അപകട സാദ്ധ്യതാ മേഖലകളിൽ ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കണം
കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഖനനാനുമതി നൽകിയ കരിങ്കൽ ക്വാറികൾ മിക്കതും കുത്തനെ ചെരിവുള്ളതും ഖനനം അനുവദിക്കാൻ പാടില്ലാത്തതുമായ പ്രദേശത്തായതിനാൽ അപകട സാദ്ധ്യതാ മേഖലകളി ലാണെന്ന് ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.
പ്രദേശത്തിന്റെ ചെരിവ്, ജൈവ വൈവിദ്ധ്യം, നീരുറവകളുടെ സാന്നിദ്ധ്യം, ദുർബല ജനവിഭാഗങ്ങളുടെ ആവാസം ഇവയൊന്നും പരിഗണിക്കാതെ അത്യന്തം പരിസ്ഥിതി ദുർബ്ബലമായ പ്രദേശങ്ങളിൽ ക്വാറികൾ പ്രവർത്തിക്കാൻ പാരിസ്ഥിതിക അനുമതി നൽകിയതിലെ അപകടം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മഴക്കാലത്ത് പരപ്പ വില്ലേജിലെ ഒരു ക്വാറിയിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഈ വർഷം ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന സൂചനയുള്ളതിനാൽ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലഞ്ചെരിവുകളിൽ സ്ഫോടനം നടത്തിക്കൊണ്ടുള്ള കരിങ്കൽ ഖനനം ഉടൻ നിർത്തിവെക്കണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ടി കാർത്യായനി, എ എം ബാലകൃഷ്ണൻ, പരിസര വിഷയ സമിതി കൺവീനർ എം ഗോപാലൻ എന്നിവർ സംസാരിച്ചു. ജില്ലാ സിക്രട്ടറി പ്രേമരാജ് മാസ്റ്റർ സ്വാഗതവും എം രമേശൻ നന്ദിയും പറഞ്ഞു.