എയ്ഡ്സ് രോഗത്തിന് പ്രതിവിധി
എലികളിലെ പരീക്ഷണം വിജയം
തൃശ്ശൂർ: എയ്ഡ്സ് രോഗത്തിന് ഫലപ്രദമായ പ്രതിവിധി ഉടനെ യാഥാർഥ്യമായേക്കുമെന്ന് തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ മുൻ ശാസ്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ഡോ.സതീഷ് മുണ്ടയൂർ പറഞ്ഞു. എയ്ഡ്സ് വൈറസിന്റെ ജീനിനെ മാറ്റാനുതകുന്ന ജൈവസാങ്കേതികവിദ്യ എലികളിൽ പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ്. പരിഷത്തും തൃശ്ശൂർ ശ്രീകേരളവർമ്മ കോളേജ് ജന്തുശാസ്ത്ര വിഭാഗവും മെഡിക്കൽ ലാബ് ഓണേഴ്‍സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച എം.സി. നമ്പൂതിരിപ്പാട് ജന്മശതാബ്ദി സ്മാരക പ്രഭാഷണപരമ്പരയിൽ “ജൈവസാങ്കേതികവിദ്യയും മാനവിക വികസനവും ” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ജൈവസാങ്കേതികവിദ്യയുടെ പ്രയോജനം മാനവിക വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. പ്രമേഹരോഗികൾക്കുള്ള ഇൻസുലിൻ മുതൽ ജി.എം. വിളകൾ വരെ മനുഷ്യർക്ക് സഹായകരമായ ശാസ്ത്രനേട്ടങ്ങളാണ്. തളർവാതം പിടിപെട്ട് ചലനശേഷി നഷ്ടപ്പെട്ടവർക്ക് പുതിയ സാങ്കേതികവിദ്യ സഹായത്തിനെത്തുന്നു. മസ്തിഷ്കത്തിൽ ഇലക്ട്രോഡുകൾ ഘടിപ്പിക്കുകയും അവ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് മസ്തിഷ്കത്തിലെ ഉദ്ദീപനങ്ങളും ചിന്തകളും പ്രകടിപ്പിക്കാൻ കൃത്രിമബുദ്ധി ഉപയോഗിക്കുന്നതാണ് പുതിയ സങ്കേതം. വിളകൾ കേടുവരാതിരിക്കാനും മൂത്തുപഴുക്കുന്നത് സാവധാനമാക്കാനും മൃഗമാംസ്യത്തിന് തത്തുല്യമായ സസ്യമാംസ്യം ഉൽപാദിപ്പിക്കാനും ജൈവസാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും. വംശനാശം സംഭവിക്കുന്ന അപൂർവ ഔഷധസസ്യങ്ങളെ നിലനിർത്താൻ ടിഷ്യു കൾച്ചർ സാങ്കേതിക വിദ്യയും സഹായകരമാണ്. കോളേജ് പ്രിൻസിപ്പാൾ ഡോ. എ.പി.ജയദേവൻ അധ്യക്ഷനായി. കേന്ദ്ര നിർവാഹകസമിതി അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. കെ. കെ. ഷീനജ, സി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.