ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ സംഘാടകസമിതി രൂപീകരിച്ചു.
സംഘാടകസമിതി രൂപീകരണ യോഗം സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൂക്ക, കുസാറ്റ്, സി-സിസ്, പാലാ സെൻ്റ്. തോമസ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ സഹകരണത്തോടെ 2025 നവംബർ 28 മുതൽ ഡിസംബർ 3 വരെ പാലാ സെൻ്റ് തോമസ് കോളേജിൽ നടക്കുന്ന ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ്റെ സംഘാടകസമിതി രൂപീകരിച്ചു. സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം ലോകമെമ്പാടും 2025 ക്വാണ്ടം സയൻസിന്റെയും സാങ്കേതികവിദ്യയുടെയും വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തും പരിഷത്തിൻ്റെ സയൻസ് പോർട്ടലായ ലൂക്കയും ചേർന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ കേരളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി 2025 നവംബർ 7 മുതൽ 4 മാസക്കാലം നീണ്ടു നിൽക്കുന്ന പ്രദർശനം -Quantum Century Exhibition- കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. സൂക്ഷ്മ ലോകത്തെക്കുറിച്ച് ആഴത്തിൽ അറിയാൻ വഴികാട്ടിയായ, ട്രാൻസിസ്റ്ററും ലേസറും മുതൽ ക്വാണ്ടം കമ്പ്യൂട്ടർ വരെയുള്ള ധാരാളം സാങ്കേതികവിദ്യകൾക്കു ആധാരമായ ക്വാണ്ടം സയൻസിനെ മനോഹരമായ രൂപകല്പനയിൽ വിദ്യാർത്ഥികളിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തിക്കാനാണ് ഈ പ്രദർശനം ശ്രമിക്കുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുടെ (Centre for Science in Society – C-SiS, CUSAT) നേതൃത്വത്തിൽ അവിടുത്തെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും അക്കാദമിക സഹായത്തോടെയാണ് ഈ വലിയ പ്രദർശനം തയ്യാറാക്കുന്നത്. പ്രദർശനം കാണാൻ എത്തുന്നവർക്ക് സാങ്കേതികവിദ്യകൾ നേരിട്ട് അറിയുന്നതിനും വെർച്വൽ റിയാലിറ്റി ഉൾപ്പെടെയുള്ള വിവിധ രീതികളിലൂടെ ക്വാണ്ടം സയൻസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കഴിയും വിധത്തിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ ക്വാണ്ടം സയൻസ് വർഷവുമായിബന്ധപ്പെട്ട് ആഗോളതലത്തിൽ നടക്കുന്ന പരിപാടികളിൽ കേരളത്തിൽ നടക്കുന്ന Quantum Century Exhibition ലിസ്റ്റ് ചെയ്തിട്ടുണ്ട് .
സെൻ്റ് തോമസ് കോളേജ് ഫിസിക്സ് വിഭാഗം തലവൻ ഡോ.ജിൻസൺ പി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ
വൈസ് പ്രിൻസിപ്പൽ റവ.ഡോ.സാൽവിൻ കാപ്പിലിപ്പറമ്പിൽ തോമസ്, ഡോ. ഡിൻ്റോമോൻ ജോയ്, വിഷ്ണു ശശിധരൻ, രശ്മി മാധവ്, ആർ സനൽകുമാർ, ജിസ്സ് ജോസഫ്, സരിത ആർ, വിജു കെ നായർ, ജയകുമാർ, കെ ആർ പ്രഭാകരൻപിള്ള, ആര്യ മനോജ് എന്നിവർ സംസാരിച്ചു. ഡോ.ജിൻസൺ പി ജോസഫ് ചെയർമാനായും ജിസ്സ് ജോസഫ് ജനറൽ കൺവീനറുമായുള്ള സംഘാടകസമിതി രൂപീകരിച്ചു.
