ആനക്കയം ജലവൈദ്യുത പദ്ധതി പുനഃപ്പരിശോധിക്കുക

0

‍പ്രൊജക്റ്റ് റിപ്പോർട്ടും പാരിസ്ഥിതികാഘാത പഠനവും പരിഷ്ക്കരിച്ച ശേഷമേ നടപ്പാക്കാന്‍ ശ്രമിക്കാവൂ

വനാശ്രിത ആദിവാസി സമൂഹമായ കാടർ വിഭാഗത്തിന് 2006 ൽ നിലവിൽവന്ന വനാവകാശ നിയമപ്രകാരം ലഭ്യമാകേണ്ട ഉപജീവനാവകാശങ്ങൾ അംഗീകരിച്ചു കൊണ്ടു മാത്രമെ ആനക്കയം ചെറുകിട ജല വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കാവൂ എന്നും അതുവരെ പദ്ധതി പ്രവര്‍ത്തനം നിർത്തിവയ്ക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
അടുത്ത കാലത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും വളരെയധികം ഉണ്ടായിട്ടുള്ള പ്രദേശമാണ് പദ്ധതിയുടെ ഭാഗമായി തുരങ്കം നിർമ്മിക്കാൻ നിർദ്ദേശിച്ചിട്ടുള്ള മേഖല. എന്നാൽ ഈ പദ്ധതിക്കായി 1986 ൽ തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ടിലും ഇതുവരെ നടത്തിയിട്ടുള്ള സാമൂഹ്യ- പാരിസ്ഥിതികാഘാത പഠനങ്ങളിലും നിലവിലെ സാമൂഹ്യ-പാരിസ്ഥിതികാവസ്ഥയും നൂതന ശാസ്ത്രസാങ്കേതിക അറിവുകളും കണക്കിലെടുത്തിയിട്ടില്ല.
നിലവിൽ തയ്യാറാക്കിയിട്ടുള്ള ദുരന്ത സാധ്യതാ മാപ്പുകൾ പരിഗണിച്ച് പ്രദേശത്തിന്റെ അപകട സാധ്യത സൂക്ഷ്മ തലത്തിൽ വിലയിരുത്തി വനം നഷ്ടപ്പെടുത്താതെ തന്നെ പദ്ധതി നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കണം. സോളാർ അടക്കമുള്ള പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്നതിന്റെ വേഗത വർധിച്ചു വരുന്നത് പരിഗണിച്ച് പമ്പ്ഡ് സ്റ്റോറേജ് പോലുള്ളതും മറ്റു സാങ്കേതിക ബദലുകൾക്കുമുള്ള സാധ്യതയും പരിശോധിക്കണം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള പുതിയ പാരിസ്ഥിതിക വെല്ലുവിളികൾ കണക്കിലെടുത്തുള്ള ഭൗമശാസ്ത്രപഠനവും ആവശ്യമാണ്. ഇതുവരെ നടന്നിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ചേർന്നുണ്ടായ സഞ്ചിത പാരിസ്ഥിതികാഘാതം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
പറമ്പിക്കുളം ടൈഗർ റിസർവിന്റെ ബഫർ സോണില്‍ വരുന്ന ഷോളയാർ വനമേഖല പശ്ചിമഘട്ടത്തിൽതന്നെ ഇന്ന് അവശേഷിക്കുന്ന നിത്യഹരിത വനത്തിന്റെ ഒരു പ്രധാന ഭാഗവും വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലിന്റെ അവശേഷിക്കുന്ന ആവാസവ്യവസ്ഥകളിൽ ഒന്നുമാണ്. പദ്ധതിയുടെ ഭാഗമായി എട്ടു ഹെക്ടർ മരം മുറിച്ചു വനം ഇല്ലാതാക്കുന്നത് മൃഗങ്ങളുടെ ആവാസവ്യവസ്ഥാ തുടർച്ചയെ സംബന്ധിച്ചു വളരെ വിനാശകരമാണ്. സമ്പന്നമായ മൽസ്യ വൈവിധ്യം കാണപ്പെടുന്നതും അതിവിശിഷ്ടമായ പുഴയോരക്കാടുകൾ ഉള്ളതുമായ ചാലക്കുടിപ്പുഴയുടെ ജൈവവൈവിധ്യ സമ്പുഷ്ടിയും കണക്കിലെടുക്കണം.
1986 ൽ തയ്യാറാക്കിയ കാലഹരണപ്പെട്ട പ്രൊജക്റ്റ് റിപ്പോർട്ട് നിലവിലെ സാമുഹ്യ-പാരിസ്ഥിതിക- ദുരന്ത സാധ്യതാ പശ്ചാത്തലത്തിൽ പരിഷ്ക്കരിച്ചും വനാവകാശ നിയമം അംഗീകരിച്ചും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ബദലുകൾക്കുള്ള സാധ്യത പരിഗണിച്ചും അതിനനുസൃതമായ പാരിസ്ഥിതികാഘാത പഠനവും നടത്താതെ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *