പാഴ്വസ്തുക്കൾ ശേഖരിച്ച് ശാസ്ത്രീയമായി തരം തിരിച്ച് പുനഃചക്രണത്തിന് വിധേയമാക്കുന്നതിനായി കേരളത്തിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ 4 വർഷമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഹരിതകർമ്മസേന. ഹരിതകർമ്മസേനയെ ശാക്തീകരിക്കുന്നതിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മാലിന്യപരിപാലനപ്രവർത്തനത്തിന് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി സർക്കാർ നിർദ്ദേശപ്രകാരം ശുചിത്വമിഷൻ എംപാനൽ ചെയ്ത ഹരിത സഹായ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ Integrated Rural Technology Centre ( IRTC) യും ഉണ്ട്. 3 വർഷം പിന്നിടുമ്പോൾ അജൈവ മാലിന്യശേഖരണത്തിൽ ചില മാതൃകകൾ സൃഷ്ടിക്കാനും ഹരിതകർമ്മസേനയെ മികച്ച വരുമാനത്തിലേക്ക് എത്തിക്കാനും IRTC ക്ക് കഴിഞ്ഞിരിക്കുന്നു .
ഇന്ന് 120 തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത സഹായ സ്ഥാപനമായി IRTC പ്രവർത്തിക്കുന്നുണ്ട്. ഐആർടിസിയുടെ ചുമതലയിലുള്ള 4 ഗ്രാമ പഞ്ചായത്തുകളിൽ (കാർത്തികപ്പള്ളി, ചിങ്ങോലി, മുട്ടാർ, മുതുകുളം) 100 % വീടുകളും കച്ചവട സ്ഥാപനങ്ങളും ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക്കും യൂസർ ഫീയും കൈമാറിക്കൊണ്ടിരിക്കുന്നു. അലയമൺ ഗ്രാമപഞ്ചായത്തിൽ ഒരു വാർഡ് കൂടി നൂറിലെത്താനുണ്ട്. അതും കൂടിയായാൽ 5 പഞ്ചായത്തുകൾ 100 ശതമാനത്തിലേക്കെത്തും.
നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ പല വാർഡുകളും ഇതിനകം 100 % ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു.
ജൂലൈ 31-ന് കണക്കെടുത്തപ്പോൾ വിവിധ പഞ്ചായത്തുകളിലെ 109 വാർഡുകളിൽ ലക്ഷ്യം കൈവരിച്ചതായി കാണാം.
ഹരിതകർമ്മ സേനയാണ് ഈ വിജയത്തിന്റെ പരിപൂർണഅവകാശികൾ. തുടക്കത്തിൽ പലവിധത്തിലുള്ള ആക്ഷേപവാക്കുകളും പരിഹാസങ്ങളും വ്യക്തിപരമായ അവഹേളനങ്ങളും അവർ നേരിട്ടിരുന്നു. ‘പ്ലാസ്റ്റിക്ക് പെറുക്കികൾ’ എന്ന് പലരും അവരെ പരിഹസിച്ചു. അതിനെയെല്ലാം നേരിട്ടാണ് അവർ ഈ നേട്ടത്തിന് അർഹരായത്. വരും തലമുറയിൽനിന്ന് കടം വാങ്ങിയ ഭൂമിയെ വൃത്തിയാക്കി തിരികെ ഏല്പിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് അവർ ഏറ്റെടുത്തിരിക്കുന്നത് അവരോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവരുടെ ഒക്കെ സഹായങ്ങൾ ഈ നേട്ടത്തിന് പിന്നിലുണ്ട്. ജനകീയസംവിധാനത്തെയും ഉദ്യോഗസ്ഥസംവിധാനത്തെയും കൂട്ടിയിണക്കുന്നതിൽ ഐആർടിസിയുടെ കോർഡിനേറ്റർമാരുടെ കഠിനാധ്വാനം പ്രത്യേകം എടുത്തു പറയാതെ വയ്യ!
ഐആർടിസി യെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരം തന്നെ, ഒപ്പം അതിന്റെ മാതാവായ പരിഷത്തിനും അഭിമാനിക്കാൻ ഏറെ വകയുണ്ട്. മാലിന്യസംസ്കരണത്തിന്റെ ഈ ഐആർടിസി മോഡൽ നമുക്ക് കേരളമാകെ വ്യാപിപ്പിക്കണം. പരിഷത്തിന്റെ 60-ാം വാർഷികത്തിൽ മറ്റൊരു പ്രവർത്തനലക്ഷ്യം കൂടിയാക്കാം.സംസ്ഥാനതലത്തിൽ ജയൻ ചമ്പക്കുളമാണ് ഈ പ്രവർത്തനത്തിന് നേതൃത്വം നല്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *