വിജ്ഞാനസമൂഹ സൃഷ്ടിക്ക് ക്വാണ്ടം സയൻസ് പ്രദർശനം വലിയ നേട്ടം -മുഖ്യമന്ത്രി പിണറായി വിജയൻ
ക്വാണ്ടം സയൻസ് പ്രദർശനം സമാപിച്ചു.

തിരുവനന്തപുരം:
വിജ്ഞാനസമൂഹമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ക്വാണ്ടം സെഞ്ച്വറി പ്രദർശനം വലിയ നേട്ടമാണ് സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്തും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ ഫെബ്രുവരി 19 മുതൽ വഴുതയ്ക്കാട് സർക്കാർ വനിതാകോളേജിൽ സംഘടിപ്പിച്ച ക്വാണ്ടം സെഞ്ച്വറി പ്രദർശനം സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിലൂടെ ഇക്കാര്യം പ്രസ്താവിച്ചത്്. ക്വാണ്ടം സെഞ്ച്വറി വർഷത്തിന്റെ ഭാഗമായി ഏറ്റവും വിപുലമായ വൈജ്ഞാനികാഘോഷം നടന്നത് കേരളത്തിലാണെന്നതും ആധുനിക ശാസ്ത്രശാഖയെ പുതുതലമുറയ്ക്ക് മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കുകയെന്നതും അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർ. പാർവതീദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. ഡോ. ടെസ്സി തോമസ് ഓൺലൈനിലൂടെ ആശംസാപ്രസംഗം നടത്തി.

പരിഷത്ത് ജനറൽ സെക്രട്ടറി പി.വി. ദിവാകൻ ക്വാണ്ടം ശതാബ്ദി പ്രഖ്യാപനം നടത്തി
ക്വാണ്ടം സെഞ്ച്വറി ഹാൾ
പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർമ്മിക്കുന്ന സയൻസ് സെൻ്ററിലെ കോൺഫറൻസ് ഹാളിന് ക്വാണ്ടം സെഞ്ച്വറി ഹാൾ എന്ന് നാമകരണം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചു.

വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. വി. ഉമാജ്യോതി, ഡോ. ബോസ്‌കോ ലോറൻസ്, ഡോ. വികാസ്. എൽ. എസ്, പ്രൊഫ. സജിൻ. ആർ, പ്രൊ. വിജയൻ. വി. പി, പി.എസ്. രാജശേഖരൻ, ജി. ശ്രീകുമാർ, ഡോ. ഷബാന ഹബീബ്, ഡോ. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ഡോ. സജി അലക്‌സ് സ്വാഗതവും ജനറൽ കൺവീനർ ബി. രമേശ് നന്ദിയും പറഞ്ഞു.
വിദ്യാർഥികളും അധ്യാപകരുമടക്കം ആയിരക്കണക്കിനാളുകൾ ആറു ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ പങ്കുചേർന്നു. വിവിധ കോളേജുകളിലെ 200-ഓളം കുട്ടികൾ എക്‌സ്‌പ്ലെയിനേഴ്‌സായി പ്രവർത്തിച്ചു.
