കേരളത്തിൻ്റെ തീരക്കടലിൽ ഉണ്ടാകുന്ന കപ്പലപകടങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് ശാസ്ത്രീയമായ പഠനവും പരിഹാരവും ഉണ്ടാകണം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

0

         പത്രക്കുറിപ്പ്

കേരളത്തിന്റെ
തീരക്കടലിൽ ആവർത്തിച്ചു വരുന്ന കപ്പലപകടങ്ങളെ തുടർന്നുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ആശങ്ക ഉയർത്തുന്നതാണെന്നും അത് സംബന്ധിച്ച് ശാസ്ത്രീയമായ  പഠനവും പരിഹരങ്ങളും ഉണ്ടാകണമെന്നും അർഹമായ നഷ്ടപരിഹാരം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി ആവശ്യപ്പെടുന്നു.

കപ്പലപകടത്തിൽ ആലപ്പുഴ മുതൽ കന്യാകുമാരി വരെയുള്ള തീരമേഖലയിലുട നീളം പ്ലാസ്റ്റിക് പെല്ലറ്റുകൾ വന്നുചേർന്നിരിക്കുന്നു. രാസമാലിന്യങ്ങൾ കടലിലും അടിത്തട്ടിലും വ്യാപിച്ചിട്ടുണ്ടോ എന്നതിൽ വലിയ ആശങ്ക നിലനിൽക്കുന്നു. കപ്പലപകടത്തെ തുടർന്നുള്ള പ്ലാസ്റ്റിക് പെല്ലറ്റുകൾ ദീർഘകാലം കടലിൽ തന്നെയുണ്ടാകുന്നത് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ കാരണമാകും.

ഇതിനു പുറമെ രാസമാലിന്യം ഉൾപ്പെടെയുള്ള ആരോഗ്യത്തിന് ഹാനികരമായ മാലിന്യങ്ങൾ കടലിൽ വ്യാപിച്ചു എന്ന സംശയത്തിൽ മത്സ്യം വാങ്ങാൻ ജനങ്ങൾ മടിക്കുന്നത് വനിതകളായ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശ സമൂഹത്തിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. കപ്പലപകടത്തിനു ശേഷവും നമ്മുടെ കടലിൽ നിന്നും പിടിക്കുന്ന മത്സ്യം ഭക്ഷ്യയോഗ്യമാണ് എന്ന് പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിലൂടെ കണ്ടെത്തിയെങ്കിലും പൊതുജനങ്ങളുടെ ആശങ്ക മാറിയിട്ടില്ല. ഈ കാര്യത്തിൽ പൊതുജനങ്ങൾക്ക് മനസിലാകുന്ന രീതിയിലുള്ള ബോധവൽക്കരണ ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം കണ്ടെയ്നറുകളിലെ ഉള്ളടക്കം സംബന്ധിച്ച് വിവരം  നൽകുന്നതിൽ സുതാര്യത പാലിയ്ക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ നടപടികൾ കൂടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണം.

ഇതുമായി ബന്ധപ്പെട്ട് നമ്മുടെ തീരക്കടലിലും അടിത്തട്ടിലും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഹ്രസ്വകാല പഠനങ്ങളും ഒപ്പം ദീർഘകാല നിരീക്ഷണപഠനങ്ങളും നടത്തി അതനുസരിച്ച് ആഘാത പരിഹാര സംവിധാനങ്ങൾ ആസൂത്രണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇതു പോലുള്ള സാഹചര്യങ്ങളിൽ മത്സ്യത്തൊഴിലാളി സമൂഹവും തീരദേശവാസികളും ഇത്തരം പ്രശ്നങ്ങളെ എങ്ങനെ  ശാസ്ത്രീയമായികൈകാര്യം ചെയ്യണം എന്നതിന് കൃത്യമായ മാർഗ്ഗരേഖ തയ്യാറാക്കുകയും അവരെ ബോധവൽക്കരിക്കുകയും ആവശ്യമായ പരിശീലനങ്ങൾ നൽകുകയും വേണം.          മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രാദേശിക സമൂഹത്തിന്  ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിലിൻ്റെയും ജീവനോപാധികളുടെയും സാമ്പത്തിക നഷ്ടം കണക്കുക്കൂട്ടി
അർഹമായ നഷ്ടപരിഹാരം നൽകുന്നതിനും അതോടൊപ്പം  ആവസവ്യവസ്ഥയ്ക്കും ജൈവസമ്പത്തിനും ദീർഘകാലം  ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക സാമ്പത്തിക നഷ്ടങ്ങളും കൂടി  വിലയിരുത്തി പ്രസ്തുത നഷ്ടം ബന്ധപ്പെട്ട ഷിപ്പിംഗ് കമ്പനിയിൽ നിന്നും ഈടാക്കാനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തണം
ഇതിനായി സമാനമായ കപ്പലപകടങ്ങളിൽ ലോകത്ത് സ്വീകരിച്ചു വരുന്ന കീഴ് വഴക്കങ്ങളും മാനദണ്ഡങ്ങളും കൂടി പരിഗണിച്ച് കോടതി വ്യവഹാരങ്ങളടക്കമുള്ള ശക്തവും ആസൂത്രിതവുമായ നീക്കം  സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത്   ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *