ഒഞ്ചിയം ജനോത്സവം ജനങ്ങളുടെ ഉത്സവം
ഒഞ്ചിയം : അനന്യമായ മാതൃക, ഒരാഴ്ചക്കാലത്തെ വരയുത്സവം, 250 മീറ്ററിലധികം ചുവരുകളിൽ പ്രതിഷേധ ചിത്രങ്ങൾ..
ഒരാഴ്ചക്കാലം വൈക്കിലിശ്ശേരിയിൽ വരയുത്സവമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒരുപാടു പേർ ഇരുട്ടു പരക്കുമ്പോൾ വെളിച്ചവും വർണ്ണച്ചായങ്ങും ബ്രഷുകളുമായി ഒത്തുകൂടുന്നു. രാത്രി ഒരു മണി വരേയൊക്കെ ഉറക്കമൊഴിച്ചാണ് ഇരുന്നൂറ്റി അമ്പതിലധികം മീറ്റർ ചുമരുകളിൽ ചിത്രം വരച്ചു തീർത്തത്! നാടൻ പാട്ടുകളും പരിഷത്ത് പാട്ടുകളും വടക്കൻ പാട്ടുകളുമായികുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുത്ത് നടത്തിയ പാട്ടുത്സവത്തിന് നാടൊന്നിച്ച് ചുവടു വച്ചു. നൃത്തങ്ങൾ, സംഗീതശില്പങ്ങൾ, വിവിധങ്ങളായ ആവിഷ്കാരങ്ങൾ.
സംഘാടകരും പങ്കാളികളും ആവേശക്കൊടുമുടിയിലായിരുന്നു. പരിഷത്തിന് യൂണിറ്റോ പറയത്തക്ക സ്വാധീനമോ ഇല്ലാതിരുന്ന പ്രദേശമായിട്ടും സംശയിച്ചു നിന്നവരൊക്കെയും പങ്കാളികളായും സംഘാടകരായും മാറി ജനോത്സവത്തെ അക്ഷരാർത്ഥത്തിൽ ജനങ്ങളുടെ ഉത്സവമാക്കി അവർ മാറ്റി.