ശാസ്ത്രബോധ കൈത്തിരിയേന്തി ഭൂമിയോടൊപ്പം ശാസ്ത്ര സഹവാസ ക്യാമ്പുകൾ മുന്നേറുന്നു

0

IRTCയിൽ ആരംഭിച്ചിട്ടുള്ള ചിൽഡ്രൻസ് സയൻസ് ആക്ടിവിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ഭൂമിയോടൊപ്പം ശാസ്ത്ര സഹവാസ ക്യാമ്പുകൾ ആവേശമുണര്‍ത്തി മുന്നേറുന്നു.

IRTCയിൽ ആരംഭിച്ചിട്ടുള്ള ചിൽഡ്രൻസ് സയൻസ് ആക്ടിവിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ഭൂമിയോടൊപ്പം ശാസ്ത്ര സഹവാസ ക്യാമ്പുകൾ ആവേശമുണര്‍ത്തി മുന്നേറുന്നു. കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകവിദ്യാർഥികൾക്കുമായി ഇതുവരെ 24 ക്യാമ്പുകൾ പൂര്‍ത്തിയായി. ഭൂമിയുടെ ഭ്രമണം, പരിക്രമണം, ചന്ദ്രന്റെ ഭ്രമണം, പരിക്രമണം, അയന ചലനങ്ങൾ ,  ഗ്രഹണങ്ങൾ, ധ്രുവ നക്ഷത്രം, ഭൂമിയുടെ ധ്രുവങ്ങളിലെ പ്രത്യേകത ദിനരാത്രങ്ങളിലെ വ്യത്യാസം, ട്രൂ നോർത്ത് എന്നിങ്ങനെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുട്ടികൾക്ക് പ്രവർത്തിച്ച് പഠിക്കാനുള്ള അവസരമൊരുക്കിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്, കൂടാതെ വിവിധ ശാസ്ത്രതത്ത്വങ്ങൾ മനസ്സിലാക്കുന്നതിന്  നൂറോളം പരീക്ഷണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. IRTC യിൽ ഒരു ദിവസം താമസിച്ച് ഇവിടുള്ള വിവിധ ഡിവിഷണുകളിലെ പ്രവർത്തനങ്ങൾ കാണുന്നതിനും അവസരമുണ്ട്. മാലിന്യ പരിപാലനം, മത്സ്യക്കൃഷി, കൂൺ കൃഷി, ജലപരിശോധന, ഡെക്കോപാഷ്, മിയാവാക്കി , ഫ്രൂട്ട് ഗാർഡൻ , ശലഭോദ്യാനം, അടുപ്പ് മ്യൂസിയം, പ്രത്യേകമായി നിർമ്മിച്ച ഗുഹ, കല്ലുകളുടെ പ്രദർശനം, വിവിധ ഊർജോത്പാദന ഊർജ്ജ സംരക്ഷണ പരിപാടികൾ എന്നിവയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. പക്ഷിനിരീക്ഷണത്തിനും കളികൾക്കും ക്യാമ്പ് ഫയറിനും ലഘുവ്യായാമങ്ങൾക്കും അവസരമൊരുക്കുന്നുണ്ട്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വിഷയ സമിതിയുടേയും ഐ.ആർ.ടി.സി.യുടേയും ചിരകാല അഭിലാഷമായിരുന്നു ഇത്തരമൊരു ആക്ടിവിറ്റി സെൻ്റർ തുടങ്ങുക എന്നത്.കെ. വി.എസ് കർത്തയാണ് ആക്ടിവിറ്റി സെന്റര്‍ ഉൾഭാഗം ക്രമീകരിക്കുന്നതിനുളള സിസൈൻ ഒരുക്കിയത്. ആക്ടിവിറ്റി സെന്ററില്‍ എറ്റെടുക്കുന്ന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വിഷയ സമിതി നേതൃത്വം നൽകി.
ഒരു ദിവസത്തെ താമസത്തിനും രണ്ടു ദിവസത്തെ ഭക്ഷണത്തിനുമായി 600 രൂപയാണ് ഇപ്പോൾ വാങ്ങുന്ന ഫീസ്. ഓൺലൈൻ രജിസ്ട്രേഷനിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ഒരു വിദ്യാലയത്തിനു മാത്രമായും ആവശ്യമെങ്കിൽ ക്യാമ്പ് നടത്തിക്കൊടുക്കുന്നതാണ്. 30-35 കുട്ടികൾക്കാണ് ഒരു ക്യാമ്പിൽ പരമാവധി പങ്കാളിത്തം നൽകാവുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിലേറെ കുട്ടികളും, അധ്യാപകരും അധ്യാപക വിദ്യാർഥികളും ഇതുവരെയായി ക്യാമ്പിൽ പങ്കെടുത്തു കഴിഞ്ഞു. കണ്ണൂർ തൃശൂർ, എറണാകുളം, മലപ്പുറം, തുടങ്ങിയ ജില്ലകളിൽ നിന്ന് ബാലവേദി ഗ്രൂപ്പുകളും ക്യാമ്പിൽ പങ്കെടുത്തു.ഇതുവരെ നടന്ന ക്യാമ്പുകൾക്ക് കെ.വി.എസ്. കർത്ത, സജി ജേക്കബ് , രമണി, വി.രാജലക്ഷ്മി, സായ് പ്രശാന്ത്, അക്ഷയ് കെ.സി. വിഷ്ണു വേണുഗോപാൽ, രവിചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പർ : സജി ജേക്കബ് – 9995415069, കൃഷ്ണ എസ്. 7293642252.

Leave a Reply

Your email address will not be published. Required fields are marked *