായി പറഞ്ഞു.
ഡോ. ബി. ഇക്ബാൽ, ടി. രാധാമണി, ആർ. പാർവ്വതി ദേവി, ആസൂത്രണബോർഡ് അംഗം മിനി സുകുമാർ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കെജിഒഎ സെക്രട്ടറി ശരത് ലാൽ, എൻജിഒ യൂണിയൻ സെക്രട്ടറി പി. സുരേഷ്, മനമോഹന്റെ സഹോദരൻ ഡോ. ഉദയകുമാർ എന്നിവർ സംസാരിച്ചു. കോസ്റ്റ്ഫോർഡ് ചെയർമാൻ കെ. പി. കണ്ണന്റെ സന്ദേശം വായിച്ചു. പരിഷത്ത് സംസ്ഥാനസെക്രട്ടറി വി. കെ. നന്ദനൻ സ്വാഗതവും ജില്ലാസെക്രട്ടറി ജി. ഷിംജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *