ഈ പുസ്തകം വായിക്കാതിരിക്കരുത്
വായനാവാരത്തിൽ
പരിഷദ് പ്രവർത്തകർ വായിച്ചിരിക്കേണ്ട ഒരു പുസ്തകത്തെക്കുറിച്ച് മുൻ പ്രസിദ്ധീകരണ കൺവീനർ ജി. സാജൻ എഴുതുന്നു.
ഈ പുസ്തകം വായിക്കാതിരിക്കരുത്
പരിഷത് പ്രവർത്തകർ ഒരു കാരണവശാലും വായിക്കാതിരിക്കരുത് എന്ന് പറയാവുന്ന ഒരു പുസ്തകം ഏതാണ് എന്ന് ചോദിച്ചാൽ സമകാലിക രാഷ്ട്രീയം മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്കായി ഞാൻ പറയുന്ന ഒരു പുസ്തകമുണ്ട്.
എന്നാൽ ഈ പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുൻപ് ഒരു സിനിമാക്കഥ പറയാം. (സിനിമയും പുസ്തകവുമായുള്ള ബന്ധം ഉടൻ പിടികിട്ടും)
ഈ കഴിഞ്ഞ വർഷം അവസാനം കണ്ട സിനിമയാണ് Don’t Look Up. സിനിമ നല്ലതോ ചീത്തയോ എന്നത് ഇവിടെ ചർച്ച ചെയ്യുന്നില്ല. എന്നാൽ അതിൽ എന്നെ അമ്പരപ്പിച്ച ഒരു കാര്യം മാത്രം സൂചിപ്പിക്കാം. ഒരു ഉൽക്ക വന്നിടിച്ചു ഭൂമി നശിക്കാനുള്ള സാധ്യതയാണ് കഥാ പരിസരം. ഈ ഉൽക്കയെ നമ്മുടെ ആണവ ശേഷി ഉപയോഗിച്ച് തകർക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിക്കുന്നു. എന്നാൽ അവസാന നിമിഷം അമേരിക്ക അതിൽ നിന്ന് പിന്മാറുന്നു. അതിനു കാരണമായി എലോൺ മസ്കിന്റെ മാതൃകയിൽ സൃഷ്ടിച്ചിരിക്കുന്ന കഥാപാത്രം പറയുന്ന ഒരു കാരണമുണ്ട്
“ഈ ഉൽക്കയെ നമുക്ക് ആവശ്യമുണ്ട്. കാരണം ഇതിൽ വൈട്രിയം, ടെർബിയം, ഓസ്മിയം, ഡിസ്‌പ്രോസിയം എന്നീ അപൂർവ മൂലകങ്ങളുണ്ട്. നമ്മുടെ കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഉണ്ടാക്കാൻ ആവശ്യമായ അപൂർവ മൂലകങ്ങളാണ് ഇവ. ഇപ്പോൾ ഇവയെല്ലാം ചൈനയുടെ കൈവശമാണ്. ഈ ഉൽക്ക കിട്ടിയാൽ നമുക്ക് ലോകസമ്പത്തിന്റെ അധിപരാകാം.”
ഈ വാചകം കേട്ടപ്പോൾ ഞാൻ അമ്പരന്നിരുന്നു പോയി.
കഴിഞ്ഞ കുറേക്കാലമായി ഞാൻ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു പുസ്തകത്തിൽ നിന്നുള്ള വസ്തുതകളാണിത്. അതെ ജി മധുസൂദനൻ എഴുതിയ “മുതലാളിത്ത വളർച്ച: സർവ്വനാശത്തിന്റെ വഴി” എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തിൽ നിർണായകലോഹങ്ങളെ കുറിച്ച് എഴുതുമ്പോൾ രചയിതാവ് സൂചിപ്പിക്കുന്ന 17 അപൂർവ മൂലകങ്ങളുണ്ട്. അവയിൽ ചിലതാണ് സിനിമയിൽ സൂചിപ്പിക്കുന്നത്
ലോകത്തിലെ അപൂർവ മൂലകങ്ങളുടെ മൊത്തം ശേഖരം 120 ദശലക്ഷം ടൺ ആണ്. ഇതിന്റെ 63 ശതമാനവും ചൈനയിലാണ്.
ഫോസിൽ ഇന്ധനങ്ങളുടെ കാലം കഴിഞ്ഞാൽ ലോക സമ്പത് വ്യവസ്ഥയെ നിർണയിക്കുന്നത് ഈ അപൂർവ മൂലകങ്ങൾ ആയിരിക്കും. ഇവയുടെ ഉടമസ്ഥത ആർക്കാണോ അവരായിരിക്കും ലോക രാഷ്ട്രീയത്തെ നിയന്ത്രിക്കുക. ഇപ്പോഴത്തെ അവസ്ഥയിൽ അടുത്ത അൻപത് വർഷത്തിനുള്ളിൽ ഈ മൂലകങ്ങൾ ഭൂമിയിൽ ഇല്ലാതാവുകയും ചെയ്യും. ഇവക്കു വേണ്ടിയാകും അടുത്ത ലോക യുദ്ധങ്ങൾ. പുതിയ കാലത്തിന്റെ പുതിയ വിഭവ സാമ്രാജ്യത്വത്തിന്റെ ചിത്രമാണ് ഈ പുസ്തകത്തിലും സിനിമയിലും നമ്മൾ കാണുന്നത്. ഭൂമി നശിച്ചാലും സ്വന്തം ലാഭം കുറയരുത് എന്ന് കരുതുന്ന മുതലാളിത്തത്തെയാണ് ഇവർ പ്രതിക്കൂട്ടിൽ നിർത്തുന്നത്
കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ലോകത്തു നടക്കുന്ന വികസന ചിന്തകളെക്കുറിച്ചും കഴിഞ്ഞ അഞ്ചു വര്ഷം നടത്തിയ ഗവേഷണത്തിന്റെ ഉത്പന്നമാണ് ഈ പുസ്തകം. പതിനാലു അദ്ധ്യായങ്ങളിലായി 440 പേജുകളിൽ പരന്നു കിടക്കുന്ന ഈ പഠന ഗ്രന്ഥം ഈ രംഗത്തുള്ള നൂറു കണക്കിന് പുസ്തകങ്ങൾ വായിക്കുന്നതിന് പകരം വക്കാൻ മാത്രം പ്രൗഢമാണ്.
ഭൂമിയുടെ ജിയോളജിക്കൽ ചരിത്രത്തിൽ നാം ജീവിക്കുന്ന ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത് ഹോളോസീൻ Holocene എന്നാണ്. കഴിഞ്ഞ 12000 വര്ഷത്തെയാണ് ഇങ്ങനെ അടയാളപ്പെടുത്തുന്നത്. ചരിത്രത്തിലെ പുതിയൊരു കാലം എന്നുമാത്രമേ ഈ വാക്കിനു അർത്ഥമുള്ളൂ. എന്നാൽ വ്യാവസായിക വിപ്ലവത്തിന് ശേഷമാണ് മനുഷ്യന്റെ ഇടപെടൽ ഭൂമിയുടെ കാലാവസ്ഥയെ ഏറെ പ്രതികൂലമായി ബാധിക്കുന്നു എന്ന ബോധ്യം ശക്തമായത്.
മനുഷ്യന്റെ തുടർച്ചയായ ഇടപെടലാണ് പ്രകൃതിയുടെ താളം തകർക്കുന്നത്. മനുഷ്യകേന്ദ്രീകൃതമായ ഈ കാലത്തെ ആന്ത്രോപോസീൻ കാലഘട്ടം എന്നാണു വിളിക്കുന്നത്.
എന്നാൽ ലോകത്തുണ്ടാവുന്ന കാലാവസ്ഥാ മാറ്റത്തിന്റെ 85 ശതമാനവും സംഭാവന ചെയ്യുന്നത് വെറും 99 കമ്പനികൾ മാത്രമാണ് എന്ന് മധുസൂദനൻ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രീകൃതമായ ഉത്പാദന വ്യവസ്ഥ മാറാതെ ഈ പ്രശ്നങ്ങൾക്ക് അടിസ്ഥാനപരമായ പരിഹാരം ഉണ്ടാവില്ല എന്ന് അദ്ദേഹം വാദിക്കുന്നു. അതുകൊണ്ടു തന്നെ നാം ജീവിക്കുന്ന ഈ കാലത്തെ കാപിറ്റലോസീൻ Capitalocene എന്ന് വിളിക്കണം എന്ന് അദ്ദേഹം നിർദേശിക്കുന്നു.
എന്താണ് മുതലാളിത്ത വളർച്ചയുടെ അടിസ്ഥാന പ്രശ്നം? ഏറ്റവും പ്രധാനം അമിതോത്പാദനമാണ്. ഈ പ്രശ്നത്തെയാണ് മധുസൂദനൻ പ്രാഥമികമായി പരിശോധിക്കുന്നത്.
ഈ പഠനത്തിന്റെ അടിസ്ഥാന വാദങ്ങളിൽ ഒന്ന് ‘നിരന്തര വളർച്ച’ പരിമിതമായ ഈ ഭൂമിയിൽ അസാധ്യമാണ് എന്നതാണ്. ജോൺ കെന്നത് ഗാൽബ്രെയ്ത്തിന്റെ വാക്കുകൾ കടമെടുത്താൽ “അപരിമിത വളർച്ച എന്ന പ്രചാരണം നിർദോഷമായ വഞ്ചന അഥവാ Innocent Fraud ആണ്”
വ്യക്തിപരമായ ശീലങ്ങളുടെ തിരുത്തലിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന വാദം അരാഷ്ട്രീയമാണെന്നും ഗ്രന്ഥകർത്താവ് വാദിക്കുന്നു. ഇവിടെയാണ് അടിസ്ഥാന മാർക്സിസ്റ്റ് ചിന്തകളിലേക്ക് പുസ്തകം നമ്മെ നയിക്കുന്നത്. മുതലാളിത്ത ആധുനികത സൃഷ്ടിച്ചത് ഫോസിൽ ഇന്ധനങ്ങളിലൂടെ ചരിത്രത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഊർജ ധാരാളിത്തമാണ് എന്ന് മധുസൂദനൻ വാദിക്കുന്നു. ഫോസിൽ ഇന്ധനങ്ങൾ മാത്രമല്ല സാമ്പത്തിക വളർച്ചക്ക് നിദാനമായ മറ്റ് ലോഹങ്ങളും ധാതുക്കളും ഉപയോഗിച്ച് തീർക്കുന്നതാണ് മുതലാളിത്തത്തിന്റെ ഉത്പാദന ശൈലി. അതുകൊണ്ടു തന്നെ ബദൽ ഊർജ സ്രോതസ്സുകൾക്കും ഈ പരിമിതിയെ മറികടക്കാനാവില്ല. പ്രകൃതി വിഭവങ്ങളെ ഇത്തരത്തിൽ താത്ക്കാലിക ലാഭത്തിനായി ഉപയോഗിച്ച് തീർക്കുന്ന ഈ ഉത്പാദന പ്രക്രിയയുടെ പരാജയം മനസ്സിലാക്കണമെങ്കിൽ സമൂഹവും പ്രകൃതിയും തമ്മിലുള്ള പുതിയൊരു വൈരുദ്ധ്യാത്മക ബന്ധം നാം കണ്ടെത്തണം. ഇതിനായി മാർക്സിന്റെ ചിന്തകളെ പുനർവായിക്കണം.
ഈ ചിന്ത നമ്മെ നയിക്കുക കാർബൺ അനന്തര ഭാവിയിലേക്കും മുതലാളിത്താനന്തര ഭാവിയിലേക്കും ആണ്.
ഇതിനു സഹായകരമായ ഒരു ജ്ഞാനാത്മക ഭൂപടരചനക്കു (Cognitive Mapping) ഈ പുസ്തകം പ്രയോജനപ്പെടുമെന്നാണ് ഗ്രന്ഥകർത്താവ് പ്രതീക്ഷിക്കുന്നത്.
അതിനു സഹായകരമാവും വിധം മൗലികവും വൈവിധ്യപൂര്ണവുമാണ് പുസ്തകത്തിന്റെ ഘടന.
ചരിത്രത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ അധ്യായങ്ങൾക്കാണ് കൊളോണിയൽ കാലഘട്ടം സാക്ഷ്യം വഹിച്ചത്. അതോടൊപ്പം നടന്ന പ്രകൃതിയുടെ അമിതമായ ചൂഷണവും. ഇങ്ങനെ സമാഹരിച്ച മൂലധനമാണ് ഇന്നത്തെ മുതലാളിത്തത്തെ സൃഷ്ടിച്ചത്. ഈ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെ പല രാജ്യങ്ങളിലെ വികസന മാതൃക നമുക്ക് വിശകലനം ചെയ്യാൻ കഴിയില്ല. ഇത്തരം വിശകലനത്തിന് ഏറ്റവും സഹായകമാവുന്നത് മാർക്സിസ്റ്റ് വിശകലന രീതി തന്നെയാണ്. മുതലാളിത്ത ലോകത്തു മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാവുന്ന വൈരുദ്ധ്യത്തെ Metabolic Rift എന്നാണു മാർക്സ് വിശേഷിപ്പിച്ചത്. ഈ ദിശയിലുള്ള മാർക്സിന്റെ പുനർവായന ഇപ്പോൾ ധാരാളം നടക്കുന്നുണ്ട്. ഈ രംഗത്തെ പ്രമുഖരാണ് ജോൺ ബെല്ലമി ഫോസ്‌റ്റർ, ജാപ്പനീസ് മാർക്സിസ്റ്റ് ചിന്തകനായ കോഹി സെയ്‌ടോ തുടങ്ങിയവർ.
മുതലാളിത്ത ഉത്പാദന പ്രക്രിയ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ എരിച്ചു തീർത്ത ഫോസിൽ ഇന്ധനങ്ങളാണ് ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്. അതുകൊണ്ടു തന്നെ കാലാവസ്ഥാ മാറ്റത്തിനെതിരായ പോരാട്ടം മുതലാളിത്തത്തിന് എതിരായ പോരാട്ടം തന്നെയാണ്.
അറിവിന്റെ പുതിയ മേഖലകൾ എന്ന അധ്യായം വികസന പാരിസ്ഥിതിക ചിന്തകളുടെ ചരിത്രത്തിലൂടെയുള്ള ഒരു സഞ്ചാരമാണ്. വളർച്ചയുടെ പരിധി പ്രവചിച്ച ക്ലബ് ഓഫ് റോം മുതൽ എണ്ണ യുഗം സൃഷ്‌ടിച്ച കൃത്രിമ മുതലാളിത്ത സമൃദ്ധി വരെ ഇതിൽ വിശകലം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ലഭിച്ച ഊർജ ധാരാളിത്തം മനുഷ്യന്റെ ജീവിതത്തിൽ കൊണ്ടുവന്ന നേട്ടങ്ങൾ ഗ്രന്ഥകർത്താവ് കാണാതെയിരിക്കുന്നുമില്ല. എന്നാൽ ഇത്തരമൊരുമാറ്റത്തിന് ഒരു അമേരിക്കൻ മോഡൽ മുതലാളിത്തം അനിവാര്യമല്ല എന്നും അദ്ദേഹംചൂണ്ടിക്കാണിക്കുന്നു. ബദൽ സാധ്യതകൾക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതാകട്ടെ കേരളം അവലംബിച്ച വികസന പാതയെയാണ്. തുടർന്നുള്ള അധ്യായത്തിൽ ഇത്തരത്തിലുള്ള വളർച്ച സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളുടെ പഠനമാണ്. വർധിക്കുന്ന അസമത്വം, പെരുകുന്ന കടം, വളർച്ചയുടെ ഹിംസാത്മകത, ഡിജിറ്റൽ കാലത്തേ തൊഴിൽ രഹിത വളർച്ച, സാമ്രാജ്യത്വ വ്യാപനത്തിന്റെ ഭാഗമായിട്ടുണ്ടാവുന്ന ജനാധിപത്യ ധ്വംസനം, ജൈവ വൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ എന്നിവയൊക്കെ വിശകലന വിധേയമാവുന്നുണ്ട്.
ഇനിയുള്ള ചോദ്യം ഫോസിൽ ഇന്ധനങ്ങൾ എത്ര കാലം നിലനിൽക്കും എന്നാണ്? വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം സ്ഥാപിക്കുന്നത് 2050 ആകുമ്പോഴേക്കും ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത 1950 ലെ തോതിലേക്കു ചുരുങ്ങും എന്നാണ്. എന്ന് മാത്രമല്ല ആഗോള താപനം 2 ഡിഗ്രി സെന്റിഗ്രേഡ് ആയി നിയന്ത്രിക്കണം എങ്കിൽ ഇനി ലഭ്യമായ ഫോസിൽ ഇന്ധനങ്ങളുടെ 25 ശതമാനമെങ്കിലും ഉപയോഗിക്കാതെ മണ്ണിനടിയിൽ ഉപേക്ഷിക്കുകയും വേണം.
ഈ സാഹചര്യത്തിലാണ് ബദൽ ഊർജത്തിന്റെ സാദ്ധ്യതകൾ എത്ര എന്ന ചോദ്യം ഉയരുന്നത്. സൗരോർജം, പവനോർജം, സമുദ്ര ഊർജം, ജൈവ വസ്തുക്കളിൽ നിന്നുള്ള വൈദ്യുതി, ഭൂഗർഭ താപ ഊർജം എന്നിവയുടെയൊക്കെ സാധ്യതകളും പരിമിതികളും വിശദമായി ഇവിടെ പഠിക്കുന്നുണ്ട്.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടതിന്റെ പത്തിരട്ടി ലോഹ ധാതുക്കൾ വേണം ബദൽ ഊർജത്തിന്റെ ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ. ഇതിൽ നിർണായകമായ പല ലോഹങ്ങളും ദുർലഭമാണ് എന്ന് മാത്രമല്ല അവയുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രീകരണം (ഇവയിൽ പലതിന്റെയും 95 ശതമാനം ചൈനയിലാണ്.) പുതിയൊരു ആഗോള രാഷ്ട്രീയ അസ്ഥിരതക്കും ബലാബലത്തിനും കാരണമാവുകയും ചെയ്യും. ഊർജത്തിന്റെ അക്ഷയപാത്രം എന്ന സങ്കൽപം ഒരു മിഥ്യയാണ്. അതായത് ഫോസിൽ ഇന്ധനങ്ങൾ മാത്രമല്ല ബദൽ ഊർജം ഉണ്ടാക്കാനുള്ള നിർണായക ലോഹങ്ങളും ഏകദേശം ഈ നൂറ്റാണ്ടിൽ തന്നെ ഉച്ചസ്ഥായിൽ എത്തും. മുതലാളിത്ത ദുര ഭൂമിയെ മൊത്തത്തിൽ ഒരു ഖനിയാക്കി മാറ്റാൻ അനുവദിച്ചുകൂടാ.
എന്നാൽ ഈ വാദത്തെ നിരാകരിക്കുന്ന, ശാസ്ത്രം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തും എന്ന് വാദിക്കുന്ന പ്രബലമായ ഒരു സംഘവുമുണ്ട്. അവരുടെ പ്രതിവിധികളേയും അതിന്റെ പരിമിതികളെയും വിശദീകരിക്കുന്നതാണ് അടുത്ത അധ്യായം. ജീവന്റെ ഉന്മൂലനത്തിലേക്ക് തന്നെ നയിക്കാവുന്ന ഉത്പാദന പ്രക്രിയ, അവയ്ക്കായുള്ള മുടന്തൻ മുതലാളിത്ത പരിഹാരങ്ങൾ എന്നിവയുടെ നിശിതമായ വിമർശനമാണ് അടുത്ത രണ്ട് അധ്യായങ്ങൾ.
എന്നാൽ അവസാനത്തെ രണ്ടു അധ്യായങ്ങൾ മുതലാളിത്ത വളർച്ചയുടെ ഒടുങ്ങലിനെക്കുറിച്ചുള്ള മാർക്സിസ്റ്റ് വീക്ഷണവും എണ്ണ യുഗാനന്തര ലോകത്തിലെ എക്കോ സോഷ്യലിസം എന്ന പ്രത്യാശയുമാണ്.
അതായത് ഈ പുസ്തകം അവതരിപ്പിക്കുന്നത് നിരാശയുടെ ചിത്രമല്ല. ഭാവിയെക്കുറിച്ചുള്ള സജീവമായ പ്രതീക്ഷകൾ തന്നെയാണ്. എന്നാൽ മുതലാളിത്ത സമ്പത്‌ഘടനയെ ഈ പഠനം പൂർണമായും നിരാകരിക്കുകയാണ്. മറിച്ചു പാരിസ്ഥിതിക അവബോധത്തിലൂന്നിയ ഒരു സോഷ്യലിസ്റ്റ് ഭാവിയെ മധുസൂദനൻ സ്വപ്നം കാണുന്നു. അദ്ദേഹം അവതരിപ്പിക്കുന്ന ഈ ബദൽ മാതൃകയിൽ വികേന്ദ്രീകൃത വികസന പാത ഏറെ പ്രാധാന്യം അർഹിക്കുന്നു. ഫോസിൽ അവസാനിച്ചു കഴിഞ്ഞാൽ പിന്നീടുള്ളത് പ്രാദേശികമായ വിഭവങ്ങളും അവയുടെ പുനരുപയോഗവും ആയിരിക്കും.
സത്യത്തിൽ ദരിദ്ര രാജ്യങ്ങളിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ പരിപാടിയിൽ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങൾ ഉയർത്തേണ്ട സമയമായി
കേരളത്തിൽ വികസനം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾ സമവായത്തിൽ എത്താതെ നിൽക്കുകയാണ്. മുഖ്യ ധാരാ മാധ്യമങ്ങളിലെ ചർച്ചകളാകട്ടെ ശബ്ദ കോലാഹലങ്ങൾ എന്നതിനപ്പുറം ആഴത്തിലുള്ള ചർച്ചകൾ അസാധ്യം എന്ന നിലക്ക് ആയിരിക്കുന്നു. ഇതിൽ സാർത്ഥകമായി ഇടപെടാൻ പരിഷത് പ്രവർത്തകരെ ഈ പുസ്തകം ഏറെ സഹായിക്കും എന്നുറപ്പാണ്.