രാജ്യതലസ്ഥാനത്തെ യുവസമരത്തിന് ഐക്യദാർഢ്യം: ഓച്ചിറയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് റാലിയും ധർണ്ണയും സംഘടിപ്പിച്ചു*

രാജ്യതലസ്ഥാനത്ത് സി.ജെ.പി.യുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന യുവജനങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓച്ചിറ ടൗണിൽ പ്രതിഷേധ റാലിയും ധർണ്ണയും നടത്തി.
ജനാധിപത്യ അവകാശങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും മേലുള്ള കടന്നുകയറ്റങ്ങൾക്കും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും എതിരെ ഡൽഹിയിൽ യുവത നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയർപ്പിച്ചാണ് ഓച്ചിറയിൽ പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനാധിപത്യ വിശ്വാസികളും പരിഷത്ത് പ്രവർത്തകരും പരിപാടിയിൽ അണിനിരന്നു.
ഓച്ചിറ ടൗണിൽ നടന്ന ധർണ്ണ കൊല്ലം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ശിവൻ പി. കാട്ടൂർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതരത്വവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനായി യുവജനങ്ങൾ നടത്തുന്ന മുന്നേറ്റങ്ങൾക്കൊപ്പം സമൂഹം മുഴുവൻ നിൽക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
മേഖലാ പ്രസിഡൻ്റ് എസ്. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം. അനിൽ സ്വാഗതവും വി. ആറുമുഖം നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡൻ്റ് ശോഭനാ സത്യൻ, യുക്തിവാദി സംഘം പ്രവർത്തകൻ മോഹൻലാൽ, സി.പി.ഐ.എം. ആലപാട് വടക്ക് എൽ.സി. സെക്രട്ടറി പ്രേംകുമാർ, മേഖലാ സെക്രട്ടറി കെ.ജെ. സത്യൻ എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
