നിര്‍മ്മാണത്തിന്റെ ബദല്‍ രീതികളും സാമഗ്രികളും – സെമിനാര്‍

0

തൃശൂര്‍: ജില്ലാ സമ്മേളനത്തിന് അനുബന്ധമായി നിര്‍മ്മാണത്തിന്റെ ബദല്‍ രീതികളും സാമഗ്രികളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. നെല്ലായി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ ഡോ. എം പി പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ഡിക്‌സന്‍ അദ്ധ്യക്ഷനായി. താമസമില്ലാതെ തരിശുകിടക്കുന്ന 15 ലക്ഷത്തോളം വീടുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനമെടുക്കണമെന്നും വീടുകള്‍ പൊളിച്ചു കളയുന്നതും അനാവശ്യമായ വലുപ്പത്തില്‍ വീട് വയ്ക്കുന്നതും സാമൂഹ്യദ്രോഹമാണെന്നും എം പി പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ നിര്‍മ്മാണമേഖലയുടെ ഭാവിയെന്ത് എന്ന വിഷയത്തില്‍ പരിഷത്തിന്റെ മുന്‍സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.കെ. രവീന്ദ്രന്‍ ആദ്യത്തെ സെഷനില്‍ വിഷയാവതരണം നടത്തി. ബദല്‍ നിര്‍മ്മാണ രീതികളും സാമഗ്രികളും എന്ന വിഷയത്തില്‍ ആഗോള തലത്തില്‍ വിഖ്യാതനായ ആര്‍ക്കിടെക്ട് ഡോ. ബെന്നി കുര്യാക്കോസ് വിഷയാവതരണം നടത്തി.
ബദല്‍ നിര്‍മ്മാണമെന്നാല്‍ നിര്‍മ്മാണത്തിന്റെ സംസ്‌കാരത്തില്‍ ഊന്നിയുള്ളതാണെന്നും നിര്‍മ്മാണത്തിന്റെ ബദലിനുള്ള ശക്തമായ അതിജീവനം സാധ്യമാകുന്ന നിര്‍മ്മാണം എന്നതാണെന്നും ബെന്നി കുര്യാക്കോസ് അഭിപ്രായപ്പെട്ടു. നിലവിലുള്ള കോണ്‍ക്രീറ്റ് അടിസ്ഥാനത്തിലുള്ള നിര്‍മ്മാണവും ബഹുനില കെട്ടിടങ്ങളും തീര്‍ത്തും അശാസ്ത്രീയവും അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്നും അഭിപ്രായപ്പെട്ടു. കോസ്്റ്റ്‌ഫോഡ് അസി. ഡയറക്ടര്‍ പി ബി സാജന്‍ – നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതയും ആവശ്യവും – എന്ന വിഷയം അവതരിപ്പിച്ചു. മുള, തെങ്ങ്, കാറ്റാടി മരങ്ങള്‍, ഉപയോഗിച്ച് കാര്‍ബണ്‍ പുറത്തുവിടാതെ സൂക്ഷിക്കുന്ന ഒട്ടും ചൂടില്ലാത്ത ആധുനിക വീടുകള്‍ പ്രയോജനപ്പെടുത്താമെന്നും നമ്മുടെ ഗ്രാമീണ – കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താമെന്നും സാജന്‍ അഭിപ്രായപ്പെട്ടു.
കെ കെ അനീഷ്‌കുമാര്‍, പി കെ അജയകുമാര്‍, ജീസന്‍ ജോസ്, പി എസ് ആന്റണി വട്ടോളി, മണി ഉണ്ണികൃഷ്ണന്‍, കെ എസ് അര്‍ഷാദ്, സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ വി ജയശ്രീ, രാജന്‍ നെല്ലായി, കെ കെ അനീഷ് കുമാര്‍, പി ആര്‍ ജിനേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed