ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷൻ – വിളംബരജാ

ദൈവദശകത്തിന് സമാന്തരമായി സയൻസ് ദശകം എഴുതിയ നാടാണ് കേരളം
ഡോ. ദിവ്യ. എസ്. അയ്യർ .IAS
തിരുവനന്തപുരം:
ശ്രീനാരായണഗുരുവിൻ്റെ ദൈവദശകത്തിന് സമാന്തരമായി അദ്ദേഹത്തിൻ്റെ പ്രഗൽഭ ശിഷ്യനും സഹപ്രവർത്തകനുമായ സഹോദരൻ അയ്യപ്പൻ സയൻസ് ദശകം എഴുതിയ നാടാണ് കേരളമെന്ന് ഡോ. ദിവ്യ. എസ്. അയ്യർ അഭിപ്രായപ്പെട്ടു. 2026 ഫെബ്രുവരി 19 മുതൽ 24 വരെ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ വെച്ചു നടക്കുന്ന ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷൻ്റെ പ്രചരണാർത്ഥം തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിച്ച വിളംബരജാഥയുടെ സമാപന സമ്മേളനം
മാനവീയം വീഥിയിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

സയൻസ് ദശകം ഉദ്ധരിച്ചു കൊണ്ട് ശാസ്ത്രം എന്ന് ഉപയോഗിക്കാതെ സയൻസ് എന്ന് പ്രയോഗിക്കുന്നത് മന:പൂർവ്വമാണെന്നും അവർ പറഞ്ഞു. ജിജ്ഞാസയാണ് സയൻസിൻ്റെ ജീവൻ. സയൻസിൻ്റെ ഏറ്റവും വലിൽ മഹത്വം അത് ഒന്നിനെയും അടിച്ചു വീഴ്ത്താനുള്ള ആയുധമല്ല മറിച്ച് എല്ലാറ്റിനെയും കണ്ടെത്താനുള്ള മാർഗ്ഗമാണ് എന്നുള്ളതാണ്. ഈ സത്യം ഒരു നൂറ്റാണ്ട് മുമ്പ് തിരിച്ചറിഞ്ഞവരാണ് നമ്മുടെ നവോത്ഥാന നായകർ. ആ സത്യത്തിൻ്റെ ആഘോഷമാണ് നമ്മുടെ യുവതയെ ഊർജ്ജസ്വലരാക്കുന്നത്. തീർച്ചയായും സയൻസിൻ്റെ ഈ ജൈത്ര യാത്ര തുടരും. അതിൻ്റെ പ്രതീകമായിട്ടാണ് നമ്മുടെ ക്വാണ്ടം പൂച്ചയെ ഞാൻ കാണുന്നത് അവർ കൂട്ടിച്ചേർത്തു.
യോഗത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബി. നാഗപ്പൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ബി. രമേഷ് സ്വാഗതവും എ.കെ നാഗപ്പൻ നന്ദിയും പറഞ്ഞു.
സർക്കാർ വനിതാ കോളേജിൽ നിന്നും ആരംഭിച്ച
ക്വാണ്ടം സയൻസ് സെഞ്ച്വറി എക്സിബിഷന്റെ വരവറിയിച്ച് കൊണ്ടുള്ള വിളംബരറാലിയിൽ ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും ആവർത്തനപ്പട്ടികയിലെ 118 മൂലകങ്ങളുടെ കാർഡുകളും എക്സിബിഷന്റെ ബ്രാൻഡുമുദ്രയായ ക്വാണ്ടം പൂച്ചയുടെ ചിത്രങ്ങളുമായി നഗരത്തിലെ വിവിധ കോളെജുകളിലെ വിദ്യർത്ഥികൾക്കൊപ്പം കോളെജദ്ധ്യാപകരും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകരും അണിചേർന്നു.
ഫെബ്രുവരി 24 വരെ ഗവ. വിമൻസ് കോളെജിലാണ് എക്സിബിഷൻ.
യുഎൻ ആഹ്വാനപ്രകാരം ലോകമെങ്ങും നടക്കുന്ന ക്വാണ്ടം മെക്കാനിക്സിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമാണു പ്രദർശനം. വിവിധ ജില്ലകളിലായി 10 കേന്ദ്രങ്ങളിലായി 65,000-ത്തിലേറെപ്പേർ കണ്ട എക്സിബിഷൻ ജനകീയതയുടെയും കാലദൈർഘ്യത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ക്വാണ്ടം ശതാബ്ദി പരിപാടി എന്ന യുനെസ്കോയുടെ പ്രശംസയുമായാണു തലസ്ഥാനനഗരത്തിൽ എത്തുന്നത്.

