ഇന്ത്യയിൽ രൂപപ്പെടുന്നത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം – ആർ രാധാകൃഷ്ണൻ

0
തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ജാഥ ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് രൂപപ്പെട്ടുവരുന്നതെന്ന് പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ആർ രാധാകൃഷ്ണൻ പറഞ്ഞു. ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ ജില്ലാ സംഘടനയുടെ നേതൃത്വത്തിൽ ആയൂർവേദ കോളേജ് ജംഗ്ഷനിൽനിന്ന് ഏജീസ് ഓഫീസു വരെ നടത്തിയ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനാണ് ഭരണകർത്താക്കള്‍ ശ്രമിക്കുന്നത്. ഭരണഘടനയുടെ പതിനാലാം വകുപ്പനുസരിച്ച് രാജ്യത്തിനകത്തുള്ള ഓരോ വ്യക്തിക്കും ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശം അനുവദിച്ചു നൽകുന്നു. ജാതി, മതം, ഭാഷ, വേഷം, വർണ്ണം, വർഗ്ഗം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരിൽ യായൊരു വിവേചനവും ഭരണഘടന അനുവദിക്കുന്നില്ല. മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന ദേശീയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഇങ്ങനെ ഒരു നിയമം സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തേതാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ മൂന്ന് രാജ്യങ്ങളിലെ മുസ്ലീങ്ങൾ ഒഴികെയുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നത് മുസ്ലീങ്ങളോട് കാണിക്കുന്ന വിവേചനമാണ്. അമിത് ഷാ പാർലമെന്റിൽ പറഞ്ഞത് ആസാമിലെ പോലെ പൗരത്വരജിസ്റ്റർ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമെന്നാണ്. മുസ്ലീങ്ങൾ മാത്രമല്ല മറ്റു മതക്കാരും രേഖകളുമായി പൗരത്വം തെളിയിക്കാൻ ക്യൂ നിൽക്കേണ്ടി വരും. ഇതിനെതിരെ വ്യാപകമായി ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാ സംസ്കാരം ഉപസമിതി ചെയർമാൻ പി എസ് രാജശേഖരൻ ജാഥയെ അഭിസംബോധന ചെയ്തു. ജില്ലാ പ്രസിഡന്റ് ബി പ്രഭാകരൻ അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തിൽ ജില്ലാ സെക്രട്ടറി എസ് ജയകുമാര്‍ സ്വാഗതവും കലാ സംസ്കാരം കൺവീനർ എ ആർ മുഹമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *