സയൻസിനും ഉൽസവങ്ങൾ ഉണ്ടാകണം. വി . ശിവൻകുട്ടി

ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉൽഘാടനം ചെയ്തു
തിരുവനന്തപുരം: സയൻസിനും ഉൽസവങ്ങൾ ഉണ്ടാകണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരം ഗവ: വിമൻസ് കോളേജിൽ വെച്ചു നടക്കുന്ന ക്വാണ്ടം സെഞ്ച്വറി സയൻസ് എക്സിബിഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .
ഒരു വിജ്ഞാനസമൂഹമായി വികസിക്കേണ്ട കേരളത്തിലെ നാളെത്തെ പൗരൻമാർ സയൻസിനെ ഇഷ്ടപ്പെടുകയും അത് ആസ്വാദിച്ച് പഠിയ്ക്കുകയും ചെയ്യുന്നവരാകണം; ശാസ്ത്രബോധമുള്ളവരാകണം. അവർക്കു മാത്രമേ വിജ്ഞാനസമൂഹം യഥാർത്ഥ്യമാക്കാൻ കഴിയൂ. നമ്മുടെ രാജ്യത്ത് ബോധപൂർവ്വം ശാസ്ത്ര വിരുദ്ധതകൾ പ്രചരിപ്പിക്കുവാനും ശാസ്ത്ര ഗവേഷണങ്ങൾ ദുർബ്ബലപ്പെടുത്തുവാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്. കെട്ടുകഥകൾ ശാസ്ത്രമാണെന്ന് വരുത്തിത്തീർക്കുവാനുള്ള ഗവേഷണത്തിന് പണം പാഴാക്കുന്നു. ശാസ്ത്ര ഗവേഷണത്തിനുള്ള ഫണ്ടുകൾ വെട്ടി കുറയ്ക്കുന്നു. ഐ.ഐ.ടികൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാസ്ത്ര വിരുദ്ധരെക്കൊണ്ട് നിറയ്ക്കുന്നു . പരിണാമ സിദ്ധാന്തവും ആവർത്തന പട്ടികയുമുൾപ്പെടുന്ന വിഷയങ്ങൾ പാഠ്യപദ്ധതിയിൽ നിന്നും നീക്കം ചെയ്യുന്നു. ഇത്തരം നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിയ്ക്കുന്ന ഏക സംസ്ഥാനമാണ് കേരളം. പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയ ഭാഗങ്ങൾ പ്രത്യേക പുസ്തകമാക്കി നമ്മൾ പഠിപ്പിയ്ക്കുന്നു. അതിന് പിൻതുണ നൽകുന്ന ശാസ്ത്രബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ നാവോത്ഥാന പ്രസ്ഥാനങ്ങൾക്കൊപ്പം ശാസ്ത്ര സാഹിത്യ പരിഷത്തും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത രീതിയിൽ സയൻസിനെ പ്രകീർത്തിച്ച് ഒരു സങ്കീർത്തനം എഴുതപ്പെട്ട നാടാണ് കേരളം. അതുകൊണ്ടാണ് ലോകത്ത് മറ്റൊരിടത്തും ഉണ്ടാകാത്ത രീതിയിൽ ക്വാണ്ടം സെഞ്ച്വറി ഇവിടെ ആഘോഷിക്കപ്പെടുന്നത്. ഈ എക്സിബിഷൻ കാണാൻ കുട്ടികളെ തയ്യാറെടുപ്പിക്കുന്ന അധ്യാപകരെയും രക്ഷിതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു.
ഈ എക്സിബിഷൻ സംഘടിപ്പിക്കാൻ പരിഷത്ത് എടുക്കുന്ന ത്യാഗത്തെ ശ്ലാഘിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ ഉൽഘാടന പ്രസംഗം ഉപസംഹരിച്ചത്.

ഡോ. ഷൈജു .പി ( ഡയറക്ടർ സി- സിസ്, കുസാറ്റി) ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി.കെ . മീരാഭായി അധ്യക്ഷത വഹിച്ച ഉൽഘാടന സമ്മേളനത്തിൽ അക്കാദമിക് കമ്മിറ്റി കൺവീനർ ഡോ. ബിജു. എസ് സ്വാഗതവും പരിഷത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനിൽ നാരായണര് നന്ദിയും രേഖപ്പെടുത്തി.
ഗവ: വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഉമാ ജ്യോതി, മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് ഡോ. എം.സി. ദത്തൻ എന്നിവരും സംസാരിച്ചു.
ഉച്ചയ്ക്ക് നടന്ന ക്വാണ്ടം ടോക്കിൽ ഡോ. വൈശാഖൻ തമ്പി The Ghost of Quantum Cat: Demystifying Quantum Physics
എന്ന വിഷയം അവതരിപ്പിച്ചു.

തിരുവനന്തപുരം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നുമുള്ള ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും ഇന്ന് ക്വാണ്ടം സയൻസ് എക്സിബിഷൻ സന്ദർശിച്ചു. ഫെബ്രുവരി 24 ന് എക്സിബിഷൻ അവസാനിയ്ക്കും

എക്സിബിഷൻ ചിത്രങ്ങളിലൂടെ


