അയ്യങ്കുന്ന് പഞ്ചായത്തിലെ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം നിയന്ത്രിക്കണം
കണ്ണൂർ: കേരളത്തിലെ ഏറ്റവും കൂടുതൽ കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന അയ്യൻകുന്ന് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച അതീവ പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെട്ടതാണെന്നും ഇവിടത്തെ കരിങ്കൽ ക്വറികളുടെ അനിയന്ത്രിതമായ പ്രവർത്തനം നിയന്ത്രിച്ചില്ലെങ്കിൽ അതീവഗുരുതരമായ പാരിസ്ഥിതികാഘാതത്തിന് ഇടയാക്കുമെന്നും ഇരിട്ടി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുണ്ടയാം പറമ്പിൽ വെച്ചു നടന്ന ദ്വിദിന സമ്മേളനം ഫെബ്രുവരി 22ന് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വേണുഗോപാലൻ അധ്യക്ഷതവഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി വി ദിവാകരൻ ‘കാലം തെറ്റിയ കാലാവസ്ഥ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മേഖലാ ട്രഷറർ സുരേഷ് മാസ്റ്റർ ആശംസകളർപ്പിച്ചു. സംഘാടക സമിതി കൺവീനർ പി ആർ വിനോദ് സ്വാഗതവും, യൂണിറ്റ് സെക്രട്ടറി പി പി അനിൽകുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.
23ന് രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനം ജില്ലാ കമ്മറ്റി അംഗം ടി വി നാരായണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എ കെ ബിന്ദു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ സുരേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘടനാരേഖ ടി വി നാരായണൻ അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വേണുഗോപാൽ ആശംസകൾ അർപ്പിച്ചു.
ശിവപ്രസാദ് പെരിയച്ചൂർ, കെ മോഹനൻ, ദിലീപ് കുയിലൂർ, രതീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുധാകരൻ, എം ഷൺമുഖം, കെ ഹരീന്ദ്രൻ മാസ്റ്റർ, രഞ്ജിത്ത് എൻ എം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഭാവി പ്രവർത്തന രേഖ എം വിജയകുമാർ അവതരിപ്പിച്ചു. മട്ടന്നൂരിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളന പരിപാടികൾ വിജയിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ ബാലകൃഷ്ണൻ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. പുതിയ ഭാരവാഹികളായി എ കെ ബിന്ദു (പ്രസിഡൻറ്) എം ദിവാകരൻ (സെക്രട്ടറി) പി ആർ അശോകൻ, കെ എൻ രവീന്ദ്രനാഥ് (വൈസ് പ്രസിഡണ്ട് മാർ) കെ ഹരീന്ദ്രൻ, കെ മോഹനൻ (ജോയിൻ സെക്രട്ടറിമാർ), പി ദിവാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി പി പി അനിൽകുമാർ നന്ദി പറഞ്ഞു സ്വാഗത സംഘം പ്രവർത്തകരെ പരിചയപ്പെടുത്തി. സമ്മേളനം ബിജു ആൻറണി, പ്രമോദ് ചാവശ്ശേരി എന്നിവർ ആലപിച്ച ശാസ്ത്ര ഗാനത്തോടുകൂടി അവസാനിച്ചു.